കാഞ്ഞങ്ങാട് സൗത്തില്‍ റെയില്‍വേ മേല്‍പ്പാലം
1481426
Saturday, November 23, 2024 6:53 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ മേല്‍പ്പാലം സ്ഥാപിക്കാന്‍ റെയില്‍വേ. പ്രതിദിനം നൂറിലേറെ വിദ്യാര്‍ഥികള്‍ പാളം മുറിച്ചു കടക്കുന്ന കാഞ്ഞങ്ങാട് സൗത്ത് ജിവിഎച്ച്എസ്എസിനു മുന്പില് മേല്‍നടപ്പാലം വേണമെന്ന നാട്ടുകാരുടെയും നഗരസഭയുടെയും ആവശ്യത്തിനാണ് റെയില്‍വേ പച്ചക്കൊടി കാട്ടിയത്. ഷെര്‍ണൂര്‍-മംഗളൂരു പാതയില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനുള്ള തയാറെടുപ്പിലാണ് റെയില്‍വേ.
ഇതിന്റെ ഭാഗമായാണ് 10 കിലോമീറ്ററിനുള്ളില്‍ മേല്‍നടപ്പാലം, മേല്‍പ്പാലം എന്നിവ ഇല്ലാത്ത സ്ഥലങ്ങളില്‍ അവ അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
ഇതോടെയാണ് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് മുന്‍പിലും നീലേശ്വരം മൂലപ്പള്ളി സ്കൂളിന് മുന്‍പിലും മേല്‍നടപ്പാലം അനുവദിക്കാമെന്ന് റെയില്‍വേ നഗരസഭകളെ അറിയിച്ചത്. ഇരുഭാഗത്തും അനുബന്ധ റോഡുകള്‍ ഉള്ള സ്ഥലങ്ങള്‍ക്കാണ് മുന്‍ഗണന. സൗത്ത് സ്കൂളിന് സമീപം ഇരുഭാഗത്തും അനുബന്ധ റോഡുണ്ട്.
കാഞ്ഞങ്ങാട് സൗത്ത് ജിവിഎച്ച്എസ്എസില്‍ 1300 കുട്ടികളാണ് പഠിക്കുന്നത്. ഇതില്‍ 90 ശതമാനം കട്ടകളും സ്കൂളില്‍ എത്തുന്നത് റെയില്‍വേ പാളം മുറിച്ച് കടന്നാണ്. ആയിരത്തിലധികം കുട്ടികളാണ് പല നേരങ്ങളിലായി സ്കൂളിലേക്ക് എത്തുന്നത്. കുട്ടികളെ റെയില്‍പാളം മുറിച്ച് കടത്താന്‍ അധ്യാപകരും പോലീസുമാണ് സഹായിക്കുന്നത്. ഓരോ ദിവസവും നാല് അധ്യാപകര്‍ വീതം മാറി മാറിയാണ് കുട്ടികളെ പാളം മുറിച്ചു കടത്താന്‍ സഹായിക്കുന്നത്.