പുതിയ ലോ കോളജ് : മൊറട്ടോറിയം നീക്കുന്നതിന് സർക്കാരിനെ സമീപിക്കാൻ കണ്ണൂർ സർവകലാശാല
1483279
Saturday, November 30, 2024 5:56 AM IST
കണ്ണൂർ: പുതിയ ലോ കോളജുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ബാർ കൗൺസിൽ ഓഫ് കേരള നിർദേശിച്ച മൊറട്ടോറിയം മലബാർ മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ ചേർന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
സർവകലാശാലയുടെ തലശേരി ഡോ. ജാനകി അമ്മാൾ കാമ്പസിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എംസിഎ പ്രോഗ്രാം തുടങ്ങുന്നതിനായി സമർപ്പിച്ച പ്രൊപ്പോസൽ യോഗം അംഗീകരിച്ചു. സർവകലാശാല ഡിപ്പാർട്ട്മെന്റുകളിലെ ഗവേഷകർക്കുള്ള സർവകലാശാല ജൂണിയർ റിസർച്ച് ഫെലോഷിപ്പ് 10,000 രൂപയിൽ നിന്നും 20,000 രൂപയായി വർധിപ്പിക്കാനും കണ്ണൂർ സർവകലാശാലയും മെക്സിക്കോയിലെ യൂണിവേഴ്സി ഡാഡ് ഓട്ടോണോമ ഡി കോഹുയിലയും (UAdeC) തമ്മിൽ ധാരണാപത്രം ഒപ്പുവയ്ക്കാനും മെക്സിക്കോയിലെ അന്റോണിയോ നാരോ കാർഷിക സർവകലാശാലയുമായി (UAAAN) അക്കാഡമിക്, ശാസ്ത്ര, സാംസ്കാരിക മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാനും തീരുമാനിച്ചു.
അഹമ്മദാബാദിലെ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി (EDII) ധാരണാപത്രം ഒപ്പിടാനും സംയുക്തമായി കോഴ്സുകൾ നടത്താനും സർവകലാശാല സ്പോർട്സ് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യാനും ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സ്വപ്നഭവനം പദ്ധതിയുടെ ധാരണാപത്രം പുതുക്കാനും യോഗം തീരുമാനിച്ചു.
ഗവേഷണ കണ്ടെത്തലുകൾക്ക് ഇന്ത്യ ഗവൺമെന്റ് പേറ്റന്റ് കരസ്ഥമാക്കിയ സർവകലാശാലയിലെ ഐടി വിഭാഗം തലവൻ ഡോ. എൻ.എസ്. ശ്രീകാന്ത്, പരിസ്ഥിതി പഠനവകുപ്പിലെ ഡോ. പ്രദീപൻ പെരിയാട്ട് എന്നിവരെ യോഗം അഭിനന്ദിച്ചു.