സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ ഭിന്നിപ്പിക്കുന്നു : കെപിഎസ്ടിഎ
1430999
Sunday, June 23, 2024 5:46 AM IST
കൊല്ലം: പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി രംഗത്തുവന്ന ഇടതു സർക്കാർ ഈ മേഖലയെ തകർക്കാനുള്ള റിസർച്ച് നടത്തുകയാണെന്നും യാതൊരു ആസൂത്രണവുമില്ലാതെ തയാറാക്കിയ അക്കാദമിക കലണ്ടർ അതിന്റെ ഭാഗമാണെന്നും കെ പി എസ് ടി എ കൊല്ലം ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി എന്നിവർ ആരോപിച്ചു.
പരിഷ്ക്കരണങ്ങൾ നടപ്പിലാക്കുമ്പോൾ സ്വീകരിക്കേണ്ട പ്രാരംഭ നടപടിക്രമങ്ങൾ പോലും ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ചിട്ടില്ല. കോളജ്, ഹയർ സെക്കന്ററി മേഖലകളിൽ ശനിയും ഞായറും അവധിയാക്കി മികവിനു ശ്രമിക്കുന്ന സർക്കാർ പ്രൈമറി തലം മുതൽ പ്രവൃത്തി ദിനം വർധിപ്പിച്ചത് പൊതു സമൂഹത്തിൽ ശക്തമായ എതിർപ്പ് നേരിട്ടപ്പോൾ ഉരുണ്ടുകളിക്കേണ്ട ഗതികേടിലായി. കേരളത്തിലെ വിദ്യാഭ്യാസ മേഖല എന്നും വ്യതിരിക്തത പുലർത്തുന്നതാണ്.
പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള പഠനം നടത്തുന്ന വിദ്യാലയങ്ങളിൽ ചില ക്ലാസുകൾക്ക് പഠനം ഒരുക്കുകയും മറ്റുള്ളവർക്ക് അവധി വരികയും ചെയ്യുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെ ഇല്ലാതാക്കും.
വാഹന സൗകര്യത്തിനായി പതിനായിരക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയും പ്രതിസന്ധിയിൽ പെട്ടുഴലുന്ന വിദ്യാലയങ്ങൾക്ക് ഇടിത്തീയാകും .
വിദ്യാഭ്യാസ അവകാശ നിയമങ്ങളുടെ അടിസ്ഥാന വസ്തുതകൾ പോലും മനസിലാക്കാതെ നിയമവിരുദ്ധമായും ഏകപക്ഷീയമായും അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കുകയും അധ്യാപകരെയും വിദ്യാർഥികളെയും തരംതിരിച്ച് വേർതിരിവ് ഉണ്ടാക്കി പൊതുവിദ്യാഭ്യാസ മേഖലയെ ഭിന്നിപ്പിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. ശക്തമായ സമരങ്ങളിലൂടെയും നിയമപോരാട്ടങ്ങളിലൂടെയും സർക്കാരിന്റെ തന്ത്രത്തെ നേരിടുമെന്നും കെ പി എസ് ടി എ നേതാക്കൾ അറിയിച്ചു .