എസ്ഐക്കെതിരേ കേസെടുക്കാൻ കോടതി ഉത്തരവിട്ടു : കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ യുവാവിന് ക്രൂര മർദനം
1451392
Saturday, September 7, 2024 6:17 AM IST
കൊട്ടാരക്കര: യുവാവിനെ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ പോലീസുകാർ സംഘം ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. അവശനിലയിലായ യുവാവ് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പള്ളിക്കൽ സ്വദേശിയും ഇഞ്ചക്കാട് ബാർ ഹോട്ടലിലെ ജീവനക്കാരനുമായ ഹരീഷ് (38) നാണ് മർദനമേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാൻ ഭാര്യയോടൊപ്പം കാറിൽ പോകവേ എതിർ ദിശയിൽ വന്ന കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കാറോടിച്ചിരുന്നയാളുമായി തർക്കമുണ്ടായി. ഇയാൾ കൊട്ടാരക്കര സ്റ്റേഷനിലെ പോലീസുകാരനായിരുന്നു.
കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചശേഷം പണം സംഘടിപ്പിക്കാനായി രാത്രി ഒന്പതോടെ ഹരീഷ് ബാർ ഹോട്ടലിൽ എത്തി. ഈ സമയം സ്വകാര്യ വാഹനത്തിലെത്തിയ നാലംഗ പോലീസ് സംഘം ഹരീഷിനെ പിടികൂടി കാറിലിട്ട് മർദനം തുടങ്ങി.
പല സ്ഥലങ്ങളിലൂടെ കാറോടിച്ച് മർദനം തുടരുകയും പുലർച്ചെ രണ്ടോടെ സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. സ്റ്റേഷനിൽ മേശയിൽ കമിഴ്ത്തി കിടത്തി ഇലക്ട്രിക് ലാത്തി കൊണ്ട് ക്രൂരമായി അടിച്ചതായും കൈകൊണ്ട് ഇടിച്ചതായും ഹരീഷ് ആരോപിക്കുന്നു.
ഹരീഷിന്റെ ശരീരമാസകലം അടികൊണ്ട പാടും പൊട്ടലുമുണ്ട്. കോടതിയിൽ ഹാജരാക്കിയപ്പോൾ എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ജഡ്ജി ഹരീഷിനെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.
സംഭവങ്ങൾ മനസിലാക്കിയ ജഡ്ജി ഹരീഷിന് ജാമ്യം അനുവദിക്കുകയും വിദഗ്ധ ചികിത്സയ്ക്ക് നിർദേശിക്കുകയും ചെയ്തു. കൂടാതെ മർദനത്തിന് നേതൃത്വം നൽകിയ എസ്ഐ പ്രദീപിനെതിരേ കേസെടുക്കാൻ ഉത്തരവിടുകയും ചെയ്തു.
ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും പരാതികൾ നൽകാനൊരുങ്ങുകയാണ് ഹരീഷും കുടുംബവും.