സി.വി. പദ്മരാജൻ അനുസ്മരണം
1577314
Sunday, July 20, 2025 6:14 AM IST
കൊല്ലം: അന്തരിച്ച മുൻ മന്ത്രി അഡ്വ. സി.വി. പദ്മരാജന്റെ സ്മരണ നിലനിർത്താൻ സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്നു രൂപീകരിച്ച സി.വി. പദ്മരാജൻ ഫൗണ്ടേഷന്റെ ഉദ്ഘാടനം 22ന് ഉച്ചകഴിഞ്ഞു മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആനന്ദവല്ലീശ്വരം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ പി. രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണവും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുസ്മരണ പ്രഭാഷണവും നടത്തും. മേയർ ഹണി ബെഞ്ചമിൻ, കൊടിക്കുന്നിൽ സുരേഷ് എംപി, എൻ.കെ.പ്രേമചന്ദ്രൻ എംപി, പി.സി. വിഷ്ണു നാഥ് എംഎൽഎ, സി.ആർ. മഹേഷ് എംഎൽഎ, പി.എസ്. സുപാൽ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ആസൂത്രണ ബോർഡ് മുൻ അംഗം ജി. വിജയരാഘവൻ, കൊല്ലം അർബൻ ബാങ്ക് ചെയർമാൻ അഡ്വ. കെ. ബേബിസൺ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് തുടങ്ങിയവർ പ്രസംഗിക്കും.
സ്വാതന്ത്ര്യ സമരകാലം മുതൽ പൊതുരംഗത്തെത്തിയ സി.വി. പദ്മരാജൻ അധ്യാപകൻ, അഭിഭാഷകൻ തുടങ്ങിയ നിലകളിലൂടെ വളർന്ന്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റ് പദവി മുതൽ കെപിസിസി അധ്യക്ഷപദവി വരെ അലങ്കരിച്ച നേതാവാണ്. കൊല്ലം സഹകരണ ബാങ്കിന്റെ സാരഥി എന്ന നിലയിൽ 54 വർഷം പ്രവർത്തിച്ച പദ്മരാജൻ, ഈ ബാങ്കിനെ സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ സ്ഥാപനങ്ങളിൽ ഒന്നാക്കി വളർത്തി.
അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിന് വിപുലമായ പദ്ധതികളാണ് പദ്മരാജൻ ഫൗണ്ടേഷൻ ആസൂത്രണം ചെയ്യുന്നതെന്നു ചെയർമാൻ പി. രാജേന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറി അഡ്വ. കെ. ബേബിസൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അനുശോചിച്ചു
പരവൂർ: മുൻമന്ത്രി സി.വി. പദ്മരാജന്റെ ദേഹവിയോഗത്തിൽ മഹാകവി കെ.സി. കേശവപിള്ള സ്മാരകസമിതി അനുശോചനം രേഖപ്പെടുത്തി. സമിതി പ്രസിഡന്റ് ആശാന്റഴികം പ്രസന്നന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രാജു .ഡി. പൂതക്കുളം, മോഹനൻപിള്ള കലയ്ക്കോട്, ശശിധരൻപിള്ള കലയ്ക്കോട്, സന്തോഷ് പാറയിൽക്കാവ്, വി.കെ. ലാൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.