വയനാട്ടിൽ മനുഷ്യസാധ്യമായതെല്ലാം ചെയ്യണം: മാർ ജോസഫ് പണ്ടാരശേരിൽ
1441388
Friday, August 2, 2024 7:11 AM IST
രാജപുരം: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ പ്രകൃതി ദുരന്തത്തിൽ മനുഷ്യസാധ്യമായതെല്ലാം ചെയ്യണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ.
മരിച്ചവരുടെയും, കാണാതായവരുടെയും ദുഃഖത്തിലും കഷ്ടതയിലും കോട്ടയം അതിരൂപതയും പങ്കുചേരുന്നു.
കഷ്ടതകളിലും ദുരിതങ്ങളിലും പങ്കുചേരുന്ന നമുക്ക് ആത്മീയ വിശുദ്ധിയും നന്മയും വന്നുചേരും. നമ്മുടെ സ്നേഹവും, സഹകരണവും പങ്കുവെക്കുവാൻ കിട്ടുന്ന അവസരങ്ങളിൽ ദൈവ സ്നേഹത്തെ പ്രതി നാം അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
രാജപുരം ഫൊറോനയിലെ പാരീഷ് കൗൺസിൽ അംഗങ്ങളുടെയും വൈദികരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോസഫ് പണ്ടാരശേരിൽ. കണ്ണൂർ ശ്രീപുരം പാസ്റ്റർ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു.
രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ, ഫാ.സിബിൻ കൂട്ടുക്കലിങ്കൽ, കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം ജെയിംസ് ഒരാപ്പാങ്കൽ എന്നിവർ സംസാരിച്ചു.
മേരി ക്യൂറി സ്കോളർഷിപ്പ് നേടി ഫ്രാൻസിൽ പിഎച്ച്ഡി പഠനത്തിന് അർഹത നേടിയ ജെസ്വിൻ ജിജി കിഴക്കേപ്പുറത്തിനെ യോഗത്തിൽ അനുമോദിച്ചു.