കാസര്‍ഗോഡിനെ ജനുവരി 26ന് മാലിന്യമുക്തമായി പ്രഖ്യാപിക്കും
1453538
Sunday, September 15, 2024 5:53 AM IST
കാസര്‍ഗോഡ്: മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി 2025 ജനുവരി 26നു കാസര്‍ഗോഡ് ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്നും ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ 777 വാര്‍ഡുകളിലും മാലിന്യ മുക്ത പരിപാടി നടത്തുമെന്നും ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.
ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് മാര്‍ച്ച് 31ന് അവസാനിക്കുന്ന ജനകീയ കാമ്പയിനില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും പൊതുജനങ്ങളും പങ്കാളികളാകും. ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും വിവിധ ശുചിത്വപ്രവൃത്തികളുടെ ഉദ്ഘാടനം നടക്കും. ഒക്ടോബര്‍ രണ്ടിന് ജില്ലാതല ഉദ്ഘാടനം പൈവളിഗെ സ്കൂളില്‍ നടത്തും.
ജനകീയ കാമ്പയിന്റെ സുഗമമായ പ്രവത്തനത്തിന് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും ഒക്ടോബര്‍ രണ്ടിന് ഓരോ വാര്‍ഡിലും ഓരോ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അറിയിച്ചു. ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത സ്കൂളുകളുടെ പ്രഖ്യാപനം ഒക്ടോബര്‍ രണ്ടിന് നടക്കും. ശുചിത്വവും ഗുണമേന്മയും ഉറപ്പ് നല്കുന്ന കുടിവെള്ളം നല്കുന്ന പദ്ധതിയായ ആര്‍ഒ പ്ലാന്റ് ജില്ലയിലെ 21 സ്കൂളുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. പൈവളിഗെ നഗര്‍ ജിഎച്ച്എസ്എസ്, അഡൂര്‍ ജിഎച്ച്എസ്എസ്, സൂരംബയല്‍ ജിഎച്ച്എസ്എസ്, കാറഡുക്ക ജിഎച്ച്എസ്എസ്, പെരിയ ജിഎച്ച്എസ്എസ്, മാലോത്ത് കസബ ജിഎച്ച്എസ്എസ്, പിലിക്കോട് സികെഎന്‍എസ് ജിഎച്ച്എസ്എസ്, കയ്യൂര്‍ ജിവിഎച്ച്എസ്എസ്, കയ്യൂര്‍ ജിവിഎച്ച്എസ്എസ്, ഉദിനൂര്‍ ജിഎച്ച്എസ്എസ്, ചീമേനി ജിഎച്ച്എസ്എസ്, കുട്ടമത്ത് ജിഎച്ച്എസ്എസ്, ചെമ്മനാട് ജിഎച്ച്എസ്എസ്, കൊട്ടോടി ജിഎച്ച്എസഎസ്, ബന്തടുക്ക ജിഎച്ച്എസ്എസ്, പടന്ന കടപ്പുറം ജിഎഫ്എച്ച്എസ്എസ്, മടിക്കൈ ജിഎച്ച്എസ്എസ്, ചെറുവത്തൂര്‍ ജിഎഫ്എച്ച്എസ്എസ്, ഉദുമ ജിഎച്ച്എസ്എസ്, ചന്ദ്രഗിരി ജിഎച്ച്എസ്എസ്, ദേലംപാടി ജിഎച്ച്എസ്എസ്, കുണ്ടംകുഴി ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളില്‍ ഉദ്ഘാടന പരിപാടി നടക്കും.
പിലിക്കോട് ജിഎച്ച്എസ്എസ്, ബളാന്തോട് ജിഎച്ച്എസ്എസ്, പട്ള ജിഎച്ച്എസ്എസ്, കുമ്പള ജിഎച്ച്എസ്എസ്, മലോത്ത് കസബ ജിഎച്ച്എസ്എസ്, ചായ്യോത്ത് ജിഎച്ച്എസ്എസ്, കക്കാട്ട് ജിഎച്ച്എസ്എസ്, ഇരിയണ്ണി ജിഎച്ച്എസ്എസ്, കുണ്ടംകുഴി ജിഎച്ച്എസ്എസ്, അട്ടേങ്ങാനം ജിഎച്ച്എസ്എസ്, ചന്ദ്രഗിരി ജിഎച്ച്എസ്എസ്, കുട്ടമത്ത് ജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കിയ തുമ്പൂര്‍മൊഴി അറ്റ് സ്കൂള്‍ പദ്ധതിയും വെള്ളിക്കോത്ത് ജിവിഎച്ച്എസ്എസ്, കുട്ടമത്ത് ജിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കിയ ബയോഗ്യാസ് സംവിധാനവും 10 വിദ്യാലയങ്ങളില്‍ പൂര്‍ത്തിയാക്കിയ പ്രീഫാബ് ടോയ്ലറ്റുകളും ഉദ്ഘാടനം ചെയ്താണ് ഹരിത സ്കൂള്‍ പ്രഖ്യാപനം നടത്തുക. പുതിയതായി ആരംഭിക്കുന്ന 18 വിദ്യായങ്ങളിലെ ആര്‍ഒ പ്ലാന്റുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും ഉദ്ഘാടന പരിപാടികള്‍ നടക്കും.
മുഴുവന്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ക്യാമ്പയിനൊപ്പം നില്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
ഭക്ഷ്യ വകുപ്പിന്റെ പരിശോധനകളില്‍ തട്ടുകടകളില്‍ ഭക്ഷണം ഉണ്ടാക്കാനുപയോഗിക്കുന്ന വെള്ളത്തില്‍ ക്വോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഇതു ശുചിത്വത്തിന്റെ പ്രാധാന്യമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാമ്പയിന്റെ ഭാഗമായി വീടുകളിലും അയല്‍ക്കൂട്ടങ്ങളിലും വാര്‍ഡ് തലത്തിലും ജൈവ അജൈവ ദ്രവ മാലിന്യങ്ങളുടെ സംസ്കരണ സംവിധാനങ്ങള്‍ ഉറപ്പാക്കും.