ഭീമനടി: കുടുംബശ്രീ ജില്ലാമിഷന്റെയും വെസ്റ്റ് എളേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെസ്റ്റ് എളേരി ചട്ടമലയില്‍ നടന്ന 'ബ്ലീറ്റ് 2021' മലബാറി ഫെസ്റ്റ് ആടുചന്ത ശ്രദ്ധേയമായി.
11 ജെഎൽജികളുടെ 89 ആടുകളാണ് വിൽപനയ്ക്കായി എത്തിച്ചത്. മലബാറി, ബീറ്റൽ, ജമ്നാപ്യാരി, മലബാറി ക്രോസ് എന്നിവ ചന്തയുടെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു. 8,000 മുതൽ 30,000 രൂപ വരെയുള്ള ആടുകളുടെ പ്രദർശനം വേറിട്ടൊരു അനുഭവം നൽകി. 37 ആടുകളെ നേരിട്ട് വിറ്റഴിക്കാൻ സാധിച്ചപ്പോൾ ശേഷിക്കുന്ന ആടുകളെ ടോക്കൺ അഡ്വാൻസ് കൊടുത്ത് വിവിധ പദ്ധതികൾക്കായി ഗുണഭോക്താക്കൾക്ക് ബുക്ക് ചെയ്യാനും സാധിച്ചു.
3,98,500 രൂപയുടെ അധിക വരുമാനം കണ്ടെത്താൻ ബ്ലീറ്റ് 2021 മലബാറി ഫെസ്റ്റ് ആട് ചന്തയിൽ പങ്കെടുത്ത കുടുംബശ്രീ ജെഎൽ ജി അംഗങ്ങൾക്ക് സാധിച്ചു. ബ്ലീറ്റ് രണ്ടാംഘട്ട ആട് ചന്ത നവംബറിൽ കാറഡുക്ക ബ്ലോക്ക് പരിധിയിൽ നടക്കും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘടനം ചെയ്തു. ജില്ലാ മിഷന് കോ-ഒാര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അടുഗ്രാമം പദ്ധതി പ്രഖ്യാപനം നടത്തി. ആടുചന്തയുടെ വിതരണോദ്ഘാടനം ബാലന് മൗവ്വേനിക്കു ആടിനെ നല്കി വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന് നിര്‍വഹിച്ചു. കുടുംബശ്രീ എഡിഎംസി സി.എച്ച്. ഇക്ബാല്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മോളിക്കുട്ടി പോള്‍, സി.വി. അഖില, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ഡി. നാരായണി, അന്നമ്മ മാത്യു, വാര്‍ഡ് മെംബര്‍മാരായ ഓമന കുഞ്ഞിക്കണ്ണന്, എന്‍.വി. പ്രമോദ്, വെറ്റനറി സര്ജന് ജിബിന്‍, കൃഷി ഓഫീസര്‍ വി.വി. രാജീവന് എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ കെ.പി. ലക്ഷ്മി സ്വാഗതവും മെംബര്‍ സെക്രട്ടറി കെ.ജെ. പോള്‍ നന്ദിയും പ്രകാശിപ്പിച്ചു.
കുടുംബശ്രീ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ആടുകളെ വിറ്റഴിക്കാനും വാങ്ങിക്കാനുമുള്ള വേദിയായാണ് പരിപാടി ഒരുക്കിയത്. ഇടനിലക്കാരെ ഒഴിവാക്കി ആട് വളര്‍ത്തലിലൂടെ ഉപജീവനം നടത്തുന്ന വനിതാ കര്‍ഷകര്‍ക്ക് അവരുടെ ആടുകളെ വില്‍ക്കാനും കുടുംബശ്രീയുടെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ആടുകളെ വാങ്ങിക്കാനും തയാറാക്കിയ വിപുലമായ അവസരമാണ് ബ്ലീറ്റ് 2021.
ആടുഗ്രാമം പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ആടുകളെയാണ് വില്പനയ്ക്കായി എത്തിച്ചത്. മലബാറി, സങ്കരയിനം ആടുകളുടെ വിപണനം അടുത്ത മാസങ്ങളിലും നടത്തി ആട് കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഡിസംബറില്‍ സീസണ് ആരംഭിക്കുന്നതോടെ കൂടുതല്‍ ആടുകളുടെ വിപണനം സാധ്യമാകുമെന്നും ജില്ലാ മിഷന് കോ-ഓർഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആടുഗ്രാമം പദ്ധതിയിലൂടെ ജില്ലാ മിഷന് 44 യൂണിറ്റുകള്‍ക്ക് സബ്സിഡി അനുവദിച്ചിരുന്നു. നടപ്പ് വര്‍ഷത്തില്‍ ആടുഗ്രാമം, പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതികളിലൂടെ നൂറിലധികം യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കും.