മാലോം: ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്നും ചിഹ്നം കൂടി പോകുന്നതോടെ പിണറായി വിജയനെ മരപ്പട്ടി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക എന്ന തരത്തിലുള്ള ചുവരെഴുത്തുകളും ഫ്ലക്സ് ബോർഡുകളും ഉയർത്തേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു
.
യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണത്തിനായി ബളാൽ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാലോത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായായിരുന്നു അദ്ദേഹം.
മാലോം തട്ടിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് പൊതുയോഗ വേദിയിലേക്ക് പ്രതിപക്ഷ നേതാവിനെ ആനയിച്ചത്.
യോഗത്തിൽ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, മീനാക്ഷി ബാലകൃഷ്ണൻ, ഹക്കിം കുന്നിൽ, ബഷീർ വെള്ളിക്കോത്ത്, മിനി ചന്ദ്രൻ, പി.വി.സുരേഷ്, ബി.പി.പ്രദീപ്കുമാർ, എം.പി.ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഭീമനടി: രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി അധികാരത്തിലെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ വിജയം ഉറപ്പുവരുത്താൻ എല്ലാവരും രംഗത്തിറങ്ങണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കുന്നിലെ സി.എച്ച്.മൊയ്തുവിന്റെ വീട്ടിൽ ചേർന്ന യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ കുടുംബസംഗമത്തിൽ പങ്കെടുക്കാനെത്തി.
എം.അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. എളേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി കിഴക്കരക്കാട്ട്, കെ.കെ.രാജേന്ദ്രൻ, കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്, ഹക്കിം കുന്നിൽ, എ.ജി.സി.ബഷീർ, പി.കുഞ്ഞിക്കണ്ണൻ, ടോമി പ്ലാച്ചേരി, ജെറ്റോ ജോസഫ്, സി.എ.ബാബു, എ.വി.ഭാസ്കരൻ, ജാതിയിൽ അസിനാർ, ഗിരിജ മോഹനൻ, പി.സി.ഇസ്മയിൽ, ജോയി മാരൂർ എന്നിവർ പ്രസംഗിച്ചു.