നീലേശ്വരം: കണ്ണൂർ-മംഗളുരു മെമു ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള റെയിൽവേയുടെ തീരുമാനത്തെ നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ സ്വാഗതം ചെയ്തു. ജനകീയ ഇടപെടലുകളുടെ ഫലമാണ് മെമു സർവീസ് അനുവദിച്ചു കിട്ടിയതെന്ന് ജനകീയ കൂട്ടായ്മ യോഗം അഭിപ്രായപ്പെട്ടു.
മെമു സർവീസിൽ അനുവദിക്കുന്നതിൽ കാസർഗോഡ് ജില്ലയോടുള്ള അവഗണനയ്ക്കെതിരേ നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടകളുടെ സഹകരണത്തോടെ ജനകീയ കൺവൻഷൻ, മെമു മണൽ ശില്പ നിർമാണം, മനുഷ്യ മെമു, ബൈക്ക് റാലി, സമൂഹ ചിത്രരചന, മിഡിൽ ബർത്ത് എന്ന പേരിൽ കവിയരങ്ങ് തുടങ്ങിയ നിരവധി സമര-പ്രതിഷേധ-പ്രചരണ പരിപാടികൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചിരുന്നു.
മെമു സർവീസ് നടത്തുന്നതിനു പുറമെ മെമു യാർഡ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യം കാസർഗോഡ് ജില്ലയിലെ നീലേശ്വരം കുമ്പള സ്റ്റേഷനുകളിൽ ലഭ്യമാണ്. മംഗലാപുരവും കണ്ണൂരും സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുമ്പോൾ റെയിൽവെയുടെ അധീനതയിൽ ഏക്കർ കണക്കിന് ഭൂമിയാണ് നീലേശ്വരത്തും കുമ്പളയിലും ഉള്ളത്. സ്ലീപ്പർ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിർമിച്ച നീലേശ്വരത്തെ റെയിൽവെ പാതകൾ ഉപയോഗിച്ചോ പുതിയ പാതകൾ നിർമിച്ചോ നീലേശ്വരം-മംഗലാപുരം, നീലേശ്വരം-കണ്ണൂർ മെമു ചെയിൻ സർവീസ് ആരംഭിക്കാൻ സാധ്യതകളേറെയാണ്. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് മെമു ഷട്ടിൽ സർവീസ് ആരംഭിച്ച് കാസർഗോഡ് ജില്ലയുടെ റെയിൽവെ വികസനത്തിന് ഇന്ത്യൻ റെയിൽവെ അധികൃതർ തയാറാകണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.
പ്രസിഡന്റ് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. സേതു ബങ്കളം, ടോംസൺ ടോം, ഗോപിനാഥൻ മുതിരക്കാൽ, എ.വി. പത്മനാഭൻ, എ. വിനോദ് കുമാർ, സി.വി. സുരേഷ് ബാബു, കെ. വിദ്യനായർ, മനോജ് പള്ളിക്കര, ടി.ഇ. സുധാമണി, പ്രഭൻ നീലേശ്വരം, ഷീജ ഇ. നായർ എന്നിവർ പ്രസംഗിച്ചു.
ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി. സുനിൽ രാജ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി. പ്രിയേഷ് കുമാർ നന്ദിയും പറഞ്ഞു. മെമു സർവീസ് അനുവദിക്കുന്നതിന് ശക്തമായ ഇടപെട്ട രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജനകീയ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത ജില്ലയിലെ സാമൂഹ്യ-സാംസ്കാരിക സംഘടനകൾ എന്നിവർക്ക് യോഗം നന്ദി അറിയിച്ചു.