അഞ്ചലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി ; അധികൃതര്‍ പരിശോധന നടത്തി
1429563
Sunday, June 16, 2024 3:29 AM IST
അഞ്ചല്‍ : അഞ്ചല്‍ പനയഞ്ചേരിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വയോധിക ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അടിമുടി ദുരൂഹത. ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി അഞ്ചല്‍ പോലീസ്. സ്ഥലത്ത് കൊല്ലത്ത് നിന്നും എത്തിയ ഫോറന്‍സിക്ക് സംഘവും ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അധികൃതരും പരിശോധന നടത്തി.
പരിശോധനയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയത് അമിതമായ ചൂട് ഏറ്റതിനലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊട്ടിത്തെറിച്ച സിലിണ്ടറിന് സമീപത്തായി തുണികള്‍ കൂട്ടിയിട്ടു കത്തിച്ചതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മുന്‍വശത്തെ പ്രധാന വാതില്‍ തുറക്കാതിരിക്കാന്‍ മേശ കതകിനോട് ചേര്‍ത്തു ഇട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പരിക്കേറ്റ മനോഹരന് പിള്ള തുണികള്‍ കൂട്ടിയിട്ടു കത്തിച്ചു സിലിണ്ടര്‍ പൊട്ടിച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് സ്ഥിരീകരണം ഉണ്ടായിട്ടില്ല. പരിക്കേറ്റ ആശുപത്രിയിലുള്ള ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ ഇക്കര്യത്തില്‍ കൂടുതല്‍ വ്യക്തത വരുവെന്ന് അഞ്ചല്‍ പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും അഞ്ചല്‍ എസ്ഐ ഷെഫിന് പറഞ്ഞു.
സിലിണ്ടറില്‍ ഗ്യാസിന്റെ അളവ് കുറഞ്ഞതിനാലും മേല്‍ക്കൂര ഷീറ്റ് ആയതിനാലുമാണ് പൊട്ടിത്തെറിയില്‍ വലിയ ദുരന്തം ഒഴിവായത്. മനോഹരന് പിള്ള മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് അപകടം ഉണ്ടായത്.
നാട്ടുകാരും പോലീസും ചേര്‍ന്നാണ് മനോഹരന്‍പിള്ള, ഭാര്യ ലളിത എന്നിവരെ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ മനോഹരന്‍പിള്ള തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഭാര്യ ലളിതയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ തന്നെയാണുള്ളത്. പൊട്ടിത്തെറിയില്‍ വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.