ഹോമിയോപ്പതിയുടെ പിതാവ് ഡോ. ഹാനിമാന്റെ ജീവിതം വേദിയിൽ അവതരിപ്പിച്ച് ജർമൻ ഡോക്ടർ
1483278
Saturday, November 30, 2024 5:56 AM IST
കണ്ണൂർ: ഹോമിയോപ്പതി ചികിത്സയുടെ പിതാവ് ഡോ. സാമുവൽ ഹാനിമാന്റെ ജീവിതത്തിലെ സന്ദർഭങ്ങൾ ഏകപാത്ര നാടകത്തിലൂടെ അവതരിപ്പിച്ച് ജർമനിയിൽ നിന്നുള്ള ഹോമിയോ ഡോക്ടർ ആൻഡ്രിയാസ് യുംഗ്. ജർമനിയിലെ ഇന്റർനാഷണൽ ഹാനിമാൻ സെന്ററിൽ നിന്ന് ഇന്ത്യയിൽ പര്യടനം നടത്തുന്ന ഡോക്ടർമാരുടെ സംഘത്തിലെ അംഗമായ ആൻഡ്രിയാസ യുംഗ് ലോകപ്രശസ്ത ഏകകഥാപാത്ര നാടക നടനും സംവിധായകനും കൂടിയാണ്. ഇന്ത്യയിലെ പര്യടനത്തിന്റെ ഭാഗമായി കേരളത്തിലെ ഹോമിയോപ്പതി ചികിത്സാ മേഖല നേടിയെ നേട്ടങ്ങളെ കുറിച്ചറിയാനും പഠിക്കാനുമായാണ് സംഘം കേരളത്തിലെത്തിയത്.
ജർമൻ സംഘത്തിന് ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ബ്ലൂ നൈൽ ഹോട്ടലിൽ നൽകിയ സ്വീകരണ പരിപാടിയാലാണ് ഡോ. ആൻഡ്രിയാസ് യുംഗ് ഏകപാത്ര നാടകം അവതരിപ്പിച്ചത്. 1792ൽ ഡോ.സാമുവൽ ഹാനിമാൻ ആദ്യമായി ഹോമിയോപ്പതി മരുന്ന് ഉപയോഗിച്ച് ഒരു മാനസിക രോഗിയെ ചികിത്സിച്ച സംഭവം പ്രമേയമാക്കിയുള്ള "ദ ക്ലോക്കൻബ്രിംഗ് കേസ്" എന്ന നാടകമാണ് അവതരിപ്പിച്ചത്. ഡോ. ഹാനിമാനായും ക്ലോക്കൻബ്രിംഗ് എന്ന മാനസിക രോഗിയായും ആൻഡ്രിയാസ് യുംഗ് വേദിയിൽ നിറഞ്ഞാടുകയായിരുന്നു.
സ്വീകരണ ചടങ്ങ് കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. ഡോ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ ഹാനിമാൻ സെന്റർ പ്രസിഡന്റ് കരോള ഷൂറൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി ഡോ.ജിംറീസ് സാദിക്ക്, ഡോ.ഹരി വിശ്വജിത്ത്, ഡോ. നിതുൻ ബാലനാരായണൻ, ഡോ. സുധീർ എളമ്പിലാൻ , ഡോ. വി.സുദിൻ കുമാർ, ഡോ. രാജേഷ് കുമാർ, ഡോ. വൈശാഖ് രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.