എ​ക്സൈ​സ് ട​വ​ര്‍ പ​ണി​യാ​ന്‍ അ​നു​വ​ദി​ച്ച​ത് 50 സെ​ന്‍റ്; കെ​ട്ടി​ടം നി​ര്‍​മി​ക്കു​മ്പോ​ള്‍ 37 സെ​ന്‍റ്
Friday, September 29, 2023 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ക്സൈ​സു​കാ​ര്‍ പി​ടി​ച്ചെ​ടു​ത്ത് സൂ​ക്ഷി​ച്ച മ​ദ്യ​ത്തി​ന്‍റെ അ​ള​വ് ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​മ്പോ​ഴേ​ക്ക് കു​റ​ഞ്ഞെ​ന്നൊ​ക്കെ പ​ല​പ്പോ​ഴും കേ​ള്‍​ക്കാ​റു​ണ്ട്. ജി​ല്ലാ ആ​സ്ഥാ​ന​ത്ത് എ​ക്സൈ​സ് ട​വ​ര്‍ പ​ണി​യാ​ന്‍ അ​നു​വ​ദി​ച്ച സ്ഥ​ല​ത്തി​ന്‍റെ അ​ള​വു ത​ന്നെ വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും കു​റ​ഞ്ഞു​പോ​യെ​ന്നാ​ണ് ഇ​പ്പോ​ള്‍ കേ​ള്‍​ക്കു​ന്ന​ത്. ഒ​ന്നും ര​ണ്ടു​മ​ല്ല, 13 സെ​ന്‍റ് സ്ഥ​ല​മാ​ണ് കു​റ​ഞ്ഞു​പോ​യ​ത്. 42 വ​ര്‍​ഷം മു​മ്പാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ലെ പു​ലി​ക്കു​ന്നി​ല്‍ എ​ക്സൈ​സ് ട​വ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ര​ണ്ട് സ​ര്‍​വേ ന​മ്പ​റു​ക​ളി​ലാ​യി 50 സെ​ന്‍റ് സ്ഥ​ലം അ​നു​വ​ദി​ച്ച​ത്. ഇ​വി​ടെ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ പോ​ലും ആ​രം​ഭി​ക്കാ​തെ നാ​ല് പ​തി​റ്റാ​ണ്ട് ക​ട​ന്നു​പോ​യി. ഒ​രു ചു​റ്റു​മ​തി​ല്‍ പോ​ലും നി​ര്‍​മി​ച്ചി​ല്ല.

അ​ടു​ത്തി​ടെ​യാ​ണ് എ​ക്സൈ​സ് വ​കു​പ്പ് ഇ​വി​ടെ കെ​ട്ടി​ടം നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പു​ലി​ക്കു​ന്നി​ലു​ള്ള 37 സെ​ന്‍റ് സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള പ്ലാ​ന്‍ ത​യ്യാ​റാ​ക്കാ​നാ​ണ് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ക​ത്തു ന​ൽ​കി​യ​ത്. 50 സെ​ന്‍റ് സ്ഥ​ല​മാ​ണ് എ​ക്സൈ​സ് വ​കു​പ്പി​നു​ള്ള​തെ​ന്ന് രേ​ഖ​ക​ളി​ല്‍ പ​റ​യു​മ്പോ​ഴാ​ണ് 37 സെ​ന്‍റ് മാ​ത്രം കാ​ണി​ച്ച് ക​ത്തു​

ന​ൽകി​യ​ത്. ബാ​ക്കി 13 സെ​ന്‍റ് എ​വി​ടെ പോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഭൂ​മി ആ​രെ​ങ്കി​ലും കൈ​യേ​റി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ റീ​സ​ര്‍​വേ ന​ട​ത്തി അ​ത് തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തെ ഉ​ള്ള സ്ഥ​ല​ത്ത് കെ​ട്ടി​ടം പ​ണി​യാ​മെ​ന്ന രീ​തി​യി​ല്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

5.2 കോ​ടി രൂ​പ​യ്ക്കാ​ണ് എ​ക്സൈ​സ് ട​വ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പ്ലാ​ന്‍ അം​ഗീ​ക​രി​ച്ചു​കി​ട്ടാ​ന്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ല്‍ ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​ന് ആ​ദ്യ​ഘ​ട്ട ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ങ്കി​ലും അ​തും ഇ​തു​വ​രെ ന​ട​പ്പാ​യി​ല്ല. സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​തെ ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ച്ചി​ട്ട് എ​ന്തു കാ​ര്യ​മെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു.