പിതാവിന്റെ മരണത്തിനു പിന്നാലെ കാണാതായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍
1436793
Wednesday, July 17, 2024 10:10 PM IST
ബദിയഡുക്ക: പിതാവിന്റെ മരണത്തെത്തുടര്‍ന്ന് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പെര്‍ള കാട്ടുകുക്കെ അടുക്കം അബ്രാജെയിലെ യതീശന് (35) ആണ് മരിച്ചത്. യതീശന്റെ പിതാവ് ഈശ്വരനായക് (65) തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ മരിച്ചിരുന്നു.
രണ്ടു മാസക്കാലമായി അസുഖബാധിതനായി കിടപ്പിലായിരുന്ന ഈശ്വരനായിക്കിനെ യതീശനാണ് പരിചരിച്ചിരുന്നത്. മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കത്തിനിടെ യതീശനെ കാണാതായി. ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും യതീശനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഉച്ചയോടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് സംസ്കാരശുശ്രൂഷകള്‍ നിര്‍വഹിച്ചു.
ചൊവ്വാഴ്ച രാവിലെ ബദിയഡുക്ക പോലീസില്‍ പരാതി നല്കി. തെരച്ചിലിനിടെ വീട്ടില്‍നിന്ന് അല്പം മാറി കെഡുക്കാറില് റോഡരികില്‍ യതീശന്റെ ഫോണ്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടു.
അന്വേഷിച്ചുചെന്നപ്പോള്‍ റോഡിന് കുറച്ചകലെയുള്ള കിണറ്റില്‍ യതീശന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍ഗോട്ടുനിന്ന് ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പിതാവിന്റെ മരണത്തോടെ യതീശന് അതീവ ദുഃഖിതനായിരുന്നുവെന്നും യുവാവ് കിണറ്റില്‍ ചാടി ജീവനൊടുക്കിയതാകാമെന്നും പോലീസ് പറഞ്ഞു. അമ്മ പാര്‍വതി ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് മരിച്ചത്. സഹോദരങ്ങള്‍: പുരുഷോത്തമ, പുഷ്പലത, ആശാകുമാരി.