വിത്തുപേനയും തുണിസഞ്ചിയും... ഇതു ഹരിത കലോത്സവം
1481423
Saturday, November 23, 2024 6:53 AM IST
തൃക്കരിപ്പൂർ: റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിനായി ഉദിനൂരിൽ നടന്നു വരുന്ന ഒരുക്കങ്ങളിൽ ഹരിതമേള പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുന്നു. കലോത്സവ നഗരിയിലെ മുഴുവൻ വേദികളിലും അനുബന്ധ കാര്യങ്ങൾക്കും ഉപയോഗിക്കുക വിത്തു പേനകളും തുണിസഞ്ചിയും. ഉദിനൂർ ജിഎച്ച്എസ്എസിലും പരിസരങ്ങളിലെയും 12 വേദികളിലായി നടക്കുന്ന സ്കൂൾ കലോത്സവത്തിന് പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളാണ് ഉപയോഗിക്കുക. രജിസ്ട്രേഷൻ നടപടികൾ മുതൽ വിധികർത്താക്കൾ വരെ ഉപയോഗത്തിനായാണ് കലോത്സവ നഗരിയിൽ
വിത്ത് പേനയും തുണി സഞ്ചിയും.
ഒരോ ഇനത്തിന്റെയും ഫയലുകളും അനുബന്ധ സാമഗ്രികളും എല്ലാ വേദികളിലും എത്തിക്കുക തുണി സഞ്ചികളിലാണ്. ഉദിനൂർ സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ചേർന്ന് 500 വിത്ത് പേനയാണ് കലോത്സവത്തിൽ ഉപയോഗിക്കാൻ നിർമിച്ചത്. പേനകളുടെ അടപ്പിൽ ഉമ, തൊണ്ണൂറാൻ തുടങ്ങിയ നെൽവിത്തുകൾ വിദ്യാർഥികൾ നിറച്ചു. പേനകളും ഫയലുകളും അനുബന്ധ സാമഗ്രികളും എത്തിക്കുന്നതിനായി തുണി സഞ്ചി നിർമിച്ച് എത്തിച്ചത് മുള്ളേരിയയിൽ നിന്നാണ്. മുള്ളേരിയ എയുപിഎസിലെ പരിസ്ഥിതി ക്ലബിൽ ഉൾപ്പെട്ട വിദ്യാർഥികൾ രക്ഷിതാക്കളുടെ സഹായത്തോടെ തയ്ച്ചെടുത്തതാണ് 500 തുണി സഞ്ചികൾ.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തുണി സഞ്ചികളും വിത്തുപേനകളും
കലോത്സവ പ്രോഗ്രാം കമ്മിറ്റി ചെയർമാനും ജില്ലാ പഞ്ചായത്തംഗവുമായ സി.ജെ. സജിത്ത് ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പാൾ പി.വി. ലീന അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. സുബൈദ, ഹരിത മേള കോ-ഓർഡിനേറ്റർ മനോജ് പിലിക്കോട്, പ്രോഗ്രാം കൺവീനർ കെ.വി. സത്യൻ, എം. സാവിത്രി, പി.വി. ലത, കെ. ശ്രീജ എന്നിവർ പ്രസംഗിച്ചു.