പ്രചാരണത്തിന് സൈക്കിൾ റാലി
1481425
Saturday, November 23, 2024 6:53 AM IST
ഉദിനൂർ: സൈക്കിൾ പെരുമയിൽ ദേശാന്തരങ്ങളിൽ പോലും അറിയപ്പെട്ട ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റവന്യു ജില്ലാ സ്കൂൾ കലോത്സവം വീണ്ടുമെത്തുമ്പോൾ പ്രചാരണത്തിനായി നാട്ടുവഴികളിലൂടെ വിദ്യാർത്ഥികളുടെ സൈക്കിൾ റാലി. തൃക്കരിപ്പൂർ, പടന്ന പഞ്ചായത്തുകളിലാണ് നൂറുകണക്കിന് സ്കൂൾ വിദ്യാർഥികൾ സൈക്കിളിൽ പ്ലക്കാർഡുകളുമായി പ്രചാരണത്തിനിറങ്ങിയത്.
സ്കൂൾ മൈതാനത്ത് നിന്നും രണ്ടു സംഘങ്ങളായി തിരിഞ്ഞ് വിവിധ ഗ്രാമീണ പാതകളിലൂടെ വിദ്യാർഥികൾ സൈക്കിളിൽ പ്രചാരണം നടത്തി. സ്റ്റുഡന്റ് പോലീസ് കാഡറ്റുകളും ജൂണിയർ റെഡ്ക്രോസ്, ഇക്കോ ക്ലബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങി വിവിധ വിദ്യാർഥി വിഭാഗങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള ടീ ഷർട്ടുകൾ ധരിച്ചാണ് ആൺകുട്ടികളും പെൺകുട്ടികളും സൈക്കിളിൽ നാട്ടിടവഴികളിലൂടെ കലോത്സവം വിളംബരപ്പെടുത്തിയത്. വാഹന പുക മലിനീകരണ മൊഴിവാക്കി പരിസ്ഥിതിക്കനുകൂലമായതും കായിക പ്രാധാന്യമുള്ളതുമായ സൈക്കിൾ ഉപയോഗിച്ച് നടത്തിയ പ്രചാരണം ശ്രദ്ധേയമായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചന്തേര ഇൻസ്പെക്ടർ കെ. പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.ജെ. സജിത്ത് അധ്യക്ഷത വഹിച്ചു. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷൻ എം. സുമേഷ്, മുഖ്യാധ്യാപിക കെ. സുബൈദ, റഷീദ് മൂപ്പന്റകത്ത്, വി.വി. സുരേഷ്, പി. വിനയകുമാർ, പി. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.