എംസി റോഡിൽ വാകമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീണു
1431002
Sunday, June 23, 2024 5:46 AM IST
കൊട്ടാരക്കര: എം സി റോഡരുകിലെ കാലപ്പഴക്കമുള്ള വാകമരത്തിന്റെ കുറ്റൻ ശിഖരം ഒടിഞ്ഞു വീണു.സംഭവം രാത്രിയിലായതിനാൽ വൻ അപകടം ഒഴിവായി.
എം സി റോഡിൽ കുളക്കട ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ് ശിഖരം ഒടിഞ്ഞു വീണത്. പുലർച്ചെയായിരുന്നു അപകടം. ഈ സമയത്തായതിനാൽ കാൽനട യാത്രക്കാരാരും ഉണ്ടായിരുന്നില്ല. വാഹന ഗതാഗതവും കുറവായിരുന്നു.
ഒരു ടൂറിസ്റ്റ് ബസ് കടന്നു പോകുന്ന സമയത്താണ് ശിഖരം ഒടിഞ്ഞു വീണത്. തലനാരിഴക്കാണ് ബസ് യാത്രികർ രക്ഷപെട്ടത്.ഇവർ ബസ് നിർത്തിവിവരം നാട്ടുകാരെ അറിയിച്ചു.നാട്ടുകാരെത്തിയാണ് ശിഖരവും കമ്പുകളും റോഡോ രത്തേക്ക് മാറ്റിയത്. വാകമരത്തിന്റെ ഒരു ശിഖരം കൂടി അപകടാവസ്ഥയിലുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.ഇത് മുറിച്ചു മാറ്റാൻ കെ എസ് റ്റി പി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. പകൽ സമയങ്ങളിൽ ആളുകൾ ബസ് കാത്തു നിൽക്കുന്നത് ഈ മരച്ചുവട്ടിലാണ്.
കഴിഞ്ഞ മാസവും ഒരു ഞാവൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് എം സി റോഡിലേക്ക് വീണിരുന്നു. പകൽ സമയത്തായിരുന്നു ഇത്. പി എസ് സി പരീക്ഷയെഴുതാൻ വന്ന ഉദ്യോഗാർഥികൾ അന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്.തുടർന്ന് മരങ്ങളുടെ അപകടാവസ്ഥയിലായ ശിഖരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കുളക്കട പഞ്ചായത്തിനെ സമീപിച്ചിരുന്നു.കെ എസ് ടി പി വകയായതിനാൽ പഞ്ചായത്തിന് പരിമിതികളുണ്ടെങ്കിലും ശിഖരങ്ങൾ നീക്കം ചെയ്യാൻ തയാറെടുക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ അപകടം.