എണ്ണപ്പാറ : നബാര്‍ഡിന്റെ ആദിവാസി വികസന ഫണ്ടില്‍ പെടുത്തി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സിആര്‍ഡി) കോടോം-ബേളൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിനായി നബാര്‍ഡ് സംഘം സന്ദര്‍ശനം നടത്തി.
വിവിധ സംസ്ഥാനങ്ങളിലെ 27 നബാര്‍ഡ് ഓഫീസര്‍മാരാണ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വൈദ്യനാഥ് സിംഗ് നയിച്ച സംഘത്തിലുണ്ടായിരുന്നത്. മംഗളുരുവിലെ നബാര്‍ഡ് പരിശീലന കേന്ദ്രമായ ബോര്‍ഡില്‍ നടക്കുന്ന പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു സന്ദര്‍ശനം. നബാര്‍ഡിന്റെ സഹായത്തോടെ സിആര്‍ഡി നടപ്പിലാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതി നിര്‍വഹണ രീതി മനസിലാക്കുകയായിരുന്നു ലക്ഷ്യം.
2023 മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതി പ്രവര്‍ത്തനം 2028 ല്‍ പൂര്‍ത്തീകരിക്കും. 4.26 കോടി രൂപ ആകെ ചെലവ് വരുന്ന പദ്ധതിയില്‍ 3.24 കോടി രൂപ നബാര്‍ഡ് ഗ്രാന്റും 1.02 കോടി രൂപ ഗുണഭോക്തൃ വിഹിതവും ബാങ്ക് വായ്പയുമാണ്. ദീര്‍ഘകാല വിളകളായ തെങ്ങ്, കമുക്, കുരുമുളക്, കശുമാവ് കൃഷിയോടൊപ്പം ഇടവിളയായി ചേന, മഞ്ഞള്‍, പച്ചക്കറികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി.
ആട് വളര്‍ത്തല്‍, പശുവളര്‍ത്തല്‍, തേനീച്ച കൃഷി തുടങ്ങിയ വ്യക്തിഗത ജീവനോപാധി പ്രവര്‍ത്തനങ്ങളും ഗ്രൂപ്പ് സംരംഭങ്ങളായ ഡിന്നര്സെ്റ്,വനിത തയ്യല്‍ യൂണിറ്റ്, കുട നിര്‍മാണ യൂണിറ്റ്, യന്ത്രവല്‍കൃത കിണര്‍ നിര്‍മാണ യൂണിറ്റ്, ചൂരല്‍ തടുപ്പ നിര്‍മാണം, കോഴിഫാം, വനിതാ ശിങ്കാരിമേളം തുടങ്ങിയവയും കേരള ഗ്രാമീണ ബാങ്കിന്റെ കാലിച്ചാനടുക്കം ബ്രാഞ്ചില്‍ നിന്നും 20 ലക്ഷം രൂപ വായ്പയെടുത്ത് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
വിവിധ തൊഴില്‍ സംരംഭങ്ങളും കൃഷിയിടങ്ങളും സംഘം സന്ദര്‍ശിച്ചു. സിആര്‍ഡി ഡയറക്ടര്‍ ഡോ.സി.ശശികുമാര്‍, പ്രോജക്ട് മാനേജര്‍ കെ.എ.ജോസഫ്, പദ്ധതി തല ആദിവാസി വികസന സമിതി പ്രസിഡന്റ് രമേശന് മലയാറ്റുകര, സെക്രട്ടറി എം.പത്മനാഭന് എന്നിവര്‍ നേതൃത്വം നല്കി.