ADVERTISEMENT
ADVERTISEMENT
17
Wednesday
September 2025
8:43 AM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ANNUAL REPORT 2025
Dark
Light
ADVERTISEMENT
Local News
കാസര്‍ഗോഡ്
KL14
select District
കാസര്‍ഗോഡ്
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
യോഗം നാളെ
1282386
Thursday, March 30, 2023 12:47 AM IST
X
കാസര്‍ഗോഡ്: ജില്ലാ നിര്‍മിതികേന്ദ്രയുടെ ഗവേണിംഗ് ബോഡി യോഗം നാളെ വൈകുന്നേരം നാലിന് ഓണ്‍ലൈനായി ചേരും.
ADVERTISEMENT
പിഎസ്സി പരീക്ഷ മാറ്റിയതറിയാതെ ഉദ്യോഗാർഥികൾ വലഞ്ഞു
കാസർഗോഡ്: പിഎസ്സി പരീക്ഷ മാറ്റിവച്ചതറിയാതെ അതിരാവിലെ പരീക്ഷാകേന്ദ്രത്തിലെത്തിയ ഉദ്യോഗാർഥികൾ വലഞ്ഞു. വനിതാ ശിശു വികസന വകുപ്പിൽ ഫീമെയിൽ കെയർടേക്കർ തസ്തികയിലേക്കാണ് ഇന്നലെ രാവിലെ ഏഴു മുതൽ 8.30 വരെ പരീക്ഷ നടക്കേണ്ടിയിരുന്നത്. തളങ്കര ഗവ.മുസ്ലിം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളായിരുന്നു ജില്ലയിലെ പരീക്ഷാകേന്ദ്രം. മലയോരമേഖലയിലെ വെള്ളരിക്കുണ്ടും ചിറ്റാരിക്കാലും വരെയുള്ള ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളിൽ പലരും വണ്ടി വാടകയ്ക്കെടുത്താണ് അതിരാവിലെ കാസർഗോട്ടെത്തിയത്. പരീക്ഷാകേന്ദ്രത്തിലെത്തിയപ്പോഴാണ് പരീക്ഷ മാറ്റിവച്ച കാര്യം അറിഞ്ഞത്. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ 13ന് രാത്രി തന്നെ പിഎസ്സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നതായാണ് പിഎസ്സി അധികൃതരുടെ വിശദീകരണം. എന്നാൽ തങ്ങളുടെ പ്രൊഫൈലിലോ മൊബൈലിലോ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഒരു എസ്എംഎസ് സന്ദേശം പോലും ലഭിക്കാതെ ആരും പിഎസ്സിയുടെ വെബ്സൈറ്റ് എടുത്ത് പരിശോധിക്കില്ലല്ലോയെന്നും അവർ പറയുന്നു. നേരത്തേ ഇതേ വകുപ്പിനു കീഴിൽ കോഴിക്കോട് ജില്ലയിൽ ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിലേക്ക് നടക്കേണ്ടിയിരുന്ന പരീക്ഷയും ഇതുപോലെ മുന്നറിയിപ്പില്ലാതെ മാറ്റിവച്ചിരുന്നതായി ഉദ്യോഗാർഥികൾ പറയുന്നു.
മലിനജലം നിറഞ്ഞ് വയലുകൾ; ആശങ്കയായി ഡെങ്കിപ്പനി മുതൽ അമീബിക് ജ്വരം വരെ
കാഞ്ഞങ്ങാട്: കൃഷിചെയ്യാതെ തരിശിട്ട വയലുകളിലും ചതുപ്പുകളിലും മലിനജലം നിറയുന്നത് രോഗഭീതി പരത്തുന്നു. റെയിൽവേ സ്റ്റേഷന്റെ പരിസരപ്രദേശങ്ങളിലും ആവിക്കര, കുശാൽനഗർ, കൊവ്വൽ ഭാഗങ്ങളിലുമെല്ലാം മഴ മാറിയിട്ടും വയലുകളിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. മിക്കയിടങ്ങളിലും മാലിന്യവും ജൈവാവശിഷ്ടങ്ങളും അടിഞ്ഞുകൂടി വെള്ളം ചീഞ്ഞുനാറിത്തുടങ്ങിയിട്ടുണ്ട്. മലിനജലത്തിൽ മുട്ടയിട്ട് പെരുകുന്ന കൊതുകുകൾ സമീപപ്രദേശങ്ങളിലുള്ളവർക്ക് തീരാദുരിതമാണ്. കൊതുകുകടിയേറ്റ് വർഷത്തിലൊരിക്കലെങ്കിലും പനിപിടിച്ച് ആശുപത്രിയിലാകാത്തവർ ഇവിടെയുണ്ടാകില്ല. മലിനജലം മൂലം ഡെങ്കിപ്പനിക്കും എലിപ്പനിക്കും പിന്നാലെ ഇപ്പോൾ അമീബിക് മസ്തിഷ്കജ്വരത്തിന്റെ ആശങ്കയും ഉയരുകയാണ്. ഇത് കാഞ്ഞങ്ങാട് നഗരത്തിലെ മാത്രം സ്ഥിതിയല്ല. ജില്ലയുടെ തീരദേശത്ത് പലയിടങ്ങളിലും ഏതാണ്ട് ഇതേ സാഹചര്യമാണ്. ജില്ലയുടെ വടക്കൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ മഴ മാറിയാലും മാസങ്ങളോളം വെള്ളക്കെട്ട് മാറാതെ നിൽക്കുന്ന അവസ്ഥയാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയില്ലാത്തതാണ് കാരണം. ഈ വെള്ളത്തിൽ മാലിന്യവും രോഗാണുക്കളും വന്നു നിറയുകയും ചെയ്യുന്നു. നീലേശ്വരം നഗരത്തോടുചേർന്ന തീരദേശമേഖലയിൽ പുഴയിലും കായലിലും നിന്ന് കയറുന്ന ഉപ്പുവെള്ളം വീട്ടുപറമ്പുകളിൽ പോലും കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. മിക്കയിടങ്ങളിലും സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് മലിനജലത്തിൽ ചവിട്ടാതെ വീട്ടിലെത്താനാവാത്ത സ്ഥിതിയാണ്. മുട്ടോളം വെള്ളത്തിൽ നീന്തിക്കടക്കുന്നവരുമുണ്ട്. അമീബയും ബാക്ടീരിയയുമെല്ലാം നിറഞ്ഞ ഈ വെള്ളത്തിലൂടെ ഓരോ ദിവസവും പലതവണ നീന്തിക്കടക്കേണ്ടിവരുമ്പോൾ കിണറിലെ വെള്ളം മാത്രം ക്ലോറിനേഷൻ നടത്തി അണുവിമുക്തമാക്കിയിട്ട് എന്തു കാര്യമെന്നാണ് സമീപവാസികൾ ചോദിക്കുന്നത്. തരിശിട്ടു കിടക്കുന്ന വയലുകളിലെല്ലാം കൃഷിചെയ്യാൻ കഴിയില്ലെങ്കിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനെങ്കിലും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ വയ്ക്കേണ്ടതല്ലേയെന്നാണ് അവരുടെ ചോദ്യം.
ഹരിതശോഭയോടെ കാസര്‍ഗോഡ്; പച്ചത്തുരുത്ത് പുരസ്കാരത്തില്‍ ആധിപത്യമുറപ്പിച്ച് ജില്ലയിലെ കണ്ടല്‍ തുരുത്തുകളും കാവുകളും
കാസര്‍ഗോഡ്: ഹരിതകേരള മിഷന് സംസ്ഥാന തല പച്ചത്തു രുത്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയുടെ അഭിമാനമുയര്‍ത്തി കണ്ടല്ത്തുരുത്തുകളും കാവുകളും. ജില്ലയിലെ നിരവധി പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്കാര കണ്ടല്‍ത്തുരുത്ത് വിഭാഗത്തില്‍ വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാല്‍ കണ്ടല്തുരുത്ത് കണ്ണൂര്‍ ജില്ലയിലെ വയലപ്ര പാര്‍ക്കിനോടൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടപ്പോള്‍ സാമൂഹ്യ വനവത്കരണ പ്രക്രിയയുടെ ഭാഗമായുള്ള കാസര്‍ഗോഡ് നഗരസഭയ്ക്ക് കീഴിലെ നഗരവനം പള്ളം പച്ചതുരുത്ത് രണ്ടാം സ്ഥാനവും കുമ്പള പഞ്ചായത്തിലെ ഷിറിയ കണ്ടല്‍ത്തുരുത്ത് മൂന്നാം സ്ഥാനവും നേടി. ദൈവാരാധനയ്ക്കൊപ്പം പച്ചപ്പും സംരക്ഷിച്ചുപോവുന്ന കാവുകളുടെ വിഭാഗത്തില്‍ ബേഡഡുക്ക പഞ്ചായത്തിലെ അടുക്കത്ത് ഭഗവതിക്ഷേത്രം മോലോത്തുകാല്കാവ് പച്ചത്തുരുത്ത് ഒന്നാംസ്ഥാനവും ഉദുമ പഞ്ചായത്ത് കാലിച്ചാംകാവ് -കാപ്പുകയം പച്ചതുരുത്ത് രണ്ടാം സ്ഥാനവും കോടോം-ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ കോളിക്കാല് ഭഗവതി കാവ് പച്ചത്തുരുത്ത് മൂന്നാംസ്ഥാനവും നേടി.
കൈക്കരുത്തില്‍ കണ്ടലുകള്‍
16.2 കിലോമീറ്റര്‍ വിസ്തൃതിയില്‍ 24 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കവ്വായി കായലും അതിര്‍ത്തി പങ്കിടുന്നതുമായ വലിയപറമ്പ് പഞ്ചായത്ത് ജൈവവൈവിധ്യത്തിന്റെ ഒരു കലവറ തന്നെയാണ്. 24 കിലോമീറ്റര്‍ കടല്‍ത്തീരവും രണ്ട് അഴിമുഖവും ഉള്ള നാല് ദ്വീപുകളുടെ കൂട്ടമാണ് വലിയപറമ്പ.
കുമ്പള പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് ഷിറിയ പുഴ കണ്ടല്‍ത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. സര്‍വേ നമ്പര്‍ 72-ല്‍പ്പെടുന്ന 21.694 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഈ പ്രദേശം പ്രകൃതിയുടെ അപൂര്‍വ്വ സംഭാവനയായി നിലകൊള്ളുന്നു. ആരിക്കടി പുഴ ഒഴുകുന്ന ഈ പ്രദേശം പരിസ്ഥിതി സംരക്ഷണത്തിനും ജൈവ വൈവിധ്യത്തിനും ഏറെ പ്രധാന്യമുള്ളതാണ്. ഈ തുരുത്ത് നിരവധി പക്ഷി ഇനങ്ങള്‍ക്ക് സ്ഥിര താമസവും പ്രജനന കേന്ദ്രവുമാണ്. ദേവ ഹരിതം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ശ്രദ്ധ നേടുകയാണ് പിലിക്കോട് പഞ്ചായത്തിലെ വീതുകുന്ന് സ്മൃതിവനം. പിലിക്കോട് പഞ്ചായത്തിലെ രണ്ട്, 11 വാര്‍ഡുകളിലായി സ്ഥിതിചെയ്യുന്ന ഏകദേശം 10 ഏക്കര്‍ വിസ്തീര്‍ണമുള്ള ഈ കുന്ന് ഒരുകാലത്ത് നെല്‍വയലുകളാല്‍ ചുറ്റപ്പെട്ട അവസ്ഥയിലായിരുന്നു. വീത്കുന്ന് സ്മൃതിവനം പദ്ധതിയുടെ ഭാഗമായി 2010 മുതല്‍ കുന്നിന് ചെരിവുകളില്‍ വ്യാപകമായി വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇപ്പോള്‍ ഇവിടെ 218 ഇനങ്ങളിലായി 1217 മരങ്ങള്‍ വളര്‍ന്നു നില്ക്കുന്നു. ദൈവാരാധനയ്ക്കൊപ്പം പച്ചപ്പും സംരക്ഷിച്ചുപോവുന്ന കാവുകളുടെ വിഭാഗത്തില്‍ അടുക്കത്ത് ഭഗവതി ക്ഷേത്രം മോലോത്തുകാല്കാവ് പച്ചത്തുരുത്ത് ഒന്നാംസ്ഥാനവും കാലിച്ചാംകാവ് -കാപ്പുകയം പച്ചതുരുത്ത് രണ്ടാംസ്ഥാനവും എണ്ണപ്പാറ കോളിക്കാല് ഭഗവതി കാവ് പച്ചത്തുരുത്ത് മൂന്നാംസ്ഥാനവും നേടി. ബേഡഡുക്ക പഞ്ചായത്തിലെ പ്രധാന ആരാധനാലയമായ മോലോത്തംകാല് അടുക്കത്ത് ഭഗവതി ക്ഷേത്രപരിസരത്താണ് പത്തേക്കര്‍ സ്ഥലത്ത് വിസ്തൃതമായി കിടക്കുന്ന ഏതാണ്ട് 600 വര്‍ഷം പഴക്കമുള്ള ഈ കാവ് സ്ഥിതി ചെയ്യുന്നത്. എണ്ണപ്പാറ ടൗണിനു സമീപമാണ് എണ്ണപ്പാറ കോളിക്കാല് ഭഗവതിക്കാവ് പച്ചത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. ഒരേക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. ചെങ്കല്ല് പാറപ്പുറത്ത് ഭഗവതി ദേവസ്ഥാനത്തിനു ചുറ്റും മരങ്ങളും വള്ളികളുമായി ഉണ്ടായിരുന്ന കാവ് ഇന്ന് ഒരേക്കറിലധികം വിസ്തൃതിയിലേക്ക് വ്യാപിച്ചിരിക്കുന്നു.
