സത്യനാരായണ ബളേരിക്ക് ആദരവുമായി ജില്ലാ ഭരണകൂടം
1394465
Wednesday, February 21, 2024 5:45 AM IST
കാസർഗോഡ്: നെൽവിത്തുകളുടെ സംരക്ഷണത്തിന് പദ്മശ്രീ പുരസ്കാരം നേടിയ സത്യനാരായണ ബളേരിയെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കളക്ടർ കെ. ഇമ്പശേഖർ ആദരഫലകം കൈമാറി. ഭാവിതലമുറയെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനായി കൃഷി സിലബസില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നും കാർഷികമേഖലയിലെ നേട്ടങ്ങൾക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്നും സത്യനാരായണ ബളേരി അഭിപ്രായപ്പെട്ടു.
ബളേരിയുടെ ജീവിതവും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ വിത്തിന്റെ കാവലാള്‍-സത്യനാരായണ ബളേരിയുടെ ജീവിതം എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കൈനിക്കര അധ്യക്ഷത വഹിച്ചു. പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം അസോസിയറ്റ് ഡയറക്ടര്‍ ഡോ. ടി. വനജ, പടന്നക്കാട് കാര്‍ഷിക കോളജിലെ അസി. പ്രഫ. ഡോ. പി.വി. വൈജയന്തി, എഡിഎം കെ.വി. ശ്രുതി, ആര്‍ഡിഒ പി. ബിനുമോന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി പി. ജോണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി. ദില്‍ന എന്നിവർ പ്രസംഗിച്ചു.