വി.കെ. പ്രകാശിനെ ജാമ്യത്തിൽ വിട്ടു
1454673
Friday, September 20, 2024 6:09 AM IST
കൊല്ലം: യുവ കഥാകാരിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി.കെ. പ്രകാശിനെ പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.
ഹൈക്കോടതി കഴിഞ്ഞയാഴ്ച അനുവദിച്ച മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. ഹൈക്കോടതി നിർദേശം അനുസരിച്ച് രണ്ടുപേരുടെ ജാമ്യത്തിലാണ് വിട്ടയച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതി നിർദേശപ്രകാരം വി.കെ. പ്രകാശ് പള്ളിത്തോട്ടം പോലീസിന് മുമ്പാകെ ഹാജരായത്. കഴിഞ്ഞ ദിവസം ഇവർ താമസിച്ച ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി.
കേസിൽ പരാതിക്കാരിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. അതേസമയം, യുവതിയെ അറിയാമെന്നും അവരോട് ലൈംഗിക അതിക്രമം നടത്തിയില്ലെന്നും ടാക്സി കൂലിയിനത്തിലാണ് തന്റെ ഡ്രൈവർ മുഖേന 10,000 രൂപ യുവതിക്കു കൈമാറിയതെന്നും വി.കെ. പ്രകാശ് പോലീസിന് മൊഴി നൽകിയിരുന്നു.
യുവതിയുടെ മൊഴിയും പ്രകാശിന്റെ മൊഴിയും മറ്റു തെളിവുകളും ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ട് ഈ ആഴ്ച പ്രത്യേക അന്വേഷണ സംഘത്തിനു പള്ളിത്തോട്ടം പോലീസ് കൈമാറും.