മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: പ്രതി റിമാൻഡിൽ
1459057
Saturday, October 5, 2024 6:03 AM IST
കൊല്ലം: മുക്കുപണ്ടങ്ങളിൽ 916 മുദ്ര വ്യാജമായി പതിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയ യുവാവ് റിമാൻഡിൽ. കൊല്ലം അയത്തിൽ വടക്കേവിള ചരുവിള വീട്ടിൽ സുധീഷാണ് (30) റിമാൻഡിലായത്.
സ്വർണാഭരണം പണയം വച്ചവർക്ക് വ്യാജ മുക്കുപണ്ടങ്ങൾ നൽകുകയായിരുന്നു തട്ടിപ്പിനു തുടക്കം. പണയം വച്ച സ്ഥപനത്തിൽ നിന്ന് യഥാർഥ സ്വർണം എടുത്തശേഷം മുക്കുപണ്ടം പണയം വയ്ക്കുകയാണ് ചെയ്തത്. സംഘത്തിലെ പ്രധാനികളിൽ ഒരാൾ പിടിയിലായി.
ഇയാൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ട്. ഇരവിപുരം പോലീസ് സ്റ്റേഷനിൽ തന്നെ നാല് കേസുകൾ നിലവിലുണ്ട്. സംഘത്തിലെ രണ്ട് സ്ത്രീകളെ ദിവസങ്ങൾക്കുമുമ്പ് ഇരവിപുരം പോലീസ് പിടികൂടിയിരുന്നു.
സംഘത്തിൽ ഇനിയും ആളുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസിപി ഷെരീഫിന്റെ നിർദേശാനുസരണം ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ ശൂരനാട് ഒളി സങ്കേതത്തിൽ നിന്ന് പിടികൂടിയത്.
ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാജ 916 മുദ്രയുള്ള ആഭരണങ്ങൾ നിർമിച്ച് നൽകുന്ന ആളിനേയും പിടി കൂടാനുള്ള ശ്രമത്തിലാണ് പോലീസ്. സബ് ഇൻസ്പെക്ടർ ജയേഷ്, സിപിഒമാരായ അനീഷ്, സുമേഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.