നി​രോ​ധി​ത നോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വം: ഐ​ബി സം​ഘം കാ​സ​ർ​ഗോ​ഡെ​ത്തി
Friday, February 21, 2020 3:03 AM IST
കാ​സ​ര്‍​ഗോ​ഡ്: 43.5 ല​ക്ഷം രൂ​പ​ടെ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ (ഐ​ബി) ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​സ​ര്‍​ഗോ​ട്ടെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് ഗ​വ. കോ​ള​ജി​ന് സ​മീ​പം വ​ച്ച്‌ കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന നി​രോ​ധി​ച്ച 500 രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. പെ​ര്‍​ള ഉ​ക്കി​ന​ടു​ക്ക​യി​ലെ മു​ഹ​മ്മ​ദി​നെ (67) പോ​ലീ​സ് പി​ടി​കൂ​ടു​ക​യും സ്വി​ഫ്റ്റ് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ മു​ഖ്യ​പ്ര​തി അ​ണ​ങ്കൂ​ര്‍ ടി​വി സ്റ്റേ​ഷ​ന്‍ റോ​ഡി​ലെ ബി. ​സ​ലീ​മി​നെ​യും (33) മ​റ്റൊ​രാ​ളെ​യു​മാ​ണ് പോ​ലീ​സ് ഇ​പ്പോ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​യാ​ളെ പി​ടി​കൂ​ടി​യാ​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രി​ക​യു​ള്ളൂ​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നി​രോ​ധി​ച്ച നോ​ട്ടു​ക​ള്‍ ക​ട​ത്തി​യ കാ​ര്‍ സ​ലീ​മി​ന്‍റേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. നേ​ര​ത്തെ ഗോ​വ​യി​ലും സ​മാ​ന​രീ​തി​യി​ല്‍ സ​ലീ​മും സം​ഘ​വും പി​ടി​യി​ലാ​യി​രു​ന്നു.

നി​രോ​ധി​ച്ച നോ​ട്ടു​ക​ള്‍ എ​ന്താ​ണ് ചെ​യ്യു​ന്ന​ത്, പു​തി​യ നോ​ട്ടു​ക​ള്‍ ന​ല്‍​കി പ​ഴ​യ നോ​ട്ട് വാ​ങ്ങു​ന്ന​വ​ര്‍​ക്ക് എ​ന്താ​ണ് ലാ​ഭം തു​ട​ങ്ങി​യ​വ​യെ കു​റി​ച്ച്‌ പോ​ലീ​സി​ന് ഒ​രു സൂ​ച​ന​യും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഒ​രു ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ള്‍​ക്ക് 15,000 രൂ​പ ക​മ്മീ​ഷ​ന്‍ ല​ഭി​ക്കു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. മ​റ്റാ​രി​ല്‍ നി​ന്നോ വാ​ങ്ങു​ന്ന പ​ണം കൂ​ടു​ത​ല്‍ തു​ക​യ്ക്ക് സ​ലീം കൈ​മാ​റ്റം ചെ​യ്യു​ന്ന​താ​കാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.