വെ​ള്ള​രി​ക്കു​ണ്ടി​ല്‍ കൂ​ടു​ത​ല്‍ ചി​കി​ത്സാ സൗ​ക​ര്യ​വും ആം​ബു​ല​ന്‍​സു​ക​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Sunday, May 16, 2021 1:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി കൂ​ടു​ത​ല്‍ സം​വി​ധാ​ന​ങ്ങ​ളും മെ​ച്ച​പ്പെ​ട്ട ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
വെ​ള്ള​രി​ക്കു​ണ്ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണെ​ങ്കി​ലും ഇ​ത് കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റി​ല്ല. മ​ല​യോ​ര​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​ന്‍ 108 ആം​ബു​ല​ന്‍​സി​ന് അ​നു​മ​തി ന​ല്‍​കു​ക​യോ അ​ല്ലെ​ങ്കി​ല്‍ അ​ടി​യ​ന്ത​ര​മാ​യി മ​റ്റൊ​രു ആം​ബു​ല​ന്‍​സ് കൂ​ടി അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ 108 ആം​ബു​ല​ന്‍​സ് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ പി​ക്ക​പ്പ് ജീ​പ്പി​ല്‍ കൊ​ണ്ടു​പോ​കേ​ണ്ടി​വ​ന്ന അ​വ​സ്ഥ ഇ​നി​യും ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രെ​യോ മ​റ്റ് ജീ​വ​ന​ക്കാ​രെ​യോ ഇ​നി​യും അ​നു​വ​ദി​ച്ചി​ട്ടി​ല്ല. കോ​വി​ഡ് ചി​കി​ത്സ പോ​ലു​ള്ള അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​മി​ല്ല. പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​വി​ടേ​ക്ക് കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ല്‍ സ്‌​കൂ​ളു​ക​ളോ മ​റ്റു കെ​ട്ടി​ട​ങ്ങ​ളോ താ​ത്ക്കാ​ലി​ക​മാ​യി ഏ​റ്റെ​ടു​ത്ത് അ​വി​ടെ ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യം അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. ഇ​തി​നാ​യി സൗ​ജ​ന്യ​മാ​യി കെ​ട്ടി​ട​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കാ​ന്‍ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ന്ന​ദ്ധ​രാ​ണ്.

ഇ​പ്പോ​ള്‍ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രി​ല​ധി​ക​വും ഓ​വ​ര്‍ ടൈം ​ഡ്യൂ​ട്ടി ചെ​യ്താ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പോ​ലും കൃ​ത്യ​മാ​യി ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

വെ​ള്ള​രി​ക്കു​ണ്ട് ആ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ 24 മ​ണി​ക്കൂ​ര്‍ ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടൊ​പ്പം മ​ല​യോ​ര​ത്തെ ഏ​തെ​ങ്കി​ലും സ്‌​കൂ​ളു​ക​ളോ മ​റ്റു കെ​ട്ടി​ട​ങ്ങ​ളോ താ​ത്ക്കാ​ലി​ക​മാ​യി ഏ​റ്റെ​ടു​ത്ത് അ​വി​ടെ അ​ടി​യ​ന്ത​ര ചി​കി​ത്സാ സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ ആ​ശു​പ​ത്രി സം​വി​ധാ​നം സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.