ഏ​ണി​ച്ചാ​ല്‍ തോ​ട്ടി​ല്‍ വെ​ള്ളം​ക​യ​റി; നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു
Sunday, May 16, 2021 1:25 AM IST
പാ​ലാ​വ​യ​ല്‍: പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല്‍​ക്കേ ക​ന​ത്ത മ​ഴ​യി​ല്‍ ഏ​ണി​ച്ചാ​ല്‍ തോ​ട്ടി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ തൊ​ട്ട​ടു​ത്ത ടൗ​ണാ​യ പാ​ലാ​വ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​വാ​തെ ദു​രി​ത​ത്തി​ലാ​യി.

ചെ​റു​വ​ത്തൂ​ര്‍-​ചീ​മേ​നി-​ഓ​ട​ക്കൊ​ല്ലി പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ണി​ച്ചാ​ല്‍ തോ​ടി​ന് കു​റു​കെ പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി പ​ഴ​യ​പാ​ലം പൊ​ളി​ച്ചു​നീ​ക്കി​യ​പ്പോ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് മ​റു​ക​ര ക​ട​ക്കാ​ന്‍ താ​ത്ക്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഒ​രു​ക്കാ​തി​രു​ന്ന​താ​ണ് ദു​രി​ത​മാ​യി മാ​റി​യ​ത്. 1986-ല്‍ ​നി​ര്‍​മി​ച്ച പ​ഴ​യ പാ​ല​ത്തി​ല്‍ വ​ര്‍​ഷ​കാ​ല​ത്ത് വെ​ള്ളം​ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 3.60 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ഇ​വി​ടെ പാ​ലം നി​ര്‍​മി​ക്കാ​ന്‍ അ​നു​മ​തി​യാ​യ​ത്.

പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ഏ​താ​നും തു​ണു​ക​ള്‍​ക്കാ​വ​ശ്യ​മാ​യ പൈ​ലിം​ഗ് പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​ത്. തോ​ട്ടി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ ഇ​തു​വ​ഴി കാ​ല്‍​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​താ​യി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ നി​ര​ത്തും​ത​ട്ട്, ഏ​ണി​ച്ചാ​ല്‍, തോ​ട്ട​യം​ചാ​ല്‍, ക​ണ്ണി​വ​യ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് പാ​ലാ​വ​യ​ല്‍, പു​ളി​ങ്ങോം ടൗ​ണു​ക​ളു​മാ​യും പാ​ലാ​വ​യ​ല്‍, ഓ​ട​ക്കൊ​ല്ലി, ചാ​വ​റ​ഗി​രി, മെ​യ്യ​ല്‍, മ​ലാ​ങ്ക​ട​വ് ഭാ​ഗ​ത്തു​ള്ള​വ​ര്‍​ക്ക് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ ചി​റ്റാ​രി​ക്കാ​ലി​ലും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി.

വാ​ഹ​ന ഗ​താ​ഗ​തം സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ലും കാ​ല്‍​ന​ട​യാ​ത്ര​ക്കു​ള്ള താ​ത്ക്കാ​ലി​ക സം​വി​ധാ​ന​മെ​ങ്കി​ലും ഒ​രു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മ​ഴ​ക്കാ​ല​മെ​ത്താ​റാ​യി​ട്ടും ഏ​ണി​ച്ചാ​ലി​ല്‍ പാ​ലം​പ​ണി ഇ​ഴ​യു​ന്ന​ത് ക​ടു​ത്ത യാ​ത്രാ​ദു​രി​ത​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തേ ദീ​പി​ക വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.