ആഗോള അയ്യപ്പസംഗമവും വികസനസദസും തട്ടിപ്പ്: യുഡിഎഫ്
കാസര്‍ഗോഡ്: തദ്ദശ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ആഗോള അയ്യപ്പ സംഗമവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസനസദസും തട്ടിപ്പാണെന്ന് യുഡിഎഫ് ജില്ലാകമ്മിറ്റി. ശബരിമലയുടെ വിശ്വാസ സംരക്ഷണം ഉറപ്പാക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മുന്‍നിര്‍ത്തി നടത്തുന്ന ആഗോള അയ്യപ്പസംഗമം കപട അയ്യപ്പ സ്നേഹവും രാഷ്ട്രീയ ദുഷ്ടലാക്കുമാണ്. ഈ വിഷയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ കണ്വന്ഷന് നടത്താനും യോഗം തീരുമാനിച്ചു. ജില്ലയിലെ പഞ്ചായത്തുകളില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് കാരണം പല പഞ്ചായത്തുകളും അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന് യോഗം വിലയിരുത്തി. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം ആരംഭിച്ചെങ്കിലും മെഡിക്കല്‍ കോളേജില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യുഡിഎഫ് നേതൃത്വം മുന്നറിയിപ്പ് നല്കി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്മാന് കല്ല് മാഹിന്‍ ഹാജി അധ്യക്ഷതവഹിച്ചു. എ. ഗോവിന്ദന് നായര്‍, പി.കെ. ഫൈസല്‍, എ. അബ്ദുള്‍ റഹ്മാന്, കെ. നീലകണ്ഠന്, എം.സി. കമറുദ്ദീന്, ജെറ്റോ ജോസഫ്, മാഹിന്‍ കേളോട്ട്, മഞ്ജുനാഥ ആല്‍വ, ടിമ്പര്‍ മുഹമ്മദ്, ബഷീര്‍ വെള്ളിക്കോത്ത്, പ്രിന്‍സ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
പ്രീമെട്രിക് ഹോസ്റ്റലിലെ പീഡനം: പട്ടികവർഗ വികസന ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
പരപ്പ: പ്രീ മെട്രിക് ഹോസ്റ്റലിലുണ്ടായ പ്രകൃതിവിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പ പട്ടികവർഗ വികസന ഓഫീസിലേക്ക് മാർച്ച് നടത്തി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലെ മുഴുവൻ കുട്ടികളെയും കൗൺസിലിംഗിന് വിധേയമാക്കണമെന്നും സമാനമായ പീഡനം മറ്റു കുട്ടികളും അനുഭവിച്ചിട്ടുണ്ടെങ്കിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സജീവ സിപിഎം പ്രവർത്തകനായ ഹോസ്റ്റൽ വാർഡനെ ഭരണത്തിന്റെ തണലിൽ സംരക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് തമ്പാൻ, ജനറൽ സെക്രട്ടറിമാരായ മാർട്ടിൻ ജോർജ്, രജിത രാജൻ, മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു പ്രകാശ്, പി.സി. അജീഷ്, രാകേഷ് പാണംതോട്, അനൂപ് ഓർച്ച, ഭാരവാഹികളായ സിജോ അമ്പാട്ട്, അജിത്ത് പൂടംകല്ല്, രഞ്ജിത്ത് അരിങ്കല്ല്, ജിബിൻ ജെയിംസ്, കൃഷ്ണലാൽ തോയമ്മൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, ബളാൽ മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ്, കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡന്റ് മനോജ് തോമസ്, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാഘവൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജോ പി. ജോസഫ്, ബാലഗോപാലൻ കാളിയാനം, കണ്ണൻ പട്ളം, കണ്ണൻ മാളൂർകയം എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ച് പട്ടികവർഗ വികസന ഓഫീസിനു മുന്നിൽ വച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ നേരിയ ഉന്തും തള്ളും നടന്നു.
ജില്ലയിൽ പുതിയ യൂത്ത് സ്പോർട്സ് അസോസിയേഷൻ രൂപീകരിച്ചു
പാലാവയൽ: ഇന്ത്യൻ യൂത്ത് സ്പോർട്സ് അസോസിയേഷൻ കേരളയുടെ കീഴിൽ കാസർഗോഡ് ജില്ലയിൽ പുതിയ അസോസിയേഷന് തുടക്കമായി. പാലാവയൽ സ്പോർട്സ് ക്ലബിൽ നടന്ന യോഗത്തിൽ സംസ്ഥാന അസോസിയേഷൻ ട്രഷറർ ഡോ.ബി. സനു ജില്ലാ യൂത്ത് സ്പോർട്സ് അസോസിയേഷൻ രൂപീകരണ പ്രഖ്യാപനം നടത്തി. അഫിലിയേഷൻ സർട്ടിഫിക്കറ്റ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ബിജു മാപ്പിളപറമ്പിലിന് കൈമാറി. പാലാവയൽ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെ യോഗം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് പാറേക്കുടിയിൽ, പാലാവയൽ പള്ളി അസി. വികാരി ഫാ. അമൽ ചെമ്പകശേരിൽ, ജോസ് പ്രകാശ്, പി.കെ. ജോസഫ്, വത്സമ്മ ജോണി, ജോസ് പെരിങ്ങല്ലൂർ, ബിജു കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സെന്റ് ജോൺസ് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി സംഘാടകസമിതി രൂപീകരിച്ചു
പാലാവയൽ: സെന്റ് ജോൺസ് എൽപി സ്കൂൾ പാലാവയൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സംഘാടകസമിതി രൂപീകരണയോഗം സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ജെ. റെന്നി വേലിക്കകത്ത് അധ്യക്ഷതവഹിച്ചു. വിവിധ കമ്മിറ്റികളുടെ രൂപീകരണവും ബഡ്ജറ്റ് അവതരണവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രോഗ്രാമുകളുടെ ആസൂത്രണവും നടന്നു. ഫാ. ജോസ് മാണിക്യത്താഴ രക്ഷാധികാരിയും വി.ജെ. റെന്നി ചെയർമാനും ജോയ് വണ്ടന്നാനി ജനറൽ കൺവീനറുമായുള്ള സംഘാടകസമിതിക്ക് രൂപം കൊടുത്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പ്രശാന്ത് പാറേക്കുടിലിൽ, പ്രിൻസിപ്പൽ ഡോ. മെന്റലിൻ മാത്യു, മുഖ്യാധ്യാപിക എം.വി. ഗീതമ്മ, ഷെറിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
കെപിഎസ്ടിഎ സംസ്ഥാനയാത്രയ്ക്ക് സ്വീകരണം നല്കി
കാഞ്ഞങ്ങാട്: സര്‍ക്കാരിന്റെ വികലമായ പൊതുവിദ്യാഭ്യാസനയങ്ങള്ക്കെതിരെ കെപിഎസ്ടിഎ നടത്തുന്ന മാറ്റൊലി പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശയാത്ര കാഞ്ഞങ്ങാട്ട് സ്വീകരണം നല്കി. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ. അബ്ദുള്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി. എം. അസൈനാര്‍, ഹക്കീം കുന്നില്‍, കേശവന് നമ്പൂതിരി, അലോഷ്യസ് ജോര്‍ജ്, വട്ടപ്പാറ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ശശിധരന് സ്വാഗതവും കെ.കെ. സജിത് നന്ദിയും പറഞ്ഞു.
ബിരിയാണി ചലഞ്ച്: തുക കൈമാറി
വെള്ളരിക്കുണ്ട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാത്തിക്കരയിലെ അജയൻ കൂട്ടക്കളത്തിന്റെ ചികിത്സാസഹായത്തിനായി എൽഡിഎഫ് വെള്ളരിക്കുണ്ട് കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 2.36 ലക്ഷത്തോളം രൂപ കുടുംബത്തിന് കൈമാറി. 3100 ഓളം ബിരിയാണി പായ്ക്കറ്റുകളാണ് വിറ്റത്. ബിജു തുളുശേരി ഉദ്ഘാടനം ചെയ്തു. ബേബി പുതുമന അധ്യക്ഷതവഹിച്ചു. ഹരീന്ദ്രൻ പാത്തിക്കര, ചന്ദ്രൻ വിളയിൽ, തോമസ് പാലമറ്റം, ടോമി മണിയതോട്ടം, ജയിംസ്, കെ.യു. ജോയ്, സൈമൺ മൊട്ടയാനി, ജോയ് കുമളിയിൽ, ജോജി പാലമറ്റം, ടി.എൻ. ഗിരീഷ്, ജോഷ്ജോ ഒഴുകയിൽ, ജോസ് കാക്കക്കൂട്ടുങ്കൽ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ കെ. വിഷ്ണു സ്വാഗതവും രാധിക അനീഷ് നന്ദിയും പറഞ്ഞു.
കോൺഗ്രസ് മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി
വെള്ളരിക്കുണ്ട്: ബളാൽ മണ്ഡലം പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ പതാക ഉയർത്തി. വാർഡ് പ്രസിഡന്റ് ദേവസ്യ മുതുകുളം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ഹരീഷ് പി. നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ്, എൻ.ഡി. വിൻസന്റ്, ബിജു ചാമക്കാല, ജിമ്മി എടപ്പാടി, അവറാച്ചൻ, ഔസേപ്പച്ചൻ, കറ്റൊട്ട് തോമസ് എന്നിവർ സംസാരിച്ചു.
ഐഎന്‍ടിയുസി നേതാവിനെ പുറത്താക്കി
കാസര്‍ഗോഡ്: പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യമാധ്യങ്ങളില്‍ ഉള്‍പ്പെടെ ശബ്ദസന്ദേശം പ്രചരിപ്പിച്ച ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് ഡിവിഷന് കമ്മിറ്റി മുന്‍ പ്രസിഡന്റുമായ എ.കെ.കോരനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അറിയിച്ചു.
ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ ഗെയിംസിന് ഇന്ന് തുടക്കം
വെള്ളരിക്കുണ്ട്: ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കായികമേളയുടെ ഭാഗമായുള്ള ഗെയിംസ് മത്സരങ്ങൾ ഇന്നുമുതൽ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ആൺകുട്ടികളുടെ അണ്ടർ 19,17 വിഭാഗങ്ങളിലും പെൺകുട്ടികളുടെ എല്ലാ വിഭാഗങ്ങളിലുമുള്ള ഫുട്ബോൾ മത്സരങ്ങളാണ് ഇന്ന് നടക്കുക. നാളെ വോളിബോൾ മത്സരവും 19 ന് അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗം ഫുട്ബോൾ മത്സരവും 20 ന് ചെസ് മത്സരവും നടക്കും.
ഊരാളുങ്കലിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: ബിജെപി
കാസര്‍ഗോഡ്: ദേശീയപാത നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നിര്‍മാണകരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭാഗത്തുനിന്നുണ്ടായത് കടുത്ത അനാസ്ഥയെന്നും കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി. ക്രെയിന്‍ പൊട്ടിവീണ് രണ്ടു തൊഴിലാളികള്‍ക്ക് ജീവഹാനിയുണ്ടായത് അതീവ ദുഃഖകരമാണ്. സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നെങ്കില്‍ രണ്ട് വിലപ്പെട്ട ജീവന് നഷ്ടമാകുമായിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ എ ഗ്രേഡ് അംഗീകാരം നേടിയ സ്ഥാപനത്തിന്റെ ഇത്തരത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായത് കമ്പനിയുടെ പ്രവര്‍ത്തന യോഗ്യതയെകുറിച്ച് സംശയമുണ്ടാക്കുന്നുവെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.
മലയാളി ജവാന് രാജസ്ഥാനിൽ വാഹനാപകടത്തില്‍ മരിച്ചു
ചിറ്റാരിക്കാൽ: മലയാളി ബിഎസ്എഫ് ജവാൻ രാജസ്ഥാനിൽ വാഹനാപകടത്തില്‍ മരിച്ചു. മണ്ഡപത്തെ തലച്ചിറയിൽ മാണിക്കുട്ടി - ഗ്രേസിക്കുട്ടി ദമ്പതികളുടെ മകൻ ഷിൻസ് (45) ആണ് മരിച്ചത്. ജോലിസ്ഥലത്തു നിന്നും താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വാഹനമിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഏതാനും വര്‍ഷമായി മണക്കടവില്‍ താമസിച്ചുവരികയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ ജിസ്മി ചെറുപാറ കാരിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ഫിയോണ, ഫെബിൻ (ഇരുവരും മണക്കടവ് ശ്രീപുരം സ്കൂള്‍ വിദ്യാര്‍ഥികള്‍).
പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചനിലയില്‍
ബന്തടുക്ക: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബേത്തലം ഉന്തത്തടുക്കയിലെ പരേതനായ സതീശന്റെയും ബന്തടുക്ക ഗ്രാമീണബാങ്കിനു സമീപം കഞ്ഞിക്കട നടത്തുന്ന സവിതയുടെയും മകള്‍ ദേവിക (15) ആണ് മരിച്ചത്. കുണ്ടംകുഴി ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനിയായിരുന്ന ദേവിക വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ബാലസംഘത്തിന്റെ സജീവപ്രവര്‍ത്തകയായിരുന്നു. സഹോദരന്: വിപിന്‍രാജ് (എട്ടാംക്ലാസ് വിദ്യാര്‍ഥി, ബന്തടുക്ക ജിഎച്ച്എസ്എസ്).
