ശരീരത്തിന്റെയും മനസിന്റെയും കാര്യക്ഷമത വർധിപ്പിക്കുവാൻ യോഗയ്ക്ക് കഴിയും: മാതാ അമൃതാനന്ദമയി
1430998
Sunday, June 23, 2024 5:46 AM IST
കൊല്ലം: അമൃതപുരി മാതാ അമൃതാനന്ദമയീമഠത്തിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രാർഥനാ ഹാളിൽ നടന്ന യോഗപരിശീലനത്തിൽ അമൃതപുരിയിൽ സുരക്ഷാ ചുമതലയിലുള്ള സിആർപിഎഫ്, പോലീസ് ഉദ്യോഗസ്ഥർ, ആശ്രമത്തിലെ അന്തേവാസികൾ എന്നിവർ പങ്കെടുത്തു. അമൃതയോഗ കോ-ഓർഡിനേറ്റർ ബ്രഹ്മചാരിണി ശോഭന യോഗാപരിശീലനത്തിന് നേതൃത്വം നൽകി.
ശരീരം അനങ്ങുന്നതിനനുസരിച്ചു ശരീരത്തിന്റെ ആരോഗ്യം വർധിക്കുമെന്നും എന്നാൽ മനസ് അനങ്ങാതിരിക്കുന്നതിന് അനുസരിച്ചാണ് മനസിന്റെ ആരോഗ്യം വർധിക്കുന്നതെന്ന് ചടങ്ങിൽ നൽകിയ സന്ദേശത്തിൽ മാതാ അമൃതാനന്ദമയിപറഞ്ഞു.
ആധുനിക സമൂഹത്തിൽ ശരീരംകൊണ്ടു ചെയ്യേണ്ട ജോലികൾ കുറഞ്ഞു വരുകയും മനസിലെ ചിന്തകളും വിഷമങ്ങളും കൂടി വരുകയും ചെയ്യുന്നു. ഇത്തരം ജീവിത രീതി ശരീരത്തിനും മനസിനും ഒരുപോലെ ദോഷകരമാണ്.
ശരീരത്തിന്റെയും മനസിന്റെയും കാര്യക്ഷമത വർധിപ്പിക്കുവാൻ സഹായിക്കുന്ന ശാസ്ത്രീയമായ മുറകളാണ് യോഗയിലുള്ളതെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.