വിദ്യാധനം കുടിയേറ്റ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണം: മാർ ജോസഫ് പാംപ്ലാനി
1450571
Wednesday, September 4, 2024 8:03 AM IST
പാലാവയൽ: വിദ്യാധനം സർവധനാൽ പ്രധാനമെന്നത് കേവലം വിദ്യാർഥികളുടെ ഉപന്യാസ വിഷയമായിരുന്നില്ലെന്നും അത് കുടിയേറ്റജനതയുടെ ജീവിതത്തിന്റെ അടിസ്ഥാനപ്രമാണമായിരുന്നെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
തലശേരി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ചെറുപുഴ-തോമാപുരം മേഖലയിൽ നിന്നു വിരമിച്ച അധ്യാപകരുടെയും അനധ്യാപകരുടെയും സംഗമവും ഈ വർഷത്തെ കോർപറേറ്റ്തല അധ്യാപകദിനാചരണവും "ഗുരുസാദരം' എന്ന പേരിൽ പാലാവയൽ സെന്റ് ജോൺസ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ പുനഃസൃഷ്ടിക്കാനുള്ള വ്യഗ്രതയിൽ ഒരു സമുദായത്തെയും സമൂഹത്തേയും അക്ഷന്തവ്യമായ ആരോപണങ്ങളുടെ ശരശയ്യയിൽ നിർത്താൻ ശ്രമിക്കുമ്പോൾ കഴിഞ്ഞ തലമുറയ്ക്ക് ദിശാബോധം നൽകിയ അധ്യാപകർ ചരിത്രത്തിന്റെ യഥാർഥ സാക്ഷികളാണെന്ന് മാർ പാംപ്ലാനി പറഞ്ഞു.
വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ, പാലാവയൽ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെ, ടീച്ചേഴ്സ് ഗിൽഡ് റീജണൽ വൈസ് പ്രസിഡന്റ് ജിമ്മി സൈമൺ, സെന്റ് ജോൺസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
വിശ്രമജീവിതത്തെ ശക്തിപ്പെടുത്തൽ എന്ന വിഷയത്തിൽ ഷോണറ്റ് പാറത്താഴത്ത് ക്ലാസെടുത്തു. പാലാവയൽ സെന്റ് ജോൺസ് സ്കൂളിലെ ചിത്രകലാധ്യാപകൻ അനീഷ് ജോൺ സംവിധാനം ചെയ്ത തമസോമാ ജ്യോതിർഗമയ എന്ന ടെലിഫിലിമിന്റെ പ്രദർശനവും ഹയർ സെക്കൻഡറി വിഭാഗം ദശവാർഷികത്തോടനുബന്ധിച്ച് തയാറാക്കിയ വൈഖരി മാസികയുടെ പ്രകാശനവും നടന്നു.