പനത്തടി പഞ്ചായത്ത് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി
പനത്തടി: പനത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡ് ചെറുപനത്തടിയിലെ ഭിന്നശേഷിക്കാരനായ പി.കെ. നാരായണന് അതിദരിദ്ര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതി പ്രകാരം പഞ്ചായത്ത് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് താക്കോൽ കൈമാറ്റം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത അരവിന്ദൻ, പഞ്ചായത്ത് അംഗങ്ങളായ എൻ. വിൻസെന്റ്, കെ.കെ. വേണുഗോപാൽ, കെ.ജെ. ജെയിംസ്, രാധ സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി ഇ.എം. ഷിബു, അസി. സെക്രട്ടറി ജോസഫ് ഡാനിയേൽ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മിനിഷ എന്നിവർ പ്രസംഗിച്ചു. അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനായി 2022 ൽ നടത്തിയ സർവേയിലാണ് മൂന്ന് സെന്റ് സ്ഥലത്ത് കുടിൽകെട്ടി കഴിയുകയായിരുന്ന നാരായണനെയും ഭാര്യ രോഹിണിയെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. ലൈഫ് ഭവന പദ്ധതിക്ക് കൃത്യസമയത്ത് അപേക്ഷ സമർപ്പിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് നാരായണന് ഭിന്നശേഷി സർട്ടിഫിക്കറ്റും വികലാംഗ പെൻഷനും അനുവദിച്ചു നൽകിയിരുന്നു. വീടിന്റെ നിർമാണവും ആരംഭിച്ചെങ്കിലും ഭാര്യ രോഹിണിയുടെ പെട്ടെന്നുള്ള മരണം മൂലം അത് പാതിവഴിയിൽ നിലച്ചു. ഈ വർഷം ശക്തമായ കാറ്റിലും മഴയിലും തെങ്ങു വീണ് നാരായണന്റെ ഓല ഷെഡ് തകർന്നതോടെയാണ് പഞ്ചായത്തംഗം എൻ. വിൻസെന്റിന്റെ മുൻകൈയിൽ വീട് നിർമാണം പുനരാരംഭിച്ചത്. ഭാര്യയുടെ ഓർമ്മയ്ക്കായി രോഹിണി നിലയം എന്നാണ് പുതിയ വീടിന് പേര് നൽകിയിരിക്കുന്നത്. പനത്തടി പഞ്ചായത്തിൽ അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഏഴു കുടുംബങ്ങളുടെ കൂടി വീട് നിർമാണം നടന്നുവരികയാണെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ബേക്കല്‍ കടല്‍ത്തീരം ശുചീകരിച്ച് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥികള്‍; നീക്കിയത് ഒരു ടണ്‍ മാലിന്യം
ബേക്കല്‍: ലോക തീരദേശശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് ബേക്കല്‍ കടല്‍ത്തീരം വൃത്തിയാക്കി കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍. സ്വ ഛ് സാഗര്‍, സുരക്ഷിത് സാഗര്‍ എന്ന സന്ദേശവുമായി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോർ കോസ്റ്റല്‍ റിസര്‍ച്ചിന്റെ (എന്‍സിസിആര്‍) സഹകരണത്തോടെ സര്‍വകലാശാലയിലെ നാഷണല്‍ സര്‍വ്വീസ് സ്കീം (എന്‍എസ്എസ്) ആണ് പരിപാടി സംഘടിപ്പിച്ചത്. ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്പ്പറേഷന് (ബിആര്‍ഡിസി), ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ (ഡിടിപിസി), പെരിയടുക്ക എംപി ഇന്റര്‍നാഷണല്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും ശുചീകരണ യജ്ഞത്തില്‍ കൈകോര്‍ത്തതോടെ നീക്കം ചെയ്തത് ഒരു ടണ്‍ മാലിന്യം. ഇതില്‍ 368 കിലോയും പ്ലാസ്റ്റിക് മാലിന്യമാണ്. പേപ്പര്‍, ഗ്ലാസ്, മെറ്റല്‍, തുണി, റബര്‍ മാലിന്യങ്ങളാണ് മറ്റുള്ളവ. രാവിലെ ഏഴിന് ആരംഭിച്ച ശുചീകരണം ഉച്ച വരെ നീണ്ടു. കടല്‍ത്തീരത്ത് ചിതറിക്കിടന്ന പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ മണിക്കൂറുകളോളമെടുത്താണ് ശേഖരിച്ചത്. പിന്നീട് ഇവ തരംതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് മഹയൂബ ഇക്കോ സൊലൂഷന്‍സിന് കൈമാറി. വിദ്യാര്‍ഥികള്‍ കടല്‍ത്തീര ശുചീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന മണല്‍ ശില്പവും ഒരുക്കി. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ഷിജിന് പറമ്പത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട, മഹയൂബ ഇക്കോ സൊലൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കുഞ്ഞബ്ദുള്ള, ബേക്കല്‍ ബീച്ച് പാര്‍ക്ക് ഡയറക്ടര്‍ മുഹമ്മദ് അനസ്, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എസ്. അന്പഴഗി, ടെക്നിക്കല്‍ ഓഫീസര്‍ ഡോ.വി. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഫയല്‍ നഷ്ടപ്പെട്ടാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം: വിവരാവകാശ കമ്മീഷണര്‍
കാസര്‍ഗോഡ്: വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ട ഔദ്യോഗിക ഫയല്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി.കെ. രാമകൃഷ്ണന്. തെറ്റായും വ്യക്തത ഇല്ലാതെയും വിവരം നല്‍കുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യമാണ്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്റെ ഹിയറിംഗില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷണര്‍. പരോക്ഷ ജനാധിപത്യത്തെ പ്രത്യക്ഷമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവരാവകാശ നിയമമെന്നും ശാക്തീകരിക്കപ്പെട്ട ജനതയും സുതാര്യ ഭരണവും നിയമത്തിന്റെ ലക്ഷ്യങ്ങളാണെന്നും കമ്മീഷണര്‍ പറഞ്ഞു. വിവരാവകാശ നിയമം നടപ്പിലാക്കിയിട്ട് 20 വര്‍ഷമായിട്ടും ഉദ്യോഗസ്ഥര്‍ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടില്ലെന്നും അതു പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുമെന്നും കമ്മീഷന് പറഞ്ഞു. ഇന്നത്തെ ഹിയറിംഗില്‍ ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയക്കുമെന്നും കമ്മീഷന് പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഹിയറിംഗില്‍ ജില്ലയിലെ 15 പരാതികളില്‍ 13 എണ്ണം തീര്‍പ്പാക്കി.
പഞ്ചായത്തുകളില്‍ വനംവകുപ്പ് ഹെല്പ് ഡെസ്ക് തുറക്കും
കാസര്‍ഗോഡ്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മലയോര പഞ്ചായത്തുകളില്‍ ഇന്നു മുതല്‍ 30 വരെ വനം വകുപ്പ് ഹെല്‍പ്പ് ഡെസ്ക് തുറക്കും. മുളിയാര്‍, കാറഡുക്ക, ദേലംപാടി, പനത്തടി, ഈസ്റ്റ് എളേരി, ബളാല്‍ പ്രഞ്ചായത്തുകളിലും വനം വകുപ്പ് ഓഫീസുകളിലുമായിരിക്കും ഡെസ്കുകള്‍ പ്രവര്‍ത്തിക്കുക. വന്യമൃഗശല്യം ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, വനം വകുപ്പിന്റെ സേവനങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ എന്നിവ ഹെല്‍പ്പ് ഡെസ്കുകളില്‍ സ്വീകരിക്കും പരിഹരിക്കാവുന്ന പരാതികള്‍ ഈ ഘട്ടത്തില്‍ തന്നെ പരിഹരിക്കും. ബാക്കിയുള്ളവ ജില്ലാതല, സംസ്ഥാനതല ഘട്ടങ്ങളില്‍ പരിഗണിക്കും. ജില്ലാതലഘട്ടം ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെയും സംസ്ഥാനതല ഘട്ടം 16 മുതല്‍ 30 വരെയുമാണ്. സെപ്റ്റംബര്‍ 23, 29 തീയതികളില്‍ അതത് പഞ്ചായത്തുകളില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ തയ്യാറാക്കിയ അഭിപ്രായങ്ങള്‍ അവതരിപ്പിക്കും. ശേഷം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചതിന് ശേഷം ഫൈനല്‍ പ്ലാന്‍ പൂര്‍ത്തിയാക്കും. പൊതുജനങ്ങള്‍ തദ്ദേശസ്ഥാപന പരിധിയിലെ ഹെല്‍പ്പ് ഡെസ്കിലെത്തി സേവനം പ്രയോജനപ്പെടുത്തണമെന്ന് കാസര്‍ഗോഡ് ഡിഎഫ്ഒ കെ. അഷറഫ് അറിയിച്ചു.
വിളനാശം സംഭവിച്ച കമുക് കർഷകർക്ക് നഷ്ടപരിഹാരം നൽകണം: കിസാൻ സേന
ബദിയടുക്ക: മഹാളിരോഗം മൂലം വിളനാശം സംഭവിച്ച കമുക് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കൃഷി ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതിയുടെ കുടിശിക കൃഷിഭവനുകൾ തന്നെ അടക്കണമെന്നും കിസാൻ സേന ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുന്നവർക്ക് എത്രയുംവേഗം കർഷക പെൻഷൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. കല്ലിഗെ ചന്ദ്രശേഖർ റാവു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഗോവിന്ദ ഭട്ട് അധ്യക്ഷത വഹിച്ചു. ഷുക്കൂർ കണാജെ സ്വാഗതവും സച്ചിൻ കുണ്ടാർ നന്ദിയും പറഞ്ഞു.
തീരദേശത്തെ എംസിഎഫുകള്‍ തുരുമ്പെടുത്ത് നശിക്കുന്നു
കുമ്പള: ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചുവയ്ക്കുന്നതിനായി പഞ്ചായത്ത് സ്ഥാപിച്ച മിനി എംസിഎഫുകള്‍ തുരുമ്പെടുത്തു നശിക്കുന്നു. നിരന്തരം ഉപ്പുകാറ്റേല്ക്കുന്ന തീരദേശ മേഖലകളില്‍ ഇരുമ്പുവലകള്‍ കൊണ്ടുമാത്രമുള്ള എംസിഎഫുകള്‍ നിര്‍മിച്ചതാണ് ഇതിനു കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പെർവാഡ് കടപ്പുറത്ത് മൂന്നു വര്‍ഷം മുമ്പ് സ്ഥാപിച്ച മിനി എംസിഎഫ് പോലും ഇപ്പോള്‍ ദ്രവിച്ചു തകരാന്‍ തുടങ്ങിയ നിലയിലാണ്. ഇതോടെ ഇവിടെ ഹരിത കര്‍മസേന സംഭരിക്കുന്ന മാലിന്യം തെരുവുനായ്ക്കളും കാക്കകളും വീണ്ടും വലിച്ചു പുറത്തിടുന്ന അവസ്ഥയായി. രണ്ടാഴ്ചയിലൊരിക്കലാണ് ഹരിത കർമസേന പ്രവർത്തകര്‍ ഇവിടെ നിന്ന് മാലിന്യം തരംതിരിച്ച് കൊണ്ടുപോകുന്നത്. തീരദേശങ്ങളില്‍ ഇരുമ്പ് കൂടുകൾക്ക് പകരം ഉപ്പുകാറ്റിനെ പ്രതിരോധിക്കാവുന്ന രീതിയില്‍ പ്ലാസ്റ്റിക്കോ ഫൈബറോ ഉപയോഗിച്ചുള്ള എംസിഎഫ് കൂടുകൾ സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടക്കുരുക്കായി ഒരു കേബിൾ
കാഞ്ഞങ്ങാട്: സർവീസ് റോഡിന്റെ ഉള്ളിൽ നിന്ന് നടപ്പാതയ്ക്ക് കുറുകേ ഒന്നര മീറ്ററോളം നീളത്തിൽ വലിച്ചുവച്ചിരിക്കുന്ന ഒരു കേബിൾ. കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനു സമീപം ചിത്താരി ഭാഗത്തുനിന്നുള്ള റോഡ് വന്നുചേരുന്ന ഭാഗത്തെ പച്ചക്കറിക്കടകൾക്കു സമീപത്തായാണ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടക്കുരുക്കായി കേബിൾ വലിച്ചുവച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന വിദ്യാർഥിനി ഈ കേബിളിൽ കാൽ കുരുങ്ങി മറിഞ്ഞുവീണിരുന്നു. ഭാഗ്യംകൊണ്ടുമാത്രമാണ് കോൺക്രീറ്റിൽ തലയടിച്ചു വീഴാതിരുന്നത്. കൈകാലുകൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിനു മുമ്പും ചെറുതും വലുതുമായ അപകടങ്ങളുണ്ടായിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് നഗരത്തിൽ ഭൂഗർഭ വൈദ്യുതലൈൻ സ്ഥാപിക്കുന്നതിനായി നടപ്പാക്കിയ പാഴായിപ്പോയ പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിൽ സ്ഥാപിച്ച കേബിളുകളിലൊന്നിന്റെ ഭാഗമാണ് ഇതെന്നാണ് സൂചന. തൊട്ടടുത്തുള്ള വൈദ്യുത തൂണിലേക്ക് കണക്ഷൻ കൊടുക്കുന്നതിനായി നീട്ടിവച്ചിരുന്നതാണ്. ഭൂഗർഭ വൈദ്യുതലൈൻ പദ്ധതി ഇനി നടപ്പാക്കാനാവില്ലെന്നു വന്നതോടെ ഈ ഭൂഗർഭ കേബിളുകൾ ഉപയോഗിച്ച് ചിത്താരി ഫീഡറിലേക്ക് പുതിയ ലൈൻ സ്ഥാപിക്കാൻ നീക്കം നടന്നിരുന്നു. അതും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പക്ഷേ മാസങ്ങളോളമായി സർവീസ് റോഡിനും നടപ്പാതയ്ക്കും കുറുകേ അപകടകരമായ വിധത്തിൽ കേബിൾ വലിച്ചുവച്ചിരിക്കുന്നത് ഇതുവരെയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല.
കെപിഎസ്ടിഎ മാറ്റൊലി പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശയാത്രയ്ക്ക് ഉജ്വല തുടക്കം 4കേരളത്തിലേത് സാങ്കല്പിക ഭരണം: ഷാഫി പറമ്പില്‍
കാസര്‍ഗോഡ്: കേരളത്തില്‍ നടക്കുന്നത് ഭരണമെന്ന സങ്കല്പം മാത്രമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. ചെര്‍ക്കളയില്‍ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ മാറ്റൊലി പൊതുവിദ്യാവിഭ്യാസപരിവര്ത്തന സന്ദേശയാത്ര ചെര്‍ക്കളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനസര്‍ക്കാരിന്റെ ഓരോവകുപ്പും കടുത്ത പ്രതിസന്ധിയിലാണ്. ആരോഗ്യവകുപ്പ് മോര്‍ച്ചറിയിലാണ്. പോലീസ് സിപിഎമ്മിന്റെ ഗുണ്ടകളുടെ പണിയാണ് നടത്തുന്നത്. വിദ്യാഭ്യാസരംഗത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ അട്ടിമറിച്ച് അധ്യാപകരെയും വിദ്യാര്‍ഥികളെയും വഴിയാധാരമാക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി, കെ.നീലകണ്ഠന്, എം.അസൈനാര്‍, ഹക്കീം കുന്നില്‍, പി.ഹരിഗോവിന്ദന്, വട്ടപ്പാറ അനില്‍കുമാര്‍, ടി.വി.ജയിംസ്, കെ.ആര്. കാര്ത്തികേയന്, ജവാദ് പുത്തൂര്‍, ബി. സുനില്‍കുമാര്‍, എന്‍. രാജ്മോഹന്‍, ബി.ബിജു, അനില്‍ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജുജോര്‍ജ്, പി.എസ്. ഗിരീഷ്കുമാര്‍, ജി.കെ.ഗിരീഷ്, എം.കെ.അരുണ, പി.പി.ഹരിലാല്‍, പി.ടി.ബെന്നി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അരവിന്ദന് സ്വാഗതവും കെ.ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു. ഇന്നു രാവിലെ 10നു കാഞ്ഞങ്ങാട് സ്വീകരണം ഏറ്റുവാങ്ങുന്ന യാത്ര ഉച്ചയ്ക്കു 12നു പയ്യന്നൂരില്‍ എത്തിച്ചേരും.
യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ
കരിന്തളം: വടക്കേപുലിയന്നൂരിൽ യുവതിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുലിയന്നൂരിലെ കെ.വി. വിജയന്റെ ഭാര്യ ഒ. സവിതയാണ് (48) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് മൃതദേഹം കണ്ടത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് കരുതുന്നു. ഭർത്താവ് ജോലിക്കും മകൻ കോളജിലും പോയതായിരുന്നു. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് അയൽവാസികളെത്തിയപ്പോഴാണ് സംഭവം കണ്ടത്. വെള്ളമൊഴിച്ച് തീയണച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. നീലേശ്വരം എസ്ഐ സി. സുമേഷ് ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ചീമേനിയിലെ കടയിൽ സെയിൽസ് ഗേളായി ജോലിചെയ്തുവരികയായിരുന്നു സവിത. മക്കൾ: കൃഷ്ണ, സഞ്ജയ്. മരുമകൻ: വിഷ്ണു (കാലിച്ചാമരം).
മിനിമം വേതനം 26,000 രൂപയായി ഉയര്‍ത്തണം: എംപ്ലോയീസ് യൂണിയൻ
കാഞ്ഞങ്ങാട്: മിനിമം വേതനം 26,000 രൂപയായി ഉയര്‍ത്തണമെന്നും ക്ഷേമനിധി, മിനിമം വേതനം എന്നിവ മുഴുവന്‍ സ്ഥാപനങ്ങളും കൃത്യമായ നടപ്പിലാക്കണമെന്നും വ്യാപാര വാണിജ്യമേഖലയുടെ തകര്‍ച്ചക്ക് കാരണമാകുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നും ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യല്‍ എംപ്ലോയീസ് യൂണിയന് (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. റോയല്‍ ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. സാബു ഏബ്രഹാം, വി. ജോയി, കെ.വി. രാഘവന്, എം. രാഘവന്, നിതിന്‍ തീര്‍ഥങ്കര, എന്‍.കെ. രതീഷ്, സി. അശ്വിനി, കെ. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ എം. രാഘവന് (പ്രസിഡന്റ്), ഇ. കൃഷ്ണന്, കെ. വിനീഷ്, പി. നളിനി(വൈസ് പ്രസിഡന്റുമാര്‍), കെ. രവീന്ദ്രന് (സെക്രട്ടറി), മനോജ് പെരുമ്പള, എം. സ്മിത, കെ. ബീന(ജോയിന്റ് സെക്രട്ടറിമാര്‍), നിതിന്‍ തീര്‍ഥങ്കര (ട്രഷറര്‍).
ഓണാഘോഷവും വ്യാപാരി കുടുംബക്ഷേമ ഫണ്ട് വിതരണവും
രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കള്ളാർ യൂണിറ്റിന്റെയും വനിതാ വിംഗിന്റെയും സംയുക്താഭിമുഖ്യത്തിൽ കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ഓണാഘോഷവും ട്രേഡേഴ്സ് ഫാമിലി വെൽഫെയർ ഫണ്ട് വിതരണവും നടത്തി. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടോമി ജോർജ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ വെൽഫെയർ ഫണ്ട് വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി ഓണസന്ദേശം നൽകി. ജുമാ മസ്ജിദ് സെക്രട്ടറി മുഹമ്മദ്കുഞ്ഞി, കള്ളാർ മഹാവിഷ്ണുക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എച്ച്. വിഘ്നേശ്വര ഭട്ട്, സെന്റ് തോമസ് ഇടവക വികാരി ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത്, പഞ്ചായത്തംഗങ്ങളായ സന്തോഷ് വി. ചാക്കോ, പി. ഗീത, സണ്ണി ഏബ്രഹാം, മിനി ഫിലിപ്പ്, മുൻ ജില്ലാ പ്രസിഡന്റ് പി.എ. ജോസഫ്, വനിതാ വിംഗ് ജില്ലാ സെക്രട്ടറി സുനിത റെജി എന്നിവർ പ്രസംഗിച്ചു. ഉമേഷ് സ്വാഗതവും മുരളി നന്ദിയും പറഞ്ഞു.
സുരേഷ് ഗോപിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം: എയിംസ് കൂട്ടായ്മ
കാസര്‍ഗോഡ്: എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി നിലനില്‍ക്കുമ്പോഴും കേരളത്തില്‍ എയിംസ് അനുവദിക്കുന്നത് ആലപ്പുഴയിലോ തൃശൂരോ ആയിരിക്കണമെന്നും അതല്ലെങ്കില്‍ തമിഴ്നാട്ടില്‍ അനുവദിക്കാന്‍ നിര്‍ദേശിക്കും എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന കാസര്‍ഗോഡ് ജനതയോടുള്ള വെല്ലുവിളിയാണെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ആരോപിച്ചു. മന്ത്രിയാകുന്നതിന് മുമ്പ് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സന്ദര്‍ശിച്ച് അവരുടെ കൂടെ നില്‍ക്കുമെന്നും എയിംസ് അടക്കമുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളുടെ ന്യൂനത കാസര്‍ഗോഡിന്റെ ആരോഗ്യ പിന്നോക്കാവസ്ഥക്ക് കാരണമായിട്ടുണ്ടെന്നും ജില്ലയുടെ മികച്ച ചികിത്സാ സൗകര്യത്തിനായി പ്രവര്‍ത്തിക്കുമെന്നും വാ തോരാതെ പ്രസംഗിച്ചിട്ടുള്ള സുരേഷ് ഗോപി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടപ്പോള്‍ കാസര്‍ഗോഡിനെ മറന്നത് സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറന്ന് പോയി എന്നതിനെ അന്വര്‍ഥമാക്കുന്നതാണ്. എയിംസ് അല്ലെങ്കില്‍ തത്തുല്യമായ കേന്ദ്ര മെഡിക്കല്‍ കോളജ് ജില്ലയില്‍ സ്ഥാപിക്കും എന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത ജില്ലാ ബിജെപി നേതൃത്വം മന്ത്രിയുടെ പ്രസ്താവനയെ തള്ളിപ്പറയാന്‍ തയാറാകണമെന്നും എയിംസ് അടക്കമുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ ജില്ലയില്‍ അനുവദിച്ചു കിട്ടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് വരുന്ന രാഷ്ട്രീയ കക്ഷികള്‍ എയിംസ് വിഷയത്തിലുള്ള അവരുടെ നിലപാട് വ്യക്തമാക്കണമെന്നും എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറല്‍ സെക്രട്ടറി മുരളീധരന് പടന്നക്കാട്, ട്രഷറര്‍ സലീം സന്ദേശം ചൗക്കി, കോ-ഓര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശി എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ജനങ്ങളെ മാനസികമായി വേദനിപ്പിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ ആറു വര്‍ഷക്കാലമായി പ്രത്യക്ഷമായും കോടതി വ്യവാഹാരത്തിലൂടെയും സമരമുഖത്ത് നിലകൊള്ളുന്ന എയിംസ് ജനകീയ കൂട്ടായ്മയെ തുടര്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് നിര്‍ബന്ധിതമാക്കുമെന്നും കൂട്ടായ്മ നേതാക്കള്‍ അറിയിച്ചു.
പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണം: കേരളാ പ്രവാസി സംഘം
പനത്തടി: പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തണമെന്നും പ്രവാസികള്‍ക്കുള്ള പെന്ഷന് തുകയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് ഉറപ്പുവരുത്തണമെന്നും കേരളാ പ്രവാസിസംഘം പനത്തടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ജലീല്‍ കാപ്പില്‍ ഉദ്ഘാടനം ചെയ്തു. കപില്‍ തായന്നൂര്‍ അധ്യക്ഷതവഹിച്ചു. പി. ചന്ദ്രന്, അബ്ദുള്‍റഹ്മാന്‍, പി.കെ. രാമചന്ദ്രന്, ജിനോ ജോണ്‍, വി.വി. രാഘവന്, ഒക്ലാവ് കൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു. റോണി ആന്റണി സ്വാഗതവും ശിവകുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കപില്‍ തായന്നൂര്‍ (പ്രസിഡന്റ്), വി.ആര്. അനില്‍കുമാര്‍, വി.കെ. തോമസ് (വൈസ് പ്രസിഡന്റുമാര്‍), റോണി ആന്റണി (സെക്രട്ടറി), മനോജ്കുമാര്‍, അനില്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പ്രദീപ് (ട്രഷറര്‍).
പെന്ഷന് മസ്റ്ററിംഗും ആധാര്‍ അപ്ഡേഷനും സിഎസ്സി- ജനസേവന കേന്ദ്രങ്ങൾക്ക് അനുവദിക്കണം: ഐഡിപിഡബ്ല്യുഎ
കാഞ്ഞങ്ങാട്: പെന്ഷന് മസ്റ്ററിംഗും ആധാര്‍ അപ്ഡേഷനും സിഎസ്സി കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും അനുവദിച്ച് നല്‍കണമെന്ന് ഇന്റര്‍നെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഐഡിപിഡബ്ല്യുഎ ജില്ലാസമ്മേളനം നവംബര്‍ 23നു കാഞ്ഞങ്ങാട് നടത്താനും യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗം സംസ്ഥാന സെക്രട്ടറി എം. മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വര്‍ഗീസ് ചിറ്റാരിക്കാല്‍ അധ്യക്ഷതവഹിച്ചു. ദിനേശന് മൂലക്കണ്ടം, പി.എസ്. ജയന്, രാജന് പിണറായി, സുനില്‍ പാലക്കാട്, എ.വി. ഇന്ദുമതി, സരിത പൈവളിഗ, രജീന ശ്രീജിത്ത്, കെ.പി. സ്മിത, ശ്രീദിവ്യ പരപ്പ, ശ്രീകാന്ത്, സായി മുരളി, ആന്റണി ജോസഫ്, രവീന്ദ്രന് കാസര്‍ഗോഡ്, ഷൈനി പള്ളം, രേശ്മ ചെറുവത്തൂര്‍, നാസര്‍ ഉടുമ്പില്തല, സുരേഷ് കുശാല്‍നഗര്‍, സുകന്യ, അശോകന് പൊയിനാച്ചി, എം. കൃഷ്ണന്, സതി അശോക്, കെ.പി. സൗദ, പി. രതീഷ്കുമാര്‍, ഷംല പെരുമ്പട്ട എന്നിവര്‍ സംസാരിച്ചു. സി.എം. മനോജ്കുമാര്‍ സ്വാഗതവും അബ്ദുള്‍ ജലീല്‍ നന്ദിയും പറഞ്ഞു.
അജൈവമാലിന്യവും ഇ മാലിന്യവും നേരിട്ട് ശേഖരിക്കാൻ നീലേശ്വരത്ത് ഇക്കോ ബാങ്ക്
നീലേശ്വരം: അജൈവമാലിന്യങ്ങളും ഇ മാലിന്യങ്ങളും വ്യക്തികളിൽനിന്ന് നേരിട്ട് ശേഖരിക്കാൻ ക്ലീൻ കേരള കമ്പനിക്കു കീഴിൽ നീലേശ്വരത്ത് ഇക്കോ ബാങ്ക് തുടങ്ങി. പാലായിയിലെ ആർആർഎഫിലാണ് ഇക്കോ ബാങ്ക് പ്രവർത്തിക്കുക. സംസ്ഥാനതലത്തിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അനുവദിച്ച ആദ്യകേന്ദ്രമാണ് ഇത്. നിർമാണ പ്രവർത്തനങ്ങളോ പൊതുചടങ്ങുകളോ കഴിയുമ്പോൾ ബാക്കിയാകുന്ന അജൈവമാലിന്യങ്ങൾ ചാക്കിൽ നിറച്ച് ഇവിടെയെത്തിക്കാം. ഹരിതകർമസേനയിൽ നിന്ന് വിഭിന്നമായി റീസൈക്ലിംഗിന് ഉപയോഗിക്കാവുന്ന വസ്തുക്കൾക്കെല്ലാം വില കിട്ടുമെന്ന പ്രത്യേകതയുമുണ്ട്. റീസൈക്ലിംഗിന് ഉപയോഗിക്കാനാകാത്ത പാഴ് വസ്തുക്കൾക്ക് മാത്രമേ അങ്ങോട്ട് പണം നൽകേണ്ടതുള്ളൂ. ഭക്ഷണാവശിഷ്ടം, മെഡിക്കൽ മാലിന്യം, സാനിറ്ററി മാലിന്യം, രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകൾ, ജൈവാംശമുള്ള മാലിന്യം എന്നിവ ഇക്കോ ബാങ്കിൽ സ്വീകരിക്കില്ല. മറ്റെല്ലാ തരം അജൈവ പാഴ് വസ്തുക്കളും ഇലക്ട്രോണിക് മാലിന്യവും സ്വീകരിക്കും. സിമന്റ് ചാക്ക്, തെർമോക്കോൾ, സാധാരണ കണ്ടെയ്നറുകൾ, കാർട്ടണുകൾ, പായ്ക്കിംഗ് സാമഗ്രികൾ എന്നിവയെല്ലാം സ്വീകരിക്കും. നിർമാണ പ്രവർത്തനങ്ങൾക്കുശേഷമുള്ള സിമന്റ് ചാക്കുകളും ടൈലുകളുടെയും മറ്റും പെട്ടികളും മറ്റ് അവശിഷ്ടങ്ങളും വിവാഹവും ഗൃഹപ്രവേശവും പോലുള്ള ചടങ്ങുകൾക്കു ശേഷം ബാക്കിയാകുന്ന പ്ലാസ്റ്റിക് മാലിന്യവും ഇവിടെയെത്തിക്കാം. എന്നാൽ ഇലകളോ ഭക്ഷണാവശിഷ്ടങ്ങളോ സ്വീകരിക്കില്ല. ഫോൺ: 0467-2082143, 8714691143.
കാര്യങ്കോട് പുഴയില്‍ മണല്‍കൊള്ള വ്യാപകം
നീലേശ്വരം: കാര്യങ്കോട് പുഴയില്‍ തൈക്കടപ്പുറത്ത് അനധികൃതമായ മണലെടുപ്പ് വ്യാപകം. ചട്ടങ്ങളെല്ലാം പാടേ ലംഘിച്ചുകൊണ്ട് ദിവസേന നൂറുകണക്കിന് തോണികളില്‍ നിന്നുമാണ് ഇവിടെ നിന്നും മണല്‍ കടത്തിക്കൊണ്ടുപോകുന്നത്. ദിവസേന നൂറുകണക്കിന് തോണികളില്‍ ഇവിടെ നിന്നും മണല്‍വാരി കടത്തിക്കൊണ്ടുപോകുന്നത് പോലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൈക്കടപ്പുറം പള്ളിക്ക് കിഴക്കുഭാഗത്ത് 50 മീറ്റര്‍ വിട്ടാണ് മണല്‍വാരന്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ കരയില്‍ നിന്നുതന്നെയാണ് നൂറുകണക്കിന് തോണികളിലായി മണല്‍ വാരിക്കൊണ്ടു പോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രാപകലില്ലാതെ മണല്‍ വാരുന്നതുമൂലം തീരദേശത്തെ വീടുകളുടെ നിലനില്പിനും ഭീഷണിയായതായി നാട്ടുകാര്‍ പറയുന്നു. പലയിടത്തും വീടിന്റെ ജനലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു തുടങ്ങിയിട്ടുണ്ട്. അനധികൃത മണലെടുപ്പ് കാരണം ഉണ്ടാകുന്ന വ്യാപകമായ കരയിടിച്ചില്‍ തടയാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
ഗോവിന്ദപൈ കോളജ് ജംഗ്ഷനില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണം
കാസര്‍ഗോഡ്: മഞ്ചേശ്വരം ഗോവിന്ദപൈ കോളജ് ജംഗ്ഷനില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധപ്രകടനവും ഒപ്പുശേഖരണ കാമ്പയ്നും സംഘടിപ്പിക്കും.മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മഞ്ചേശ്വരം ഗോവിന്ദ പൈ കോളജ് ജംഗ്ഷനും മഞ്ചേശ്വരം രാഗം ജംഗ്ഷനും ഇടയില്‍ ഒരു അണ്ടര്‍പാസ് നിര്‍മിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. 185 ദിവസത്തെ നിരന്തര പോരാട്ടത്തിനൊടുവിലാണ് അണ്ടര്‍പാസിനു പകരം ഒരു ഫുട് ഓവര്‍ബ്രിഡ്ജിന് അംഗീകാരം ലഭിച്ചത്. നിര്‍ദ്ദിഷ്ട ഫുട് ഓവര്‍ബ്രിഡ്ജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ഹൈവേ അതോറിറ്റി മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ബോര്‍ഡ് യോഗം ജനുവരി 16നു നടന്നിരുന്നു. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനവും ഇതിനെ അനുകൂലിക്കുന്നതായിരുന്നു. എന്നാൽ പഞ്ചായത്തിന്റെ തീരുമാനത്തെ ധിക്കരിച്ചും ചില നിക്ഷിപ്ത താല്പര്യങ്ങളുടെ ഭാഗമായി നിര്ദ്ദിഷ്ടനടപ്പാലം മഞ്ചേശ്വരം രാഗം ജംഗ്ഷനിലേക്ക് മാറ്റി. പട്ടികജാതി, പട്ടികവര്‍ഗ സമൂഹങ്ങള്‍ കൂടുതലുള്ള ഹൊസബെട്ടു, ചൗക്കി, ഗെരുക്കാട്ടെ, ബഡാജെ, മച്ചംപാടി തുടങ്ങിയ പ്രദേശങ്ങളിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 2000 ത്തോളം കുടുംബങ്ങളാണ് ഇതിന്റെ ബുദ്ധിമുട്ട് നേരിടുന്നത്. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും എത്താന്‍ അവര്‍ക്ക് ദിവസവും രണ്ടു കിലോമീറ്റര്‍ കൂടി നടക്കേണ്ടിവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.എച്ച്. അബ്ദുള്‍ ഹമീദ്, യാദവ് ബഡാജെ, എച്ച്. മഹാലിംഗ, അനീഷ്, എസ്. മിഥുന് എന്നിവര്‍ സംബന്ധിച്ചു.
ജില്ലയിലെ തുടര്‍സാക്ഷരതാ പ്രവര്‍ത്തനം മഹത്തരം: എംപി
കാസര്‍ഗോഡ്: പഠനം മുടങ്ങി പോയവര്‍ക്ക് വേണ്ടി സാക്ഷരതാ മിഷൻ ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനം മഹത്തരമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ജില്ലാ സാക്ഷരതാ മിഷന് നടത്തിയ സാക്ഷരതാ വാരാചരണത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാക്ഷരത / തുല്യത പഠിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ പഠിക്കുന്നതിന് സാക്ഷരതാ മിഷൻ അഞ്ചു കമ്പ്യൂട്ടര്നല്കുമെന്നും എംപി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. 1991 ലെ സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തില്‍ നിരക്ഷരരെ അക്ഷരം പഠിപ്പിച്ച ബേബി ബാലകൃഷ്ണന്, ജില്ലാ സാക്ഷരതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, കെ.വി. രാഘവന്, ടി.വി. രാഘവന്, സി.പി.വി. വിനോദ് കുമാര്‍ എന്നിവരേയും ബ്രെയില്‍ സാക്ഷരതാ അധ്യാപകരായ സതീശന് ബേവിഞ്ച, എം. ഉമേശന്, ഹയര്‍സെക്കന്‍ഡറി തുല്യത മികച്ച മാര്‍ക്കില്‍ വിജയിച്ച കാസര്‍ഗോഡ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ആയിഷത്ത് ആഫില എന്നിവരേയും എംപി പൊന്നാട അണിയിച്ച് ആദരിച്ചു. ഷോപ് ആന്‍ഡ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി. അബ്ദുള്‍ സലാം, ജനപ്രതിനിധികളായ രാജന് പൊയിനാച്ചി, ടി.എം. സൈനുദീന്‍, ഉദയകുമാര്‍, തങ്കമണി, ഷഫീഖ് എന്നിവര്‍ സംസാരിച്ചു.
കെപിഎസ്ടിഎ വിളംബര ഘോഷയാത്ര നടത്തി
കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നാരംഭിക്കുന്ന മാറ്റൊലി പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്രയുടെ വിളംബര ഘോഷയാത്ര ഡിസിസി പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ പി.ടി. ബെന്നി, ജനറൽ കൺവീനർ കെ. ഗോപാലകൃഷ്ണൻ, സംസ്ഥാന ഭാരവാഹികളായ പ്രശാന്ത് കാനത്തൂർ, അലോഷ്യസ് ജോർജ്, ജോമി ടി.ജോസ്, സ്വപ്ന ജോർജ്, പി. ജലജാക്ഷി, സി.എം. വർഗീസ്, കെ.എ. ജോൺ, ആർ.വി. പ്രേമാനന്ദൻ, എ. ജയദേവൻ എന്നിവർ നേതൃത്വം നൽകി. ജാഥ നാളെ വൈകിട്ട് നാലുമണിക്ക് ചെർക്കളയിൽ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. 16 ന് രാവിലെ 10 മണിക്ക് ജാഥയ്ക്ക് കാഞ്ഞങ്ങാട് സ്വീകരണം നൽകും.
കെഎസ്ടിഎ ‘മികവ് 2025’ അക്കാദമിക ശില്പശാല നടത്തി
കാഞ്ഞങ്ങാട്: കെഎസ്ടിഎ ജില്ലാ അക്കാദമിക സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മികവ് 2025 അക്കാദമിക ശില്പശാല സംഘടിപ്പിച്ചു. മേലാങ്കോട്ട് എസികെഎൻഎസ് ജിയുപി സ്കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പ്രസിഡന്റ് യു. ശ്യാംഭട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. ലസിത, ജില്ലാ സെക്രട്ടറി ടി. പ്രകാശൻ, വൈസ് പ്രസിഡന്റ് പി. ശ്രീകല, അക്കാദമിക സബ് കമ്മിറ്റി കൺവീനർ എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു. നാലാം ക്ലാസിലെ കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം അനായാസമാക്കാൻ ലക്ഷ്യമിടുന്ന ട്വിങ്കിൾ പദ്ധതി, ഏഴാം തരത്തിലെ ഗണിതം ലളിതം പദ്ധതി, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടി, വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുന്നതിനായുള്ള ഐടി ശില്പശാല എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസുകൾ നടത്തി. പി. രാഗേഷ്, വിനോദ് കുട്ടമത്ത്, ഡോ. വിനോദ് കുമാർ പെരുമ്പള, ഇന്ദു പുറവങ്കര, സി.പി. സുരേഷ്, മുരളി, പി.വി. ഉണ്ണികൃഷ്ണൻ, എം. രേഷ്മ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അനുമോദന സദസ് നടത്തി
ബളാൽ: ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു. ആരോഗ്യ സർവകലാശാല ഹോമിയോപ്പതി എംഡി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ. അനുശ്രീ മാധവനെയും വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ഡോ. ദേവിക കുഞ്ഞികൃഷ്ണനെയും ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് സി.വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. ജോസഫ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി. മാധവൻ നായർ, പഞ്ചായത്ത് അംഗങ്ങളായ പി.സി. രഘുനാഥൻ, കെ. അജിത, പി. പദ്മാവതി, കെ. സുരേന്ദ്രൻ, ജോസ് വർഗീസ്, വാർഡ് സെക്രട്ടറി ജോസുകുട്ടി അറക്കൽ, പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
ആരണ്യകം പരിസ്ഥിതി പഠന ക്യാമ്പിന് എൻമകജെയിൽ തുടക്കമായി
കാസർഗോഡ്: കണ്ണൂർ സർവകലാശാല നാഷണൽ സർവീസ് സ്കീമും മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളജ് എൻഎസ്എസ് യൂണിറ്റും നാച്വർ ക്ലബും ചേർന്ന് എൻഎസ്എസ് സംസ്ഥാന ഓഫീസറായിരുന്ന ഡോ.ആർ.എൻ. അൻസറിന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ആരണ്യകം ത്രിദിന പരിസ്ഥിതി പഠന ക്യാമ്പിന് എൻമകജെയിൽ തുടക്കമായി. കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് ഡീൻ ഡോ.കെ.വി. സുജിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ. മുഹമ്മദ് അലി അധ്യക്ഷനായി. എൻഎസ്എസ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ.കെ.വി. വിനേഷ് കുമാർ, കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.കെ.പി. നിധീഷ്, റിട്ട. സബ് രജിസ്ട്രാർ മുഹമ്മദ് അലി, സാമൂഹ്യപ്രവർത്തക എ.എ. ആയിഷ, ഷേണി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി. വിജയലക്ഷ്മി, സീനിയർ സൂപ്രണ്ട് കെ.എസ്. ദിനേശ, അധ്യാപകരായ ഡോ.പി.ആർ. അനീഷ് കുമാർ, ഡോ.പി. സുഭാഷ്, ഡോ.എ. അജീഷ്, ഡോ. ലക്ഷ്മി പ്രകാശ്, സമീർ സിദ്ദിഖ് എന്നിവർ സംസാരിച്ചു. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 83 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
മലയോരത്ത് വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരീക്ഷണം
ചെറുപുഴ: വിയറ്റ്നാം മോഡൽ കുരുമുളക് കൃഷിയിലേക്ക് തിരിഞ്ഞ് മലയോര കർഷകർ. കുറഞ്ഞ സ്ഥലത്ത് കൂടുതൽ കൃഷിയെന്ന ഹൈഡൻസിറ്റി എന്ന ശാസ്ത്രീയ കൃഷി രീതിയാണ് വിയറ്റ്നാം മോഡലിന്റെ പ്രത്യേകത. ചെറുപുഴ-കടുമേനി റോഡരികിൽ വെണ്യക്കരയിൽ തോമസ് പാറശേരിൽ തന്റെ 17 സെന്റിൽ 145 കുരുമുളക് വള്ളികളാണ് വിയറ്റ്നാം മോഡലിൽ കൃഷി ചെയ്യുന്നുണ്ട്. നാലിഞ്ച് വണ്ണവും രണ്ടര മീറ്റർ ഉയരവുമുള്ള പിവിസി പൈപ്പിലാണ് തൈകൾ പിടിപ്പിച്ചിരിക്കുന്നത്. ഇനിയും രണ്ടര മീറ്റർ കൂടി പിവിസി പൈപ്പിന് ഉയരം കൂട്ടും. ഏഴരയടി സമചതുരത്തിലാണ് പിവിസി പൈപ്പുകൾ നാട്ടുന്നത്. ഇതിൽ കൂമ്പുങ്കൻ, വിജയ്, പന്നിയൂർ വൺ എന്നീ മൂന്നിനങ്ങളാണ് നട്ടിരിക്കുന്നത്. തോട്ടത്തിൽ കാടുപിടിക്കാതിരിക്കാൻ വീഡ് മാറ്റ് വിരിച്ചിട്ടുണ്ട്. ഇതുകാരണം വെള്ളം നന്നായി മണ്ണിലിറങ്ങും. അടിസ്ഥാന വളമായി ബംഗളൂരു ഐസിഎആറിന്റെ ശിപാർശയോടെ തയാറാക്കിയ ചകിരി കമ്പോസ്റ്റും ചാണകവും ഇട്ടാണ് തൈകൾ നട്ടത്. ഇതുകാരണം ചുവട് ഇളകുകയേ ഇല്ല. ഫോളിയാർ രൂപത്തിൽ സസ്യങ്ങൾക്കാവശ്യമായ മൂലകങ്ങൾ സ്പ്രേ ചെയ്തു കൊടുക്കുന്നതാണ് ഈ കൃഷി രീതിയുടെ മറ്റൊരു പ്രത്യേകത. കീടങ്ങളിൽ നിന്നും സംരക്ഷണം കിട്ടുന്നതിനായി തോട്ടത്തിന് ചുറ്റും ചെണ്ടുമല്ലിയും നട്ടിട്ടുണ്ട്. കടുമേനി ഫാർമേഴ്സ് ഗ്രൂപ്പംഗമാണ് തോമസ്. തോമസ് ഉൾപ്പെടെ 10 ഗ്രൂപ്പംഗങ്ങളും വിയറ്റ്നാം മോഡൽ കൃഷിയിൽ സജീവമാണ്. കുരുമുളക് ചെടികൾക്കിടയിൽ പച്ചക്കറികളും നടും. തൈകൾ നട്ട് ആറുമാസമാകുന്പോഴേക്കും തിരിയിടും. നാലുവർഷം കൊണ്ട് മുടക്കുമുതൽ തിരിച്ച് കിട്ടുമെന്ന് കർഷകനായ തോമസ് പറഞ്ഞു.
കോൺഗ്രസിലെ ഭിന്നത: കാഞ്ഞങ്ങാട് മൂന്നു നേതാക്കൾക്കെതിരെ നടപടിക്ക് സാധ്യത
കാഞ്ഞങ്ങാട്: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കേ ഹോസ്ദുർഗ് സർവീസ് സഹകരണബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് പാർട്ടിയേയും മുന്നണിയേയും സമ്മർദത്തിലാക്കിയതുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് മുൻ നഗരസഭാ ചെയർമാൻ വി. ഗോപി ഉൾപ്പെടെ മൂന്നു നേതാക്കൾക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടിയെടുക്കാനൊരുങ്ങുന്നു. ഗോപിക്ക് ബാങ്ക് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന സമ്മർദത്തിന്റെ ഭാഗമായി മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ ഉൾപ്പെടെ പഴയ ഐ വിഭാഗത്തിൽപ്പെട്ട ബ്ലോക്ക് - മണ്ഡലം ഭാരവാഹികളുടെ കൂട്ടരാജി എഴുതിവാങ്ങിയതും ഇതുമായി ബന്ധപ്പെട്ട് നിരന്തരം മാധ്യമങ്ങളിൽ വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ടാണ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. വർഷങ്ങൾക്കുമുമ്പ് ഗ്രൂപ്പുകളിച്ച് യുഡിഎഫിന് നഗരസഭാ ഭരണം നഷ്ടപ്പെടുത്തിയതിന് സമാനമായ പ്രവർത്തനങ്ങളാണ് വീണ്ടും വി. ഗോപിയുടെയും ഒപ്പമുള്ളവരുടെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വത്തിനുള്ളത്. രണ്ടുവർഷം മുമ്പ് ബാങ്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗോപി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ നിലവിലുള്ള പ്രസിഡന്റും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ പ്രവീൺ തോയമ്മലിനായിരുന്നു ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണ. പാർട്ടി നേതൃത്വം പ്രവീണിനെത്തന്നെ സ്ഥാനാർഥിയായി നിശ്ചയിച്ചതിനെ തുടർന്ന് ഗോപി പാർട്ടി അച്ചടക്കം ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും പ്രവീണിനോട് പരാജയപ്പെടുകയുമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബാങ്ക് ഡയറക്ടർ സ്ഥാനം തന്നെ രാജിവെക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും തന്നെ ഡയറക്ടറായി നോമിനേറ്റ് ചെയ്ത ശേഷം പ്രസിഡന്റ് സ്ഥാനം തരണമെന്ന ആവശ്യമാണ് ഗോപി ഉന്നയിക്കുന്നത്. രണ്ടര വർഷം കഴിഞ്ഞശേഷം പ്രവീൺ സ്ഥാനമൊഴിഞ്ഞ് തന്നെ പ്രസിഡന്റാക്കാമെന്ന ധാരണ ഉണ്ടായിരുന്നതായാണ് ഇപ്പോൾ ഗോപിയുടെ അവകാശവാദം. എന്നാൽ ഇങ്ങനെയൊരു ധാരണ ഉണ്ടായിരുന്നെങ്കിൽ ഗോപി ആദ്യംതന്നെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും പരാജയപ്പെട്ടപ്പോൾ ഡയറക്ടർ സ്ഥാനം രാജിവയ്ക്കുകയും ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ എന്ന് പാർട്ടി നേതൃത്വം തന്നെ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ വർഷങ്ങളായി പാർട്ടിയും യുഡിഎഫും ഭരിക്കുന്ന ബാങ്കിനെതിരെ അഴിമതി ആരോപണം ഉയർത്തിയതും ചില പത്രങ്ങളിൽ നിരന്തരം വാർത്തകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ഗോപയോടൊപ്പമുള്ള മറ്റൊരു മുൻ ഡയറക്ടർ പത്മരാജൻ ഐങ്ങോത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും പാർട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മദ്യലഹരിയിൽ ട്രെയിനിൽ കയറി രാജ്മോഹൻ ഉണ്ണിത്താൻ എംപിയോട് അപമര്യാദയായി പെരുമാറുകയും ആ രംഗം ചിത്രീകരിച്ച് കൈരളി ചാനലിന് നൽകുകയും ചെയ്തതുമായി ബന്ധപ്പെട്ട് നേരത്തേ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്ന പത്മരാജനെ അടുത്തിടെയാണ് തിരിച്ചെടുത്തത്. നഗരസഭയിൽ നേരത്തേ എൽഡിഎഫിനൊപ്പം ചേർന്ന് മത്സരിച്ചിട്ടുള്ള വി. ഗോപിയും ഒപ്പമുള്ളവരും ഇത്തവണയും കാലേക്കൂട്ടി അതേ ലക്ഷ്യംവച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നേരത്തേ ജില്ലയുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികളായ ടി.എൻ. പ്രതാപന്റെയും സോണി സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നുണ്ടായ ധാരണകളും ഗോപിയും കൂട്ടരും തള്ളിക്കളയുകയായിരുന്നു. ഗോപിക്കൊപ്പം നിൽക്കുന്ന മണ്ഡലം പ്രസിഡന്റ് രാജിവച്ച സാഹചര്യത്തിൽ പഴയ ഐ വിഭാഗത്തിൽനിന്നുതന്നെയുള്ള വൈസ് പ്രസിഡന്റ് സുരേഷ് കൊട്രച്ചാലിന് ചുമതല നൽകിയിട്ടുണ്ട്. ഗോപിയുടെ നീക്കങ്ങളെ അംഗീകരിക്കാത്ത ഭൂരിപക്ഷം ഐ ഗ്രൂപ്പ് നേതാക്കളും പാർട്ടി പരിപാടികളുമായി സഹകരിക്കുന്നുണ്ട്. ഏറെ വർഷങ്ങൾക്കുശേഷം നഗരസഭാ ഭരണം തിരികെ കിട്ടാനുള്ള സാധ്യത ഉയർന്നുവരുമ്പോൾ അതിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വികാരമാണ് ഇവർ പ്രകടിപ്പിക്കുന്നത്. നഗരസഭാ തെരഞ്ഞെടുപ്പിൽ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് കിട്ടുന്ന അവസരം ഗ്രൂപ്പുകളിച്ച് ഇല്ലാതാക്കരുതെന്നും ഇവർ പറയുന്നു. കെപിസിസിയുടെ ആഹ്വാനപ്രകാരം അടുത്തിടെ കാഞ്ഞങ്ങാട്ട് നടന്ന പരിപാടികളിലെല്ലാം പ്രവർത്തകരുടെ മികച്ച പങ്കാളിത്തമുണ്ടായതോടെ വിമതനീക്കങ്ങൾക്ക് പ്രവർത്തകരുടെ പിന്തുണയില്ലെന്ന വിലയിരുത്തലും കോൺഗ്രസ് നേതൃത്വത്തിനുണ്ടായിട്ടുണ്ട്. അച്ചടക്കനടപടിയുണ്ടായാലും ഗോപിയും പത്മരാജനുമടക്കം നേരത്തേ പാർട്ടി വിട്ടുപോയിട്ടുള്ള ഏതാനും പേർ മാത്രമേ ഇത്തവണയും പോകാനിടയുള്ളൂ എന്നാണ് കണക്കുകൂട്ടൽ.
