ഖനന ഭൂമിയില്‍ തണലൊരുക്കാന്‍ കുറ്റ്യാട്ടൂര്‍ മാവുകള്‍
1337203
Thursday, September 21, 2023 6:39 AM IST
കരിന്തളം: ഒരുകാലത്ത് കളിമണ്‍ ഖനനത്തിന്റെ പേരില്‍ സമരഭൂമിയായ തലയടുക്കത്തെ കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിന്റെ സ്ഥലത്ത് ഹരിതവത്കരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂര്‍ മാവിന് തൈകള്‍ നട്ടു.
നൂറ്റമ്പതോളം മാവിന് തൈകളാണ് പാറപൊടിച്ച ചുവന്ന മണ്ണില്‍ നട്ടുപിടിപ്പിച്ചത്. കെസിസിപിഎല്‍ ചെയര്മാന് ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. എംഡി ആനക്കൈ ബാലകൃഷ്ണന്, ഉമേശന് വേളൂര്‍, വി.സി. പത്മനാഭന് എന്നിവര്‍ സംബന്ധിച്ചു.
കരിന്തളത്ത് മനോഹരമായ മിയാവാക്കി പച്ചത്തുരുത്ത് സൃഷ്ടിച്ചിരിക്കുകയാണ് കെസിസിപിഎല്‍. 150 ഇനങ്ങളിലായി 1800 ഓളം വൃക്ഷതൈകള്‍ ഇവിടെ കാണാന്‍ കഴിയും. ഖനനം ചെയ്ത സ്ഥലത്താണ് മിയാവാക്കി ഒരുക്കിയിരിക്കുന്നത്. രണ്ടു വര്‍ഷം പ്രായമായ തൈകള്‍ക്ക് ഇതുവരെ മൂന്ന് മീറ്റര്‍ ഉയരം വന്നിട്ടുണ്ട്.
കരിന്തളം, നീലേശ്വരം യൂണിറ്റുകളില്‍ മത്സ്യ കൃഷി വിജയകരമായി നടന്നു വരുന്നു. ഗിഫ്റ്റ് തിലോപ്പിയ, കരിമീന്‍ എന്നിവയാണ് ഇപ്പോള്‍ കൃഷിചെയ്ത് വരുന്നത്. കൂടാതെ കമ്പനിയുടെ നീലേശ്വരം, പഴയങ്ങാടി യൂണിറ്റുകളില്‍ അഗ്രിപ്പിത്ത് എന്ന ബ്രാൻഡില്‍ ചകിരി കമ്പോസ്റ്റും വിപണിയിലിറക്കിയിട്ടുണ്ട്.
സസ്യ വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ ഏറെ ഗുണകരമാകുന്ന അഗ്രിപിത്ത് കമ്പോസ്റ്റ് ജല സംരക്ഷണ ശേഷി ഉള്ളതാണ്. വരണ്ട കാലാവസ്ഥയിലും ഈര്‍പ്പം നിലനിര്‍ത്തുന്ന ഈ ഉത്പന്നം വേനല്കെടുതിയില് നിന്നും വൃക്ഷങ്ങളെ സംരക്ഷിക്കുന്നു. ഒന്ന്, അഞ്ച്, പത്ത്, 25 കിലോ പാക്കറ്റുകളില്‍ ലഭ്യമാണ്. ചടങ്ങില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഉമേശന് വേളൂര്‍, വി.സി. പത്മനാഭന്, കമ്പനി ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.