പത്തനംതിട്ട: ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലും വോട്ടെണ്ണൽ ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. 8.30 ഓടെയാണ് വോട്ടിംഗ് യന്ത്രങ്ങൾ പുറത്തെടുക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യറൗണ്ട് പൂർത്തിയാകുന്ന മുറയ്ക്ക് 9.30 ഓടെ ആദ്യഫല സൂചനകൾ ലഭിച്ചു തുടങ്ങും. ഉച്ചയോടെ ലീഡ് നില വ്യക്തമാകുമെങ്കിലും കോവിഡ് സാഹചര്യത്തിൽ ഇത്തവണ ബൂത്തുകളുടെ എണ്ണം കൂടിയതും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം കൂടിയതും ഔദ്യോഗിക ഫല പ്രഖ്യാപനം വൈകിയേക്കും.
തിരുവല്ല നിയോജക മണ്ഡലത്തിൽ കുറ്റപ്പുഴ മർത്തോമ റസിഡൻഷ്യൽ സ്കൂൾ, റാന്നിയിൽ റാന്നി സെന്റ് തോമസ് കോളജ്, ആറന്മുള നിയോജക മണ്ഡലത്തിൽ കുന്പഴ മൗണ്ട് ബഥനി പബ്ലിക് സ്കൂൾ, കോന്നിയിൽ മലയാലപ്പുഴ മുസലിയാർ എൻജിനീയറിംഗ് കോളജ്, അടൂർ മണ്ഡലത്തിൽ മണക്കാല തപോവൻ പബ്ലിക് സ്കൂൾ എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.
ഏജന്റുമാരും ഉദ്യോഗസ്ഥരും രാവിലെ അഞ്ചിന് മുന്പെത്തും
പുലർച്ചെ മുതൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജീവമാകും. വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട തരംതിരിക്കൽ പുലർച്ചെ അഞ്ചിനു നടക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും സ്ഥാനാർഥികളുടെ ഏജന്റുമാരും ഇതിന് മുന്നേ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തും.
കൗണ്ടിംഗ് ഹാളിന്റെ മെയിൻ ഗേറ്റിൽ നിന്നും ഇരു വശത്തേക്കും 100 മീറ്റർ അകലത്തിൽ വരുന്ന സ്ഥലം പെടസ്ട്രിയൻ സോണ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹനങ്ങൾ ഒന്നും കടത്തി വിടില്ല. കൗണ്ടിംഗ് സൂപ്പർവൈസർ, അസിസ്റ്റന്റ്, മൈക്രോ ഒബ്സർ എന്നിവരാണ് വോട്ടെണ്ണുന്ന ടേബിളിൽ ഉണ്ടാകുക.
കൂടാതെ ഒരോ സ്ഥാനാർഥിക്കും ഒരു ഏജന്റിനെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും നിയോഗിക്കാം.
പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് പ്രത്യേക ക്രമീകരണവും കേന്ദ്രങ്ങളിൽ ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കോ അല്ലെങ്കിൽ ആർടിപിസിആർ, ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആയവർക്കോ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കൂ. പൊതു ജനങ്ങൾക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനമില്ല.
വിവി പാറ്റ് നറുക്കെടുപ്പിലൂടെ
ഇവിഎം കൗണ്ടിംഗ് കഴിഞ്ഞശേഷമേ വിവിപാറ്റ് രസീതുകൾ എണ്ണുകയുള്ളൂ. ഏതൊക്കെ ബൂത്തുകളിലെ വിവി പാറ്റുകളാണ് എണ്ണേണ്ടതെന്ന കാര്യം നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തിലെ നറുക്കിട്ട അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് ആണ് എണ്ണുക. മെഷീനുകളിലെയും വിവി പാറ്റിലെയും കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ വീണ്ടും എണ്ണും.
മണ്ഡലങ്ങളിൽ ഇങ്ങനെ....
തിരുവല്ലയിൽ 16 റൗണ്ടുകൾ
തിരുവല്ല നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കുറ്റപ്പുഴ മർത്തോമ്മ റസിഡൻഷ്യൽ സ്കൂളിലാണ്. ഇവിഎം മെഷീനിനായി 20 ടേബിളുകളിലായി 16 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് ഏഴ് ടേബിളുകളുമാണുള്ളത്.
എട്ട് സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. കുഞ്ഞുകോശി പോൾ (യുഡിഎഫ്), മാത്യു ടി. തോമസ് (എൽഡിഎഫ്), അശോകൻ കുളനട (എൻഡിഎ)എന്നിവർ തമ്മിലായിരുന്നു പ്രധാന മത്സരം. 2016ൽ 8262 വോട്ടുകൾക്ക് എൽഡിഎഫിലെ മാത്യു ടി.തോമസ് വിജയിച്ച മണ്ഡലം.
റാന്നിയിൽ 19 റൗണ്ടുകൾ
റാന്നി നിയോജക മണ്ഡലത്തിൽ റാന്നി സെന്റ് തോമസ് കോളേജിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 15 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് അഞ്ച് ടേബിളുകളുമാണുള്ളത്. ഒന്പത് സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. റിങ്കു ചെറിയാൻ (യുഡിഎഫ്), പ്രമോദ് നാരായണ് (എൽഡിഎഫ്), കെ. പത്മകുമാർ (എൻഡിഎ) എന്നിവരായിരുന്നു പ്രധാന സ്ഥാനാർഥികൾ. 2016ൽ 14,596 വോട്ടുകൾക്ക് എൽഡിഎഫിലെ രാജു ഏബ്രഹാം വിജയിച്ച മണ്ഡലം.