നീലേശ്വരത്ത് കേരഫെഡ് പച്ചത്തേങ്ങ സംഭരണം തുടങ്ങുന്നു; ഉദ്ഘാടനം നാളെ
നീലേശ്വരം: വിപണിവിലയേക്കാൾ രണ്ടുരൂപ കൂടുതൽ നൽകിയും തുക തൊട്ടടുത്ത ദിവസം തന്നെ ബാങ്ക് അക്കൗണ്ടിലെത്തിച്ചും കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കാൻ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ കേരഫെഡ്. നീലേശ്വരം പേരോലിലാണ് ജില്ലയിൽ പുതിയ പച്ചത്തേങ്ങ സംഭരണകേന്ദ്രം തുടങ്ങുന്നത്. സംഭരണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന് നവ്കോസ് ഹാളിൽ കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി നിർവഹിക്കും. ഒരുമാസം മുമ്പ് ചെറുപുഴയിൽ തുടങ്ങിയ പച്ചത്തേങ്ങ സംഭരണം വിജയമായതിന്റെ തുടർച്ചയായാണ് നീലേശ്വരത്തും തുടങ്ങുന്നത്. ചെറുപുഴയിൽ ഓഗസ്റ്റ് ഏഴിന് തുറന്ന സംഭരണകേന്ദ്രത്തിൽ നിന്ന് ഇതുവരെ 116 ടൺ തേങ്ങ സംഭരിക്കാൻ കഴിഞ്ഞു. ഇതിന്റെ വിലയായി 84,51,371 രൂപ കർഷകർക്ക് വിതരണം ചെയ്തു. നീലേശ്വരത്തെ സംഭരണകേന്ദ്രത്തിൽ മലയോരത്തുനിന്നും തീരദേശത്തുനിന്നും ഒരുപോലെ തേങ്ങയെത്തുമെന്നാണ് പ്രതീക്ഷ. തേങ്ങയ്ക്കും കൊപ്രയ്ക്കും വിലയേറിയതോടെ കേരഫെഡിന്റെ വെളിച്ചെണ്ണ നിർമിക്കാൻ ആവശ്യത്തിന് കൊപ്ര കിട്ടാനില്ലാതായ സാഹചര്യത്തിലാണ് കർഷകരിൽ നിന്ന് നേരിട്ട് സംഭരണം തുടങ്ങാൻ തീരുമാനിച്ചത്. നേരത്തേ കൊപ്ര സ്വകാര്യ ഏജൻസികളിൽ നിന്ന് ടെൻഡറിലൂടെ വാങ്ങുകയായിരുന്നു പതിവ്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതോടെ സ്വകാര്യ ഏജൻസികളുടെ വിലകൂട്ടൽ സമ്മർദം നേരിടേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ. ഒരുവർഷം ശരാശരി 20000 ടണ്ണോളം കൊപ്രയാണ് കേരഫെഡ് വെളിച്ചെണ്ണ ഉത്പാദനത്തിനായി വാങ്ങുന്നത്. ഇതിൽ ഏറിയപങ്കും തമിഴ്നാട്ടിൽ നിന്നുള്ള സ്വകാര്യ ഏജൻസികൾ കൈയടക്കുകയായിരുന്നു പതിവ്. ഇവരാണ് ഇപ്പോൾ വിലകൂട്ടൽ സമ്മർദം നടത്തുന്നത്. കൂടുതലും കേരളത്തിൽ നിന്ന് സംഭരിക്കുന്ന പച്ചത്തേങ്ങയാണ് ഇവരും കൊപ്രയാക്കി വിൽക്കുന്നത്. കൊപ്ര ദീർഘകാലം നിറംമങ്ങാതെ നിൽക്കാനായി സൾഫർ പുകച്ച് വയ്ക്കുന്നുവെന്ന ആരോപണവും ഇവർക്കെതിരായുണ്ട്. ഈ കൊപ്രയാണ് കേരഫെഡ് വെളിച്ചെണ്ണയാക്കി വിൽക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ട് പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയകുന്നതിലൂടെ ഈ പ്രശ്നങ്ങളും മറികടക്കാനാകുമെന്നാണ് കേരഫെഡിന്റെ വിലയിരുത്തൽ.
ദേശീയപാതയിൽ ഭീഷണി ഉയർത്തി പഴയ സ്കൂൾ കെട്ടിടം
കാസർഗോഡ്: കല്ലങ്കൈ എഎൽപി സ്കൂളിന്റെ ഉപേക്ഷിക്കപ്പെട്ട പഴയ കെട്ടിടം ദേശീയപാതയ്ക്ക് സുരക്ഷാഭീഷണിയാകുന്നു. ദേശീയപാതയുടെ സർവീസ് റോഡിനോടുചേർന്ന് നടപ്പാതയ്ക്ക് വേണ്ടി മണ്ണെടുത്തപ്പോൾ കെട്ടിടത്തോടുചേർന്ന ഭാഗത്തുനിന്നും മണ്ണിടിച്ചിലുണ്ടായിരുന്നു. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലുള്ള കെട്ടിടം തകർന്നാൽ കെട്ടിടാവശിഷ്ടങ്ങളും മണ്ണും ദേശീയപാതയിലേക്കും സർവീസ് റോഡിലേക്കുമായിരിക്കും പതിക്കുക. കാലപ്പഴക്കം മൂലം ഏതുനിമിഷവും തകർന്നുവീണേക്കാമെന്നു ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് അധികൃതർ നേരത്തേ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയിരുന്നു. സ്കൂളിന് കുറച്ചകലെയായി പുതിയ കെട്ടിടം നിർമിച്ചതിനാൽ ക്ലാസുകളെല്ലാം അങ്ങോട്ട് മാറ്റുകയും ചെയ്തു. ഇനി ഈ കെട്ടിടം തകർന്നുവീണാലും അത് കൂടുതൽ സുരക്ഷാഭീഷണിയായി മാറുന്നത് ദേശീയപാതയ്ക്കും സർവീസ് റോഡിനുമാണ്. സർവീസ് റോഡിന് നേരെ മുകളിലായിട്ടാണ് സ്കൂൾ കെട്ടിടം നിൽക്കുന്നത്. ദേശീയപാത വീതികൂട്ടുന്നതിനും സർവീസ് റോഡ് നിർമിക്കുന്നതിനും വേണ്ടി മണ്ണെടുത്തതോടെയാണ് കെട്ടിടം പാതയുടെ ഇത്രയും ഓരത്തായത്. തൊട്ടുപിന്നാലെ മണ്ണിടിച്ചിൽ കൂടി ഉണ്ടായതോടെ കെട്ടിടം കൂടുതൽ അപകടഭീഷണിയിലായി. തൊട്ടടുത്തുതന്നെ വൈദ്യുത തൂണുകളും ലൈനുകളുമുള്ളതും ആശങ്കയാകുന്നു. അപകടങ്ങളെന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് കെട്ടിടം പൊളിച്ചുമാറ്റാൻ സ്കൂൾ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റെയിൽവേ സ്റ്റേഷൻ റോഡ് അടിപ്പാത: ഡെപ്യൂട്ടി കളക്ടർ സന്ദർശനം നടത്തി
ചെറുവത്തൂർ: റെയിൽവേ സ്റ്റേഷൻ റോഡിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തിൽ കർമസമിതിയുടെ നിവേദനത്തെത്തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശത്തിൽ ഡെപ്യൂട്ടി കളക്ടർ റമീസ് രാജ് സ്ഥലം സന്ദർശിച്ചു.ഓട്ടോറിക്ഷ പോലും കടന്നു പോകൻ കഴിയാത്ത തരത്തിൽ നിർമിച്ച അടിപ്പാതക്കെതിരെ വ്യാപക വിമർശനമുയർന്നതോടെയാണ് നാട്ടുകാർ കർമ സമിതിക്ക് രൂപം നൽകിയത്. അടിപ്പാതയുടെ ആവശ്യകത ജില്ല ഭരണ കൂടത്തെ കർമ സമിതി ഭാരവാഹികൾ ബോധ്യപ്പെടുത്തി. കർമ സമിതി അധ്യക്ഷയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സി.വി.പ്രമീള, കൺവീനർ മുകേഷ് ബാലകൃഷ്ണൻ, കെ.കെ.കുമാരൻ, ടി.രാജൻ, സി.വി.രാജൻ, പി.വി.രഘൂത്തമൻ, എം.അമ്പുജാക്ഷൻ, സി. രഞ്ജിത്ത്, പി.വി.രാഘവൻ, പി.പദ്മിനി, സി.വി.ഗിരീശൻ, എ.വി.ദാമോദരൻ, കെ. ജാബിർ, സുരാജ് മയിച്ച, സനിഷ നിഷാന്ത്, പ്രവീൺ പ്രകാശ്, കെ.സി.സതീശൻ, കെ.സി.ഗിരീശൻ, സന്ദീപ് മുണ്ടക്കണ്ടം എന്നിവർ പങ്കെടുത്തു.
കെസിസിപിഎൽ പെട്രോൾ പമ്പ് ഉദ്ഘാടനം 27 ന്
കരിന്തളം: പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡ് (കെസിസിപിഎൽ) കരിന്തളം തലയടുക്കത്ത് ആരംഭിക്കുന്ന പെട്രോൾ പമ്പിന്റെ ഉദ്ഘാടനം 27ന് ഉച്ചകഴിഞ്ഞ് മൂന്നിനു നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷതവഹിക്കും. സംസ്ഥാനതലത്തിൽ കെസിസിപിഎലിന്റെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന നാലാമത്തെ പെട്രോൾ പമ്പാണിത്. സംഘാടകസമിതി രൂപീകരണയോഗം 18ന് ഉച്ചകഴിഞ്ഞ് മൂന്നിനു കിനാനൂർ - കരിന്തളം പഞ്ചായത്ത് ഹാളിൽ ചേരും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎലുമായി സഹകരിച്ചാണ് പെട്രോൾ പമ്പ് ആരംഭിക്കുന്നത്. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമേ ഓയിൽ ചെയ്ഞ്ച്, ഫ്രീ എയർ സർവീസ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്കായി സ്റ്റാളുകൾ തുറക്കാനും പദ്ധതിയുണ്ട്. പെട്രോൾ പമ്പിനോടു ചേർന്ന് റിഫ്രഷ്മെന്റ് സെന്റർ, സ്റ്റോർ സൗകര്യങ്ങളും ഒരുക്കുമെന്ന് കമ്പനി ചെയർമാൻ ടി.വി.രാജേഷും എംഡി ഡോ.ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു.
എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റില്‍
പാണത്തൂര്‍: 790 മില്ലിഗ്രാം എംഡിഎംഎയും .740 ഗ്രം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പാണത്തൂര്‍ നെല്ലിക്കുന്ന് സ്വദേശി സജല്‍ ഷാജിയെയാണ് (23) രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 9.15ഓടെ പാണത്തൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് ഇയാളെ പിടികൂടിയത്. രാത്രികാല പെട്രോളിംഗിനെത്തിയ പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച സജലിനെ പരിശോധിച്ചപ്പോള്‍ സിഗരറ്റ് പായ്ക്കറ്റില്‍ സൂക്ഷിച്ച ലഹരിവസ്തുക്കള്‍ പിടികൂടുകയായിരുന്നു. ഇന്‍സ്പെക്ടര്‍ പി.രാജേഷിന്റെ നേതൃത്വത്തില്‍ എസ്ഐ കെ.ലതീഷ്, കരുണാകരന്, എഎസ്ഐ ഓമനക്കുട്ടന്, ജിഎസ്സിപിഒ രൂപേഷ്, ഡ്രൈവര്‍ സിപിഒ വിനോദ്, ബേക്കല്‍ സബ്ഡിവിഷന് സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പനത്തടി പഞ്ചായത്തിലെ വികസന സദസിനെതിരേ പ്രതിപക്ഷം
പനത്തടി: പഞ്ചായത്തിന്റെ വിവിധ ഗ്രാമീണ പ്രദേശങ്ങളിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനോ എംപി, എംഎൽഎ എന്നിവരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച കാലാവധി കഴിഞ്ഞ വിവിധ ചെറുതും വലുതുമായ വിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനോ ആവശ്യമായ തനതു ഫണ്ട് ഇല്ലാതെ വിഷമിക്കുന്ന പനത്തടി പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാരിന്റെ വികസന സദസ് സംഘടിപ്പിക്കുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ്. കഴിഞ്ഞ നാലുവർഷമായി ഗ്രാമീണ റോഡുകളുടെ വികസനത്തിന് ഒരു തുകയും വകയിരുത്താത്ത പഞ്ചായത്തിൽ ലക്ഷങ്ങൾ മുടക്കി വികസന സദസുകൾ സംഘടിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം സംഘടിപ്പിച്ച നവ കേരള സദസ്സിൽ നിരവധി നിവേദനങ്ങളും നിർദ്ദേശങ്ങളു മാണ് സദസ്സിനു മുൻപാകെ എത്തിയത് . എന്നാൽ നവകേരള സദസ്സിന് മുൻപാകെ വന്ന നിർദ്ദേശങ്ങളിൽ ഒന്ന് പോലും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് ഭരണസമിതി അംഗങ്ങളായ കെ.ജെ.ജയിംസ്, എൻ.വിൻസെന്റ്, രാധ സുകുമാരൻ എന്നിവർ യോഗത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.
