സോളാര്‍ തൂക്കുവേലി നിർമാണത്തിന് കൃഷിവകുപ്പിന്റെ ഉടക്ക്
1481421
Saturday, November 23, 2024 6:53 AM IST
കാസര്‍ഗോഡ്: കാട്ടാനശല്യം തടയാന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന സോളാര്‍ തൂക്കുവേലിക്കു കൃഷിവകുപ്പിന്റെ ഉടക്ക്. ഇനി ബാക്കിയുള്ള എട്ടു കിലോമീറ്റര്‍ വേലി നിര്‍മിക്കാന്‍ ഈ വര്‍ഷം ബ്ലോക്ക് പഞ്ചായത്തും അഞ്ചു പഞ്ചായത്തുകളും ചേര്‍ന്നു 75 ലക്ഷം രൂപ വകയിരുത്തിയെങ്കിലും കൃഷിവകുപ്പിന്റെ അനുമതി കിട്ടാത്തതിനാല്‍ ഫണ്ട് ചെലവഴിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
2021-22 വര്‍ഷം ആരംഭിച്ച പദ്ധതിയുടെ തുടര്‍ച്ചയാണെങ്കിലും സാങ്കേതികത്വം പറഞ്ഞാണ് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫയല്‍ മടക്കിയത്. സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പദ്ധതി അംഗീകരിക്കാന്‍ കഴിയൂ എന്നാണു അദ്ദേഹത്തിന്റെ വാദം. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് രണ്ടു വര്‍ഷം മുന്‍പു പദ്ധതി നടപ്പിലാക്കിയതെങ്കിലും പുതിയ ധനകാര്യ കമ്മീഷന് ആയതിനാല്‍ വീണ്ടും അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം.
പദ്ധതിക്കു ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതാണ്. കൃഷിയുമായി ബന്ധപ്പെട്ട പദ്ധതി ആയതിനാല്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പരിശോധിച്ച് അനുമതി നല്കിയാല് മാത്രമേ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. അനുമതിക്കായി ബ്ലോക്ക് പഞ്ചായത്ത് ഫയല്‍ സമര്‍പ്പിച്ചപ്പോഴാണ് തിരിച്ചയച്ചത്. കാട്ടാനശല്യം തടയാന്‍ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന പദ്ധതി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രശംസയുള്പ്പെടെ ലഭിച്ച പദ്ധതിക്കു നേരെയാണു സാങ്കേതികത്വം പറഞ്ഞ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ മുഖം തിരിക്കുന്നത്.
ആസൂത്രണ വകുപ്പിന്റെ പ്രത്യേക ഗ്രാന്റും ഇതിനു അനുവദിച്ചിരുന്നു. വലിയ ചെലവുള്ള പദ്ധതി ആയതിനാല്‍ അഞ്ചു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ഇതു തുടങ്ങിയത്. ആദ്യവര്‍ഷം ബ്ലോക്ക് പഞ്ചായത്ത് 80 ലക്ഷം രൂപയും കാറഡുക്ക, മുളിയാര്‍, ദേലംപാടി, കുറ്റിക്കോല്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്തുകള്‍ അഞ്ചു ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കേരള പൊലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷനെയാണു വേലിയുടെ നിര്‍മാണം ഏല്‍പ്പിച്ചത്. 21.5 കിലോമീറ്റര്‍ ദൂരത്തില്‍ വേലിയുടെ നിര്‍മാണം പൂര്‍ത്തിയായി. വാച്ച് ടവറിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
ഇനി എട്ടു കിലോമീറ്റര്‍ ദൂരത്തില്‍ വേലി നിര്‍മിക്കാന്‍ ബാക്കിയുണ്ട്. അത് കൂടി എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണു ഈ വര്‍ഷം തുക നീക്കിവച്ചത്. കൃഷിവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ രണ്ടു മാസത്തിനുള്ളില്‍ തുക കോര്‍പറേഷനു നല്കാന് സാധിക്കും.
അങ്ങനെയെങ്കില്‍ ഈ വര്‍ഷം തന്നെ മുഴുവനായും വേലി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. വേലി നിര്‍മിക്കാത്ത ഭാഗങ്ങളിലൂടെ ഒറ്റയാന്മാര് ഇടയ്ക്കിടെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നുണ്ട്.