സ്കൂളുകളുടെ സമഗ്ര ഫിറ്റ്നസ് ഓഡിറ്റ് നടത്തണം: കെ.സി. വേണുഗോപാല്‍ എംപി
1577306
Sunday, July 20, 2025 6:14 AM IST
കൊല്ലം: സംസ്ഥാനത്ത് സ്കൂളുകളുടെ സമഗ്ര ഫിറ്റ്നസ് ഓഡിറ്റ് നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട മിഥുന് അന്ത്യോപചാരം അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ ഒരു വിദ്യാര്‍ഥിയെ സ്കൂളില്‍ വച്ച് പാമ്പ് കടിച്ച് മരിച്ചപ്പോഴാണ് സ്കൂളുകളുടെ അവസ്ഥയെ കുറിച്ച് ഓഡിറ്റ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുല്‍ ഗാന്ധിക്ക് മുഖ്യമന്ത്രിക്ക് കത്തെഴുതേണ്ടി വന്നത്.
എന്തെങ്കിലും അപകടം ഉണ്ടാകുമ്പോള്‍ അതുണ്ടായ സ്കൂളില്‍ മാത്രം നടപടി സ്വീകരിച്ചു മുന്നോട്ട് പോയിട്ട് കാര്യമില്ല. എല്ലാ സ്കൂളുകളിലും കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മനുഷ്യ മനസാക്ഷിയെ നടുക്കിയവയാണ് കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ആവര്ത്തിക്കപ്പെടില്ലെന്ന് ഉറപ്പ് നല്‍കേണ്ട മന്ത്രിമാര്‍ അതിനുപകരം വെല്ലുവിളികളുമായി ഇറങ്ങുന്നത് അവര്‍ പൂര്‍ണമായും പ്രതിക്കൂട്ടിലാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. ജനങ്ങള്‍ക്ക് സങ്കടമുണ്ടാകുന്നതും പ്രതിഷേധിക്കുന്നതും സ്വാഭാവികമാണ്. അതിനെ മനസിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
എത്ര കുട്ടികളുടെ ജീവന് കൂടി ഇങ്ങനെ ബലി നല്‍കേണ്ടി വരുമെന്ന് കെ.സി. വേണുഗോപാല്‍ ചോദിച്ചു. തേവലക്കര സ്കൂളിലെ അപകടരമായ വൈദ്യുത ലൈന്‍ മാറ്റി കേബിളാക്കാന്‍ എന്തായിരുന്നു കെഎസ്ഇബിക്ക് തടസം. നാട്ടില്‍ എത്രയിടത്ത് കേബിളുകള്‍ സ്ഥാപിക്കുന്നവരാണ് കെഎസ്ഇബി.
എന്നിട്ട് ഈ സ്കൂളിലെ കാര്യമൊന്ന് പരിഗണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലേയെന്നും ഇത്തരം വിഷയങ്ങളില്‍ മറുപടി നല്കാന് സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.