സംസ്ഥാനത്തെ ഭരണഘടനാ സാക്ഷരമാക്കും: എം.ബി. രാജേഷ്
1458864
Friday, October 4, 2024 5:40 AM IST
കൊല്ലം: രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷര ജില്ലയായ കൊല്ലത്തിന്റെ മാതൃക സംസ്ഥാനത്ത് മുഴുവൻ നടപ്പാക്കുമെന്ന് മന്ത്രി എം. ബി. രാജേഷ്. കൊല്ലത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കുന്നത് അഭിമാനകരമാണ്. കൊട്ടാരക്കര കിലയിൽ ആരംഭിച്ച ദാക്ഷായണി വേലായുധൻ സ്മാരക വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതി ഉന്നത വിദ്യാഭ്യാസം നേടിയ വനിതകളുടെ ചരിത്രമാണ് നമ്മുടെ നാടിന് അവകാശപ്പെടാൻ ഉള്ളത്. പിന്നാക്ക സമുദായത്തിൽ നിന്ന് ആദ്യമായി ബിരുദം നേടി ഭരണഘടന നിർമാണ സമിതിയുടെ അംഗമായ ദാക്ഷായണി വേലായുധൻ എല്ലാവർക്കും മാതൃകയാണ്.
കൊല്ലത്ത് കില ആരംഭിച്ച വനിതാ ഹോസ്റ്റലിനു ദക്ഷായണി വേലായുധന്റെ പേര് നൽകിയത് ഏറ്റവും ഉചിതമാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം എന്നിവ എല്ലാ പൗരന്മാർക്കും ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. കിച്ചൻ കം ഡൈനിംഗ് ഹാളിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, തദ്ദേശസ്വയംഭരണ സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, കില ഡയറക്ടർ ജനറൽ നിസാമുദീൻ, മുൻസിപ്പൽ ചെയർമാൻ എസ്.ആർ. രമേശ്, സിഎച്ച്ആർഡി കില ഡയറക്ടർ സുദേശൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.