ജെ.ചിത്തരഞ്ജൻ ദേശീയ രാഷ്ട്രീയത്തിന് കേരളത്തിന്റെ സംഭാവന: ജെ.ചിഞ്ചുറാണി
1429113
Friday, June 14, 2024 12:01 AM IST
കൊല്ലം ദേശീയ ട്രേഡ് യൂണിയൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ദേശീയ നേതാവായിരുന്നു ജെ.ചിത്തരഞ്ജനെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.എഐടിയുസി ദേശീയ പ്രസിഡന്റും രാജ്യസഭാ അംഗവും മുൻ മന്ത്രിയുമായിരുന്ന ചിത്തരഞ്ജന്റെ പതിനാറാം വാർഷിക അനുസ്മരണം ജന്മനാടായ അഞ്ചാലുംമുട്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തൊഴിലാളികളുടെ മേൽ കടന്നാക്രമണങ്ങൾ വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ചിത്തരഞ്ജനെ പോലുള്ള നേതാവിന്റെഅഭാവം ശ്രദ്ധേയമാണ്. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ദേശീയപ്രസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം വൈദ്യതി തൊഴിലാളികളുടെ മഹത്തായ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
കയർ, കശുവണ്ടി തുടങ്ങി പരമ്പരാഗത വ്യാവസായങ്ങളിലെ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ അവർക്കൊപ്പം സഞ്ചരിച്ച നേതാവായിരുന്നു ചിത്തരഞ്ജനെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചിത്തരഞ്ജൻ ഫൗണ്ടേഷൻ പ്രസിഡന്റ് ആർ.വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ വച്ച് വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ കൊല്ലം കോർപ്പറേഷൻ ഡെപ്യുട്ടി മേയർ കൊല്ലം മധു ആദരിച്ചു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഹണിബഞ്ചമിൻ, ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഒ. ഫിലിപ്പോസ്,അഞ്ചാലുംമുട് മണ്ഡലം സെക്രട്ടറി ബിജുകുമാർ,അസിസ്റ്റന്റ് സെക്രട്ടറി റ്റി.ആർ .സന്തോഷ്കുമാർ,കൊല്ലം മണ്ഡലം സെക്രട്ടറി എ.രാജീവ്, ചിത്തരഞ്ജൻ ഗ്രന്ഥശാല പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ ,ഫൗണ്ടേഷൻ സെക്രട്ടറി , ഡി.സുകേശൻ , ഡി.രാമചന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു.