കണ്ണൂർ സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷൻ ധർണ നടത്തി
1483274
Saturday, November 30, 2024 5:56 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റും സർക്കാരും നടത്തുന്ന രാഷ്ട്രീയ പ്രേരിത, തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് യോഗത്തിനു മുന്നിൽ കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ധർണ നടത്തി. കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി.ഒ. മോഹനൻ ധർണ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ ഭരണകാലത്ത് യോഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനവും സർക്കാരും ഗവർണറും തമ്മിലുള്ള ചക്കളത്തി പോരാട്ടവും കേരളത്തിലെ സർവകലാശാലകളുടെ അക്കാദമിക നിലവാരം താറുമാറാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുന്നതിനുമാത്രമായി രൂപീകരിച്ച ഫണ്ട് വകമാറ്റാനുള്ള സിൻഡിക്കേറ്റ് തീരുമാനം പിൻവലിക്കുക, അപ്രായോഗിക ആർടിസി ഉത്തരവ് പിൻവലിക്കുക, ജീവനക്കാരുമായി ചർച്ച ചെയ്യാതെ നടപ്പാക്കിയ ട്രാൻസ്ഫർ വ്യവസ്ഥകൾ പിൻവലിക്കുക, എംകെസിഎൽ എന്ന കമ്പനിക്ക് വിദ്യാർഥികളുടെ ഡേറ്റ നിയമവിരുദ്ധമായി കൈമാറിയ നടപടിയെക്കുറിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്.
ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ ചാലിൽ, കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.ഒ. പ്രിയ, കെ.എം. സിറാജ്, ടി.പി. അശ്വതി എന്നിവർ ധർണയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.