റെയിൽവേയുടെ തലതിരിഞ്ഞ തീരുമാനങ്ങൾ യാത്രക്കാരെ അകറ്റുന്നു: എൻഎംആർപിസി
1483281
Saturday, November 30, 2024 5:56 AM IST
കണ്ണൂർ: റെയിൽവേ പാലക്കാട് ഡിവിഷന്റെ തലതിരിഞ്ഞ പല തീരുമാനങ്ങളും യാത്രക്കാരെ ട്രെയിനുകളിൽനിന്ന് അകറ്റുകയാണെന്ന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ റഷീദ് കവ്വായി. ഡിവിഷൻ ലാഭകരമാക്കാൻ വേണ്ടി കൊമേഴ്സ്യൽ വിഭാഗമെടുക്കുന്ന പല തീരുമാനങ്ങളും ജനദ്രോഹവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് അദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.
പയ്യന്നൂർ, തലശേരി റെയിൽവേ സ്റ്റേഷനുകളിലെ റെയിൽവേയുടെ ജനറൽ ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. ഡിവിഷൻ ലാഭത്തിലാണെന്ന് വരുത്തിവയ്ക്കാൻ ജീവനക്കാരെ ഒഴിവാക്കുന്ന രീതിയാണ് റെയിൽവേ പിന്തുടരുന്നത്. കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട എടിവിഎമ്മിലൂടെ മാത്രമാണ് ഇപ്പോൾ ജനറൽ ടിക്കറ്റുകൾ കൊടുക്കുന്നത്. എടിവിഎം മെഷീൻ പ്രവർത്തിപ്പിക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രമാണ് ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്.
പയ്യന്നൂരും തലശേരിയിലുമുള്ള സീസൺ ടിക്കറ്റ് യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാൻ പറ്റാത്ത സാഹചര്യമാണ്. കണ്ണൂരിനും മംഗളൂരുവിനും ഇടയിലുള്ള യാത്രാദുരിതം ഓരോ ദിവസം കഴിയുമ്പോഴും കൂടി വരികയാണ്. കണ്ണൂർ-ഷൊർണൂർ ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്തുന്നത് എൻഎംആർപിസിക്ക് സ്വാഗതാർഹമാണ്.
കണ്ണൂർ-കാസർഗോഡ് മേഖലയിലെ യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ വേണം. ഡി - റിസർവ്ഡ് കോച്ചുകളുടെ എണ്ണം കണ്ണൂരിനും മംഗലാപുരത്തിനും ഇടയിൽ പല വണ്ടികളിലും ഇല്ല. ഇത് കടുത്ത അനീതിയാണ്. കണ്ണൂർ റെയിൽവേ മുത്തപ്പൻ മടപ്പുരയ്ക്ക് കോട്ടംതട്ടുന്ന രീതിയിലുള്ള നിർമാണ പ്രവർത്തിയിൽ നിന്ന് റെയിൽവേ പിന്തിരിയണം. റെയിൽവേയുടെ സഹായത്തോടെ നടത്തുന്ന റെയിൽ വേ സ്റ്റേഷനുകളിൽ ഹോട്ടലുകളിൽ ഭക്ഷ്യവസ്തുക്കൾക്ക് കൊള്ളവിലയാണ് ഈടാക്കാക്കുന്നത്. ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 18 പേർക്ക് പേപ്പട്ടി കടിച്ചതിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേയ്ക്കാണ്. പട്ടികടിച്ചവരെ ചികിത്സിക്കാനുള്ള ഉത്തരവാദിത്വം റെയിവേയ്ക്കാണ്. റെയിവേയുടെ അനാസ്ഥയ്ക്കെതിരേ ഇന്ന് വൈകുന്നേരം 4:30 ന് വടിയെടുത്ത് പ്രതിഷേധിക്കും. പാലക്കാട് ഡിവിഷൻ മലബാറിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരേ 14 ന് സഫെയർ ടൂറിസ്റ്റ് ഹോമിൽ അസോസിയേഷൻ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും റഷീദ് കവ്വായി പറഞ്ഞു. പത്രസമ്മേളനത്തിൽ ദിനു മൊട്ടമ്മൽ, ആർട്ടിസ്റ്റ് ശശികല, കെ. ജയകുമാർ,പി. വിജിത്ത്കുമാർ എന്നിവരും പങ്കെടുത്തു.