വെള്ളൂട സോളാര്‍ പാര്‍ക്ക് വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി ഭാരവാഹികള്‍
1454249
Thursday, September 19, 2024 1:42 AM IST
കാഞ്ഞങ്ങാട്:നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന രീതിയില്‍ നിര്‍മാണപ്രവൃത്തി ആരംഭിച്ച വെള്ളൂട സോളാര്‍ പാര്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും വെള്ളൂട ഗ്രാമസംരക്ഷണ സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്യുകയാണ്.
ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ മറികടന്ന് നിര്‍മാണത്തിന് വേണ്ടി എത്തിച്ച കമ്പനിയുടെ സാധനങ്ങള്‍ വരെ ഇറക്കാന്‍ വരെ പോലീസ് തയാറാവുന്നു.സെപ്റ്റംബര്‍ ഒമ്പതിന് മുമ്പായി ഭൂമി അളന്നുതിട്ടപ്പെടുത്തി പ്ലാന്‍ സമര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടും ഇതുവരെ വില്ലേജ് ഓഫീസ് തയ്യാറായിട്ടില്ല. സംഭവത്തിന്റെ ഗൗരവം മനസിലാക്കി വിഷയത്തില്‍ കളക്ടറും എസ്പിയും ഇടപെടണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.ക്ഷേത്ര പരിസരത്ത് സ്വകാര്യ വക്തിയുടെ അഞ്ചര എക്കര്‍ സ്ഥലത്തിന് പുറമെ മിച്ചഭൂമിയും സ്വകാര്യ വ്യക്തികളുടെ സ്ഥലവും കയ്യേറിയാണ് കോടതിയില്‍ കമ്പനി 52 എക്കര്‍ സ്ഥലം കാണിച്ചിരിക്കുന്നത്.
മടിക്കൈ പഞ്ചായത്തിലെ വെള്ളൂട, നെല്ലിയടുക്കം കോടോം-ബേളൂര്‍ പഞ്ചായത്തിലെ കാനം, തുണുപ്പ് തുടങ്ങിയ പ്രദേശത്ത് തുടര്‍ച്ചയായി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശവാസികള്‍ ജനകീയ സമര സമിതി രൂപീകരിച്ചുകൊണ്ട് സമരത്തിലാണ്. നിരവധി കാവുകളും ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിറഞ്ഞ പ്രദേശത്തെ മരങ്ങളും കാടുകളും വെട്ടി നശിപ്പിച്ച് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കമ്പനിക്ക് അനുകൂലമായാണ് പോലീസ് പെരുമാറുന്നത്.
ഹൈക്കോടതി നല്കിയ താത്കാലിക സംരക്ഷണ ചുമതലയില്‍ പോലിസ് വെള്ളൂടയിലെ സാധാരണകാരെ ദ്രോഹിക്കുന്നത് നിര്ത്തണമെന്നുംഭാരവാഹികള് ആവശ്യപ്പെട്ടു.പത്രസമ്മേളനത്തില്‍ കെ.ശ്രീകാന്ത്, മടിക്കൈ പഞ്ചായത്തംഗം എ.വേലായുധന്, കോടോം-ബേളൂര്‍ പഞ്ചായത്തംഗം ജ്യോതി രാധാകൃഷ്ണന്, സമരസമിതി ചെയര്മാന്മാരായ കാനത്തില്‍ കണ്ണന്, ഭാസ്കരന് ചെമ്പിലോട്ട്, കണ്‍വീനര്‍മാരായ അശോകന് മുട്ടത്ത്, ശ്രീജിത് പറക്കളായി എന്നിവര്‍ സംബന്ധിച്ചു.