കാട്ടുപന്നികൾ വാഴത്തൈകൾ നശിപ്പിച്ചു
1483275
Saturday, November 30, 2024 5:56 AM IST
ചെറുപുഴ: കാട്ടുപന്നികൾ നേന്ത്രവാഴത്തൈകൾ നശിപ്പിച്ചു. ചെറുപുഴ കൊല്ലാടയിലെ അഞ്ചിലത്ത് സുലൈമാന്റെ രണ്ട് ഏക്കര്‍ സ്ഥലത്ത് വാഴ, പച്ചക്കറി, കമുക്, തെങ്ങ് തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. സുലൈമാൻ നട്ട 300 നേന്ത്രവാഴകളിൽ പല പ്രാവശ്യമായി കാട്ടുപന്നിക്കൂട്ടം 200ലേറെ വാഴകൾ നശിപ്പിച്ചു.
കാട്ടുപന്നികളെ പ്രതിരോധിക്കാൻ സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ മാർഗങ്ങളും പരീക്ഷിച്ചെന്ന് സുലൈമാൻ പറഞ്ഞു. ഇതിനായി നല്ലൊരു തുക ചെലവഴിച്ചു. ഇതും നഷ്ടമായി. പന്നിയെ കുടുക്കാനായി എട്ടു കുഴികൾ കുഴിച്ചു. ഇതിനായി മാത്രം എട്ടായിരം രൂപ ചെലവായി. വൈദ്യുത വിളക്കുകൾ സ്ഥാപിക്കുകയും, രാത്രി മുഴുവൻ പാട്ടുവയ്ക്കുകയും, രൂക്ഷഗന്ധമുള്ള മരുന്നുകൾ സ്പ്രേ ചെയ്യുകയും ചെയ്തു.
എന്നാൽ, ഇതെല്ലാം കുറച്ച് ദിവസത്തേയ്ക്ക് മാത്രമേ ഉപകരിച്ചുള്ളൂ. ഇതിനായി മുടക്കിയ തുകയും നഷ്ടമായി. എന്തെല്ലാം പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാലും വളരെ കുറച്ച് ദിവസങ്ങളിൽ കാട്ടുപന്നികളുടെ ശല്യം ഉണ്ടാകില്ല. ഈ പ്രതിരോധ മാർഗങ്ങൾ കടന്ന് വീണ്ടും കാട്ടുപന്നികൾ എത്തുമെന്ന് സ്ഥലം സന്ദർശിച്ച ചെറുപുഴ കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേഷ് കുറ്റൂർ പറഞ്ഞു.
കാട്ടുപന്നി ശല്യത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ ദിവസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍മാരെ നിയോഗിച്ച് കൊല്ലാടയിലും പരിസരങ്ങളിലും പന്നിവേട്ട നടത്തിയിരുന്നു. അന്ന് ഒരു പന്നിയെ മാത്രമാണ് ഇവിടെ നിന്നും കൊല്ലാനായത്.