ഇന്ത്യയിൽ മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ല: മന്ത്രി പി.രാജീവ്
1425905
Thursday, May 30, 2024 12:49 AM IST
കൊല്ലം : ജനാധിപത്യത്തിന്റെ നാലാം തൂണായി വിശേഷിപ്പിക്കുന്ന മാധ്യമങ്ങൾക്ക് ഇന്ന് ഇന്ത്യയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ലെന്നും മാധ്യമങ്ങൾ എക്സിക്യൂട്ടീവ് മീഡിയയായി മാറിയെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
കെജിഒഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സ്വാതന്ത്ര്യവും മാധ്യമ ധാർമികതയും എന്ന വിഷയത്തിൽ കൊല്ലം ചിന്നക്കട ഹോട്ടൽ നാണി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരിടത്തും പരിപാവനമായ മാധ്യമ സ്വാതന്ത്ര്യം ഇപ്പോൾ ഇല്ല. 159-ാമതാണ് ഇന്ത്യയുടെ സ്ഥാനം. മാധ്യമ സ്വാതന്ത്ര്യം വലിയ അപകടത്തിലേക്ക് പോകുകയാണ്.
എല്ലാം പെയ്ഡ് ന്യൂസായി മാറുന്നു. എന്നാൽ, കേരളത്തിൽ പെയ്ഡ് അല്ലാതെ പെയ്ഡ് വാർത്തകൾ വരുന്നുണ്ട്. തെറ്റായ വാർത്തകളും വ്യാജപ്രചാരണവും ജനം തിരിച്ചറിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ജനറൽ സെക്രട്ടറി എസ്.ആർ. മോഹനചന്ദ്രൻ, എം നൗഷാദ് എംഎൽഎ, മാധ്യമ പ്രവർത്തകരായ കെ കെ ഷാഹിന, ശ്രീജിത് ദിവാകരൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എ.ബിന്ദു, കെജിഒഎ ജില്ലാ സെക്രട്ടറി എസ്.ദിലീപ് എന്നിവർ പങ്കെടുത്തു.