വെട്ടിക്കവല ഗവ.എൽപിഎസിൽ ഇ-ക്ലാസ് റൂം
1429801
Sunday, June 16, 2024 11:23 PM IST
കൊട്ടാരക്കര: വെട്ടിക്കവല ഗവ.എൽ പി സ്കൂളിൽ ഇ-ക്ലാസ് റൂം ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും കംപ്യൂട്ടർ പരിജ്ഞാനം നൽകുക, വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് സ്കൂളിൽ ഇ- ക്ലാസ് റൂം പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ക്ലാസ് റൂമിൽ ആറ് ലാപ്ടോപ്, ഒരു ഡസ്ക് ടോപ്, പ്രോജക്ടർ സ്ക്രീൻ അടക്കം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സ്കൂൾ പിടിഎ പ്രസിഡന്റ് എം. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി സജീവ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആശാ ബാബു മുഖ്യാതിഥിയായിരുന്നു. എസ്എംസി ചെയർമാൻ എൻ. ബാബു, ജിഎംഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് എസ്.ഗിരീഷ് കുമാർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു. വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.