ലൂക്കോസിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊ ഴി
1429561
Sunday, June 16, 2024 3:29 AM IST
ചാത്തന്നൂർ: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച കൊല്ലം ആദിച്ചനല്ലൂർ വെളിച്ചിക്കാല വടകോട്ട് വിളയിൽ വീട്ടിൽ വി. ഒ. ലൂക്കോസിന്റെ (സാബു- 48 ) മൃതദേഹം നൂറ് കണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ നെടുമ്പാശേരി യിൽ ആംബുലൻസ് മാർഗം കൊട്ടിയത്ത് എത്തിച്ച മൃതദേഹം സ്വകാര്യാശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. വിദേശത്തുള്ളഅടുത്ത ബന്ധുക്കൾ നാട്ടിലെത്തിചേരുന്നതിന് വേണ്ടിയാണ് സംസ്കാരം ശനിയാഴ്ചയിലേയ്ക്ക് നീണ്ടു പോയത്.
കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ ഭൗതിക ശരീരംഇന്നലെ രാവിലെ 11 ഓടെ വീട്ടിലെത്തിച്ചു. അവസാനമായി ഒരു നോക്ക് കാണുന്നതിനും അന്ത്യാ ഞ്ജലിയർപ്പിക്കാനുമായി നാടിന്റെ നാനാഭാഗത്ത് നിന്നും നൂറ് കണക്കിന് ആളുകൾ എത്തിയിരുന്നു.
വീട്ടിലെ പൊതു ദർശനത്തിനും സംസ്കാര ശുശ്രൂഷയ്ക്കു ശേഷം പൂയപ്പള്ളി നാൽക്കവല എബനേസർ ഐപിസി സെമിത്തേരിയിൽ സംസ്കരിച്ചു. ലൂക്കോസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ജനപ്രതിനികളും ഉൾപ്പെടെ നൂറ് കണക്കിന് ആൾക്കാർ നിരവധി വാഹനങ്ങളിൽ വിലാപയാത്രയിൽ പങ്കെടുത്തു.