കാത്തിരിപ്പു കേന്ദ്രം കൈയേറി; ചന്തമുക്കിൽ യാത്രക്കാർ പെരുവഴിയിൽ
1443379
Friday, August 9, 2024 6:05 AM IST
കൊട്ടാരക്കര: ദേശീയപാതയിൽ കൊട്ടാരക്കര ചന്തമുക്കിലെ ഏക കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് നിൽക്കാനോ ഇരിക്കാനോ ഇടമില്ല. ചെരിപ്പ്, കുട എന്നിവ നന്നാക്കലും ചെറുകിട കച്ചവടവുമാണ് കാത്തിരിപ്പ് കേന്ദ്രത്തിൽ നടക്കുന്നത്. രാത്രികാലങ്ങളിൽ തട്ടുകടയും പ്രവർത്തിക്കുന്നു.
പതിറ്റാണ്ടുകൾക്ക് മുൻപ് കൊട്ടാരക്കര റോട്ടറി ക്ലബ് ആണ് ചന്തമുക്കിൽ ചന്തയുടെ പ്രവേശന കവാടത്തിന് സമീപത്തായി കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത്. കാലാകാലങ്ങളിൽ ഇതിന് അറ്റകുറ്റപ്പണി നടത്താറുമില്ല. പുലമൺ, ബസ് സ്റ്റാൻഡ് ഭാഗങ്ങളിലേക്ക് പോകേണ്ടവർ ബസ് കാത്തിരിക്കേണ്ടത് ഇവിടെയാണ്.
ഇടവിട്ട് മഴ പെയ്യുന്നതിനാൽ കാത്തിരിപ്പ് കേന്ദ്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. എന്നാൽ ഇവിടം മറ്റുള്ളവർ കൈയടക്കിവച്ചിരിക്കുകയാണ്.
ചന്തമുക്കിൽ മറ്റൊരിടത്തും കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. മഴയത്തും വെയിലത്തും റോഡരികിൽ നിൽക്കേണ്ട സ്ഥിതിയാണ്. താലൂക്ക് ആശുപത്രിയും ചന്തയുമടക്കമുള്ള ഏറ്റവും തിരക്കേറിയ ഭാഗത്തെ കാത്തിരിപ്പ് കേന്ദ്രം പലരും കൈയേറിയതിനാൽ പെരുവഴിയിൽ നിൽക്കുകയാണ് യാത്രക്കാർ.
കൈയേറ്റക്കാരെ ഒഴിപ്പിച്ച് യാത്രക്കാർക്ക് നിൽക്കാനായി കാത്തിരിപ്പു കേന്ദ്രം നൽകാനായി നഗരസഭ ശ്രദ്ധ നൽകുന്നില്ല. ചന്തയുടെ ഹൈടെക് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയാകുമ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിനും മോക്ഷമുണ്ടാകുമെന്നാണ് പ്രതീക്ഷ.