കൂൺഗ്രാമം പദ്ധതി :സംസ്ഥാന തല ഉദ്ഘാടനം 28 ന്
1429559
Sunday, June 16, 2024 3:29 AM IST
അഞ്ചൽ : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ 27, 28, തീയതികളില്‍ ഏരൂരിൽ നടക്കും. ഏരൂരിലെ ഓയിൽ പാം കൺവൻഷൻ സെന്ററിൽ മന്ത്രി പി .പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്യും.
രണ്ടു ദിവങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ കർഷക സെമിനാർ, വിദ്യാർഥികളുടെ കാർഷിക വിഷയങ്ങൾ ആസ്പദമാക്കിയുള്ള ക്വിസ് മത്സരങ്ങൾ, ഫുഡ് ഫെസ്റ്റ്, കാർഷിക എക്സിബിഷൻ, പരിശീലനം എന്നിവ ഉണ്ടാകും. 28 നാണ് ഉദ്ഘാടനം.
പരിപാടിയുടെ വിജയത്തിനായുള്ള വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളിയുടെ അധ്യക്ഷതയില്‍ പി.എസ് .സുപാല്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി .അജിത്, ആര്യലാൽ, എസ് .സജീവ്, ജില്ലാ പഞ്ചായത്ത് അംഗം സി .അംബികാകുമാരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മായാകുമാരി, ലേഖ ഗോപാലകൃഷ്ണന്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സിന്ധു ദേവി, കൃഷി അസിസന്റ് ഡയറക്ടർമാരായ അനിൽ കുമാർ, സജികുമാർ, ഹോർട്ടി കോർപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷംന തുടങ്ങി ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, വകുപ്പ് അധികാരികള്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
100 ചെറുകിട കൂൺ ഉല്പാദന യുണിറ്റുകളും രണ്ട് വൻകിട കൂൺ ഉല്പാദന യുണിറ്റുകളും ഒരു കൂൺ വിത്ത് ഉല്പാദന യുണിറ്റും മൂന്ന് കൂൺ സംസ്കരണ യുണിറ്റുകളും രണ്ട് പായ്ക്ക് ഹൗസുകളും 10 കമ്പോസ്റ്റ് ഉല്പാദന യുണിറ്റുകളും ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. കൂണ് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂണ് ഗ്രാമം നടപ്പിലാക്കുന്നത്.