കാസര്‍ഗോഡ്: ആറുവരിപ്പാതയാകുന്ന ദേശീയപാത മുറിച്ചുകടക്കാന്‍ ജില്ലയില്‍ പത്തിടങ്ങളില്‍ കൂടി അടിപ്പാതകള്‍ നിര്‍മിക്കാന്‍ തീരുമാനം. ഇതില്‍ ഒമ്പതെണ്ണം തലപ്പാടി-ചെങ്കള റീച്ചിലും ഒന്ന് ചെങ്കള-നീലേശ്വരം റീച്ചിലുമാണ്. നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ അടിപ്പാതകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
തലപ്പാടി-ചെങ്കള റീച്ചില്‍ പൊസോട്ട്, ഉദ്യാവര മാട, കുഞ്ചത്തൂര്‍, ഉപ്പള ഗേറ്റ്, നയാബസാര്‍, കൈക്കമ്പ, ഷിറിയ കുന്നില്‍, മൊഗ്രാല്‍പുത്തൂര്‍, സന്തോഷ് നഗര്‍, നായന്മാര്മൂല എന്നിവിടങ്ങളിലും ചെങ്കള-നീലേശ്വരം റീച്ചില്‍ പെരിയാട്ടടുക്കത്തുമാണ് പുതിയ അടിപ്പാതകള്‍ വരുന്നത്. ഇതോടെ തലപ്പാടി-ചെങ്കള റീച്ചിലെ അടിപ്പാതകളുടെ എണ്ണം ഇരുപതും ചെങ്കള-നീലേശ്വരം റീച്ചില്‍ പതിമൂന്നുമാകും. ഹൊസങ്കടി, ബന്ദിയോട് എന്നിവിടങ്ങളില്‍ അടിപ്പാതയ്ക്കു പകരം മേല്‍പ്പാത നിര്‍മിക്കാനും തീരുമാനമായിട്ടുണ്ട്.
ചെങ്കള-നീലേശ്വരം റീച്ചില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പടന്നക്കാട്, നീലേശ്വരം-തളിപ്പറമ്പ് റീച്ചില്‍ ചെറുവത്തൂര്‍ കൊവ്വല്‍, പിലിക്കോട് തീക്കുഴിച്ചാല് എന്നിവിടങ്ങളില്‍ അടിപ്പാതകള്‍ ആവശ്യപ്പെട്ട് സമരപരിപാടികള്‍ നടന്നിരുന്നു. എന്നാല്‍ ഈ റീച്ചുകളിലെ നിര്‍മാണ ചുമതല ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ പ്രാദേശികമായ ആവശ്യങ്ങളില്‍ ഇടപെടാന്‍ താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തലപ്പാടി-ചെങ്കള റീച്ചിലെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്കായതിനാല് മലയാളികളായ ഉദ്യോഗസ്ഥര്‍ മുഖേന ആവശ്യങ്ങള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നുണ്ട്.
മിക്കയിടങ്ങളിലും അടിപ്പാതകളെങ്കിലും നിര്‍മിച്ചില്ലെങ്കില്‍ ദേശീയപാതാ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നാട് രണ്ടായി വിഭജിക്കപ്പെടുമെന്ന നിലയാണ്. പാതയുടെ മറുവശത്തുള്ള സ്കൂളുകളിലും ആരാധനാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പോലും പോകാനാകാത്ത സ്ഥിതിയാകുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
തിരക്കേറിയ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ദേശീയപാതയില്‍ മണ്ണിട്ടുയര്‍ത്തി ഫ്ളൈ ഓവര്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധം കനക്കുകയാണ്. ഇതിനു പകരം സാധാരണ രീതിയില്‍ തൂണുകള്‍ സ്ഥാപിച്ച് ഫ്ളൈ ഓവര്‍ നിര്‍മിക്കുകയാണെങ്കില്‍ അതിന്റെ അടിയിലൂടെ ഇരുവശങ്ങളിലേക്കുമുള്ള സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടില്ലെന്ന് ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
ചില സ്ഥലങ്ങളില്‍ ദേശീയപാതയില്‍ നിര്‍മിക്കുന്ന കലുങ്കുകളെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്നുപോകാവുന്ന തരത്തില്‍ അടിപ്പാതകളായി പ്രയോജനപ്പെടുത്താമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
ഉള്‍നാടന്‍ ജലപാത വരുമ്പോള്‍ അതിന് തടസമാകാത്ത വിധത്തില്‍ നീലേശ്വരം, കാര്യങ്കോട് പാലങ്ങളുടെ ഉയരം കൂട്ടി നിര്‍മിക്കണമെന്ന ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ ആവശ്യവും ദേശീയപാത അഥോറിറ്റിക്ക് മുന്നിലെത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രിക്കു സമീപം നിര്‍ദിഷ്ട ജലപാതയുടെ കനാല്‍ കടന്നുപോകേണ്ട വഴിയില്‍ പാലം നിര്‍മിക്കണമെന്ന ആവശ്യവുമുണ്ട്.
തലപ്പാടിയില്‍ നിന്ന് തുടങ്ങി കുഞ്ചത്തൂര്‍ വരെ മൂന്നര കിലോമീറ്റര്‍ ദൂരം ആറുവരിപ്പാതയുടെ ആദ്യഘട്ട ടാറിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഇതേ മാതൃകയിലാകും ഇനി മുന്നോട്ട് ദേശീയപാതയുടെ നിര്‍മാണം നടക്കുക.