ആറന്മുളയിൽ 18 മേശ 19 റൗണ്ട്
ആറന്മുള നിയോജക മണ്ഡലത്തിൽ കുന്പഴ മൗണ്ട് ബഥനി പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണുന്നത്. സംസ്ഥാനത്തു തന്നെ എറ്റവുമധികം വോട്ടർമാരുണ്ടായിരുന്ന മണ്ഡലമാണ് ആറന്മുള.
ഇവിഎം മെഷീനിനായി 18 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് ഏഴ് ടേബിളുകളുമാണുള്ളത്. ഒന്പത് സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
കെ. ശിവദാസൻ നായർ (യുഡിഎഫ്), വീണാ ജോർജ് (എൽഡിഎഫ്), ബിജു മാത്യു (എൻഡിഎ) എന്നിവർ തമ്മിലായിരുന്നു പ്രധാന മത്സരം. 2016ൽ 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വീണാ ജോർജ് (എൽഡിഎഫ്) വിജയിച്ചത്.
കോന്നിയിലും 15 മേശ, 19 റൗണ്ട്
കോന്നി നിയോജക മണ്ഡലത്തിൽ മലയാലപ്പുഴ മുസലിയാർ എൻജിനീയറിംഗ് കോളേജിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 15 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് ആറ് ടേബിളുകളുമാണുള്ളത്.
ആറ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. റോബിൻ പീറ്റർ (യുഡിഎഫ്), കെ.യു. ജനീഷ് കുമാർ (എൽഡിഎഫ്), കെ. സുരേന്ദ്രൻ (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. 2016ൽ അടൂർ പ്രകാശ് (യുഡിഎഫ്) 20748 വോട്ടിനു ജയിച്ച മണ്ഡലത്തിൽ 2018ലെ ഉപതെരഞ്ഞെടുപ്പിൽ കെ,യു. ജനീഷ് കുമാർ (എൽഡിഎഫ്) 9953 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അടൂരിൽ 21 റൗണ്ടുകൾ
അടൂർ നിയോജക മണ്ഡലത്തിൽ മണക്കാല തപോവൻ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 15 ടേബിളുകളിലായി 21 റൗണ്ടുകളും പോസ്റ്റൽ ബാലറ്റിന് അഞ്ച് ടേബിളുകളുമാണുള്ളത്. ഏഴ് സ്ഥാനാർഥികളായിരുന്ന മത്സരിക്കാനുണ്ടായിരുന്നത്. എം.ജി. കണ്ണൻ (യുഡിഎഫ്), ചിറ്റയം ഗോപകുമാർ (എൽഡിഎഫ്), പന്തളം പ്രതാപൻ (എൻഡിഎ) എന്നിവരായിരുന്നു പ്രധാന സ്ഥാനാർഥികൾ. 2016ൽ ചിറ്റയം ഗോപകുമാർ (എൽഡിഎഫ്) 25,460 വോട്ടുകൾക്ക് വിജയിച്ച മണ്ഡലം.
വോട്ടെണ്ണൽ നടപടികൾക്ക് 1700 ഉദ്യോഗസ്ഥർ
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഇന്ന് കർമനിരതരാവുക 1700 ഉദ്യോഗസ്ഥർ. സുരക്ഷാ സേനയും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരും സ്വതന്ത്രസ്ഥാനാർഥികളോ അവരുടെ പ്രതിനിധികളോ വേറെയും.
റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, കൗണ്ടിംഗ് സ്റ്റാഫ്, സ്ഥാനാർഥികൾ, സ്ഥാനാർഥികളുടെ ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ, ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, ഇലക്ഷൻ കമ്മീഷൻ നിയോഗിച്ചവർ എന്നിവർക്കല്ലാതെ മറ്റാർക്കും കൗണ്ടിംഗ് ഹാളിൽ പ്രവേശനമില്ല.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരും വാക്സിൻ രണ്ടു ഡോസ് സ്വീകരിച്ചുവരും ആയിരിക്കണം.
മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക മുറി
വോട്ടെണ്ണൽ ഹാളിൽ മൊബൈൽ ഫോണ് ഉപയോഗിക്കാൻ ഒബ്സർവർമാർക്കും വരണാധികാരികൾക്കും മാത്രമേ അനുമതിയുള്ളൂ. ജീവനക്കാരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്നതിനു പ്രത്യേക മുറികൾ ക്രമീകരിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും സ്ഥാനാർഥിക്കും അവരുടെ ഏജന്റുമാർക്കും മൊബൈൽ ഫോണ് കൊണ്ടുപോകാൻ അനുവാദമില്ല.
വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ വോട്ടെണ്ണൽ പൂർണമായി ഔദ്യോഗിക കാമറയിൽ പകർത്തും. വോട്ടെണ്ണൽ നടപടിക്രമങ്ങൾക്കുശേഷം യന്ത്രങ്ങളും തപാൽ ബാലറ്റുകളും തെരഞ്ഞെടുപ്പു വിഭാഗത്തിന്റെ ഗോഡൗണിലെ സുരക്ഷാ വലയത്തിലാക്കും.