സമ്പൂര്‍ണ ജനസുരക്ഷാ പദ്ധതി കൈവരിച്ച് കാസര്‍ഗോഡ്
1452058
Tuesday, September 10, 2024 1:46 AM IST
കാസര്‍ഗോഡ്: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലൈഫ്, അപകട ഇന്‍ഷുറന്‍സ് നല്കുന്നതില് നിര്‍ണായക പങ്ക് വഹിക്കുന്ന പിഎം ജന്‍സുരക്ഷാ പദ്ധതിയില്‍ കാസര്‍ഗോഡ് ജില്ല സമ്പൂര്ണമായതിന്റെ പ്രഖ്യാപനം നാളെ കാസര്‍ഗോഡ് കേരള ബാങ്ക് ഹാളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിക്കും.
പിഎം ജന്‍സുരക്ഷാ പദ്ധതികള്‍ (പിഎംജെജെബി, പിഎംഎസ്ബിവൈ) നടപ്പിലാക്കിയാണ് നേട്ടം കൈവരിച്ചത്. എല്ലാ വീടുകളിലും ജനസുരക്ഷാ സ്കീം എത്തിക്കുന്നതിന് ലീഡു ബാങ്കുമായി ജില്ലാഭരണ സംവിധാനം, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ സഹകരിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ കാമ്പയിന്റെ നേട്ടമാണിത്.
സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട്, കുടുംബത്തില്‍ ഒരു അംഗത്തെയെങ്കിലും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ലീഡ് ബാങ്ക് നേതൃത്വം നല്കി.
വയനാട്, പാലക്കാട് ജില്ലകള്‍ ഇതിനകം ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. പ്രത്യേക എൻറോള്‍മെന്റ് ഡ്രൈവുകള്‍ സംഘടിപ്പിക്കുകയും ഇന്‍ഷുറന്‍സിനായി രജിസ്ട്രേഷന് സുഗമമാക്കുകയും ചെയ്തിരുന്നു.
എസ്എല്‍ബിസി കേരളയുടെയും ആര്‍ബിഐയുടെയും മാര്‍ഗനിര്‍ദേശപ്രകാരം എല്ലാ ബാങ്ക് ശാഖകളും, എഫ്എല്‍സികളും സിഎഫ്എല്‍ ലീഡ് ബാങ്കും വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും എൻറോള്‍മെന്റ് ഡ്രൈവ് നടത്തി.