അന്തുക്കയുടെ പാടത്തുനിന്നും കൊയ്തെടുത്തു, നിറപുത്തരിക്കുള്ള നെൽക്കതിർ
1459134
Saturday, October 5, 2024 7:36 AM IST
വെള്ളരിക്കുണ്ട്: മലയോരത്തെ ക്ഷേത്രങ്ങളിൽ നിറപുത്തരിക്കുള്ള നെൽക്കതിർ ഇത്തവണയും അന്തുക്കയുടെ പാടത്ത് നിന്നുതന്നെ. പരമ്പരാഗതമായി കിട്ടിയ കൃഷി പതിവുപോലെ പരിപാലിച്ച് ബളാൽ കുഴിങ്ങാട്ടെ ടി. അബ്ദുൾ ഖാദർ എന്ന അന്തുക്ക. ബളാൽ പഞ്ചായത്തിലെ ഏക നെൽ കർഷകനാണ് ഇദ്ദേഹം. മാറി വരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തിനിങ്ങൾ പരീക്ഷിക്കുന്ന അന്തുക്ക ഇത്തവണ ഡി 1 എന്ന നെൽവിത്താണ് കൃഷിയിറക്കിയത്. പക്ഷെ നിരന്തരമായി പെയ്ത മഴയും കാട്ടുമൃഗ ശല്യവും കാരണം ഇത്തവണ വിളവ് പ്രതീക്ഷിച്ചത് പോലെ ലഭിച്ചില്ലെന്ന് പറഞ്ഞു.
എങ്കിലും നെൽക്കൃഷി അന്യംനിന്ന് പോകാതിരിക്കാനും മലയോരത്തെ വിവിധ ക്ഷേത്രങ്ങളിലേക്ക് നിറപുത്തരിക്ക് തന്റെ പാടത്ത് നിന്നുള്ള നെൽകതിർ സമർപ്പണം മുടങ്ങാതിരിക്കാനും വേണ്ടിയാണ് ലാഭ നഷ്ട കണക്കുകൾ നോക്കാതെ താൻ കൃഷി ചെയ്യുന്നുതെന്ന് അബ്ദുൾ ഖാദർ പറയുന്നു.
ബളാൽ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കൂടിയായ അബ്ദുൾ ഖാദർ ജനസേവനത്തിന്റെ തിരക്കിനിടയിലും കൃഷിക്ക് കൃത്യമായി സമയം കണ്ടെത്തുന്നുണ്ട്. ഈ നെൽപ്പാടത്ത് ആദ്യകാലം മുതലുള്ള തൊഴിലാളികൾ പരമ്പരാഗത രീതിയിൽ തന്നെയാണ് ഞാറ് നടലും കൊയ്ത്തും കറ്റമെതിയും നെല്ല് പുഴുങ്ങലും എല്ലാം നടത്തുന്നത്.
തൊഴിലാളികളുടെ കൊയ്ത്ത് പാട്ടിന്റെ ഈരടിയിൽ കതിർ കൊയ്തു കൊണ്ട് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ.ജെ. മാത്യു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പത്മാവതി, സന്ധ്യ ശിവൻ, കൃഷി ഓഫീസർ നിഖിൽ നാരായണൻ, അസി. കൃഷി ഓഫീസർ ശ്രീഹരി എന്നിവർ സംബന്ധിച്ചു.