സ്കൂളുകളിലെ കുടിവെള്ളം സുരക്ഷിതമെന്ന് ഉറപ്പാക്കണം
കാസര്‍ഗോഡ്: ജില്ലയിലെ സ്കൂളുകളിലെ കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജിനു സക്കറിയ ഉമ്മന്‍. ഭക്ഷ്യ ഭദ്രത നിയമം 2013 ജില്ലയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നായന്മാര്മൂല ടിഐഎച്ച്എസ്എസില്‍ കമ്മീഷന് പരിശോധന നടത്തി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകള്‍ പരിശോധിക്കുകയും പാചകപ്പുര സന്ദര്‍ശിക്കുകയും ചെയ്തു. ഓഫീസ് പരിസരത്തും പാചകപ്പുരയ്ക്ക് സമീപവും ഭക്ഷ്യ മെനു പ്രദര്‍ശിപ്പിച്ചുണ്ടോയെന്നു പരിശോധിച്ച കമ്മീഷന് സ്കൂളിലെ ഭക്ഷണമുറിയുടെ സൗകര്യങ്ങള്‍ തൃപ്തികരമെന്ന് വിലയിരുത്തി. മധ്യവേനലവധിക്ക് ശേഷം സ്കൂള്‍ തുറക്കുന്നതിന് മുന്പ്് ജില്ലയിലെ എല്ലാ സ്കൂളുകളിലും കുടിവെള്ള ശുദ്ധി ഉറപ്പുവരുത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. തുടര്‍ന്ന് 106-ാം നമ്പര്‍ തെക്കില്‍ ഫെറിയിലെ കെ-സ്റ്റോറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കാസര്‍ഗോഡ് താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.കൃഷ്ണ നായിക്, ജില്ലാ വിദ്യാഭാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലെ നൂണ് ഫീഡിംഗ് സൂപ്പര്‍വൈസര്‍ ഇ.പി ഉഷ, ഉപജില്ല വിദ്യാഭാസ ഓഫീസിലെ നൂണ് മീല്‍ ഓഫീസര്‍ സച്ചിന് എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.
പുരസ്കാര നിറവില്‍ കയ്യൂര്‍-ചീമേനി പഞ്ചായത്ത്
ചീമേനി: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്ക്കുള്ള ആര്‍ദ്രകേരളം പുരസ്കാരത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒന്നാംസ്ഥാനം കയ്യൂര്‍- ചീമേനി പഞ്ചായത്തിന്. വയോജനാരോഗ്യ സംരക്ഷണത്തിന് സ്നേഹസ്പര്‍ശം, കൗമാരക്കാരുടെ ആരോഗ്യവളര്‍ച്ചയ്ക്ക് മുകുളം, സംസ്ഥാനാതീത തൊഴിലാളികള്‍ക്കായി ഹമാര മെഹ്മാന്, ജീവിതശൈലി രോഗങ്ങള്‍ തടയാന്‍ മിടിപ്പ് വ്യായാമ ക്ലബ്, പട്ടികജാതി, പട്ടികവര്‍ഗ മേഖലകളിലെ ആരോഗ്യപരിരക്ഷയ്ക്കായി കൈത്താങ്ങ്, ക്ഷയരോഗ ചികിത്സക്കാര്‍ക്ക് ആത്മവിശ്വാസം നല്കാന് ഉണര്‍വ് എന്നീ പദ്ധതികള്‍ സമൂഹത്തില്‍ മികച്ച സ്വാധീനം ചെലുത്തി. 2023-2024 വര്‍ഷം ആരോഗ്യമേഖലയില്‍ പഞ്ചായത്ത് 89,42,778 രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തി. കയ്യൂര്‍ - കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 24 പദ്ധതികളിലൂടെ 55,79,722 രൂപ ചെലവഴിച്ചു. ആയുര്‍വേദ ആശുപത്രി വഴി 27,46,788 രൂപയും ഹോമിയോ ആശുപതരി വഴ 6,16,268 രൂപയും ചെലവഴിച്ചു.
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം
നീലേശ്വരം: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്കാരത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്ത് ആയി തെരഞ്ഞെടുക്കപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തക സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍ സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കല്‍, മോഡേണ്‍ മെഡിസിന്, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും പുരസ്കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്. കൗമാരക്കാരുടെ ശാരീരിക-മാനസിക വളര്‍ച്ച ലക്ഷ്യമാക്കി നടപ്പിലാക്കിയ തളിര് പദ്ധതി, മാനസികാരോഗ്യ രംഗത്ത് പുതിയൊരു മാതൃകയായി മാറിയ ആത്മഹത്യാ പ്രതിരോധ ക്ലിനിക്ക്, ഭിന്നശേഷിക്കാര്‍ക്ക് സ്വയംപര്യാപ്തത ഒരുക്കിയ സ്കൂട്ടി വിതരണം, സ്ഥിര ചികിത്സ ഉറപ്പാക്കി പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്റര്‍ എന്നിവ ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ മേഖലയില്‍ വലിയ പിന്തുണ നേടി. രോഗകളടെ വീട്ടുവാതില്ക്കല് തന്നെ ചികിത്സ എത്തിച്ച സ്നേഹപഥം സഞ്ചരിക്കുന്ന ആതുരാലയം, ചെറുവത്തൂര്‍ സിഎച്ച്എസ്സിയിലെ രാത്രികാല ഒപി, ആറു പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി ശുചിത്വ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയില്‍ നിന്നും സ്പര്‍ശം എന്ന പേരില്‍ നിര്‍ധന രോഗികള്‍ക്ക് നല്കിയ ധനസഹായ വിതരണം എന്നിവയും ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാനതല അംഗീകാരം നേടിക്കൊടുത്തു. ജനങ്ങളുടെ ആരോഗ്യത്തിനും ജീവിത നിലവാരത്തിനും മുന്‍ഗണന നല്കി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ആര്‍ദ്രകേരളം പുരസ്കാരത്തിലേക്ക് എത്തിച്ചതെന്ന് ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ പറഞ്ഞു.
ചിറ്റാരിക്കാൽ ഉപജില്ല കായികമേള ഒക്ടോബർ ആറുമുതൽ
വെള്ളരിക്കുണ്ട്: ചിറ്റാരിക്കാൽ ഉപജില്ലാ കായികമേള ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജസീന്ത ജോൺ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാകുളം അനുഗ്രഹ പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ റവ.ഡോ.സന്തോഷ് കെ.പീറ്റർ, പിടിഎ പ്രസിഡൻ്റ് പി.സി.ബിനോയ്, മുഖ്യാധ്യാപകൻ എം.യു.ജോസ്കുട്ടി എന്നിവർ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പുതിയ സെക്രട്ടറിമാർ
കാസർഗോഡ്: തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി നിൽക്കേ ജില്ലയിലെ 15 പഞ്ചായത്തുകളിൽ പിഎസ് സി റാങ്ക് പട്ടികയിൽ നിന്ന് പുതിയ സെക്രട്ടറിമാരെ നിയമിച്ചു. വെസ്റ്റ് എളേരി, പനത്തടി, ബേഡഡുക്ക, ഉദുമ, ചെങ്കള, കാറഡുക്ക, പുല്ലൂർ-പെരിയ, ബദിയടുക്ക, കുംബഡാജെ, മധൂർ, കുമ്പള, പുത്തിഗെ, മീഞ്ച, ചെറുവത്തൂർ, പടന്ന പഞ്ചായത്തുകളിലാണ് പുതിയ സെക്രട്ടറിമാരെ നിയമിച്ചത്. ഇതിൽ പല പഞ്ചായത്തുകളിലും മാസങ്ങളോളമായി സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. മധൂരിലും കുമ്പളയിലും നേരത്തേയുണ്ടായിരുന്ന സെക്രട്ടറിമാർ പല വിവാദങ്ങളിലും പെട്ടതാണ്. ബദിയടുക്കയിൽ ഏറെക്കാലമായി സെക്രട്ടറിയില്ലാത്തതും ജീവനക്കാരുടെ ക്ഷാമവും മൂലം പഞ്ചായത്ത് ഓഫീസ് അടച്ചിട്ട് ഭരണസമിതി അംഗങ്ങൾ പ്രതിഷേധം നടത്തിയിരുന്നു. തെരഞ്ഞെടുപ്പുകാലത്തും പഞ്ചായത്തുകളിൽ സെക്രട്ടറിമാരില്ലാത്ത സാഹചര്യം ഒഴിവാക്കാനാണ് അവസാനനിമിഷത്തിൽ നിയമനം നടത്തിയത്. എന്നാൽ ഏറെ ഉത്തരവാദിത്വവും ശ്രദ്ധയും ജോലിഭാരവും വേണ്ടിവരുന്ന തെരഞ്ഞെടുപ്പുകാലം പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് തികഞ്ഞ വെല്ലുവിളിയാകുമെന്നുറപ്പാണ്. ചെറിയ പിഴവുകളും സമ്മർദങ്ങളും പോലും വലിയ വിവാദങ്ങളിലേക്ക് വഴിതെളിക്കാനും ഇടയുണ്ട്. പഞ്ചായത്തുകളിലെ ജോലിയുടെ സ്വഭാവം പോലും മനസിലാക്കാൻ കഴിയുന്നതിനു മുമ്പാണ് പുതിയ സെക്രട്ടറിമാർ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് എത്തിപ്പെടുന്നത്. മുതിർന്ന അസി.സെക്രട്ടറിമാരുടെയോ സീനിയർ ക്ലാർക്കുമാരുടെയോ സഹായമില്ലാതെ ഇവർക്ക് കാര്യങ്ങൾ നിർവഹിക്കാൻ ബുദ്ധിമുട്ടാകും. സെക്രട്ടറിമാരില്ലാതിരുന്ന മിക്ക പഞ്ചായത്തുകളിലും ഇതുവരെ അസി.സെക്രട്ടറിമാർ തന്നെയാണ് ചുമതല വഹിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുപുറമേ പദ്ധതി നിർവഹണം, തൊഴിലുറപ്പ് പദ്ധതി, വിവരാവകാശം തുടങ്ങിയവയുടെ ഉത്തരവാദിത്വങ്ങളും ഇവർക്ക് കടുത്ത ജോലിഭാരം സൃഷ്ടിച്ചിരുന്നു. ഭരണസമിതികളുടെ കാലാവധി തീരാറായ സാഹചര്യത്തിൽ പദ്ധതികൾ പെട്ടെന്ന് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട സമ്മർദവും ഏറെയാണ്. പല പഞ്ചായത്തുകളിലും ഇതുവരെ മഴ മൂലം തുടങ്ങാൻ കഴിയാതിരുന്ന റോഡുകളുടെ റീടാറിംഗ് ജോലികൾ പെട്ടെന്ന് തുടങ്ങാൻ ഭരണസമിതി അംഗങ്ങളുടെ ഭാഗത്തുനിന്നുതന്നെ വലിയ സമ്മർദമുണ്ട്. തകർന്ന് താറുമാറായി കിടക്കുന്ന റോഡുകൾ തെരഞ്ഞെടുപ്പിനു മുമ്പ് നന്നാക്കാനായില്ലെങ്കിൽ അതുവഴി വോട്ടുചോദിച്ചുപോകാൻ തന്നെ ബുദ്ധിമുട്ടാകും. ഭവന നിർമാണ, പുനരുദ്ധാരണ പദ്ധതിൾക്ക് പണമനുവദിക്കുന്ന കാര്യത്തിലും സമ്മർദമേറെയാണ്. ചുമതലയേറ്റെടുക്കുന്ന പുതിയ സെക്രട്ടറിമാർക്ക് പെട്ടെന്നുതന്നെ ഇക്കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കേണ്ടിവരും. തൃക്കരിപ്പൂർ, ബെള്ളൂർ പഞ്ചായത്തുകളിൽ സ്ഥലംമാറ്റത്തിലൂടെ പുതിയ സെക്രട്ടറിമാരെ നിയമിച്ചിട്ടുണ്ടെങ്കിലും അവർ ചുമതലയേൽക്കാൻ വൈകുന്നത് പ്രതിസന്ധിയായിട്ടുണ്ട്. ബളാലിലും നിലവിലുള്ള സെക്രട്ടറി സ്ഥാനക്കയറ്റം ലഭിച്ച് പോവുകയാണ്. നീലേശ്വരം, കാസർഗോഡ് നഗരസഭകളിലും നിലവിലുള്ള സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ അഭാവവും ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളിലും കടുത്ത ജോലിഭാരവും സമ്മർദവുമുണ്ടാക്കുന്നുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
പാലിയേക്കരയിലെ ടോള്‍പിരിവ്: വിലക്ക് നീട്ടി
Kerala
2
നിർബന്ധിത മതപരിവർത്തന നിരോധന നിയമം; കേസുകളെല്ലാം സുപ്രീംകോടതിയിലേക്ക്
National
3
ഗാസയിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ
International
4
വിപണിയിൽ തിരിച്ചുവരവ്
Business
5
ഇന്ത്യന്‍ ടീമിന്റെ ജഴ്സി സ്പോണ്‍സര്‍ഷിപ്പ് അപ്പോളോ ടയേഴ്സിന്
Sports
ADVERTISEMENT
LATEST NEWS
യുകെ സന്ദർശത്തിന് ട്രംപും ഭാര്യയും ലണ്ടനിൽ
പതിനാറുകാരൻ പീഡനത്തിനിരയായ കേസ്; എഇഒ ഉള്‍പ്പെടെ ഒൻപതു പേരെ അറസ്റ്റു ചെയ്തു
ഗാസ പിടിക്കാൻ ഇസ്രയേലിന്റെ കരയാക്രമണം, മരണം 75, ഗാസയിൽ നടക്കുന്നത് വംശഹത്യയെന്ന് യുഎൻ
ബാറിൽ കയറി യുവാവിനെ ആക്രമിച്ച കേസ്: രണ്ട് പേർ പിടിയിൽ
ഏഷ്യാ കപ്പ് ടി20 മത്സരത്തില്‍ അഫ്ഗാനെ എട്ട് റണ്‍സിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Annual Report 2025
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD