സ്കൂളുകൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു
1483270
Saturday, November 30, 2024 5:56 AM IST
ഉളിക്കൽ: പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്കൂളുകൾക്കും പച്ചക്കറിത്തൈകളും ജൈവ വളവും നൽകുന്ന വാർഷിക പദ്ധതിക്ക് തുടക്കമായി. കാർഷികമേഖലയിലെ പഞ്ചായത്തിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് അച്യുത മേനോൻ പുരസ്കാരത്തിൽ കണ്ണൂർ ജില്ലയിലെ രണ്ടാം സ്ഥാനം ഉളിക്കൽ പഞ്ചായത്തിനായിരുന്നു.
പദ്ധതിയുടെ ഭാഗമായി നൽകുന്ന തൈകൾ സ്കൂളുകളിൽ പിടിഎയുടെയും കുട്ടികളുടെയും സഹായത്തോടെ നട്ടുപിടിപ്പിക്കും. തൈകൾ ഉളിക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കാർഷിക നഴ്സറിയിലാണ് ഉത്പാദിപ്പിച്ചത്. ഓരോ സ്കൂളിനും 500 ഓളം വിവിധ ഇനം തൈകളും 50 കിലോയോളം ജൈവ വളവുമാണ് നൽകുക. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മാട്ടറ കാരീസ് യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി നിർവഹിച്ചു.
മാട്ടറ വാർഡ് അംഗം സരുൺ തോമസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ് ഇലവുംകുന്നേൽ, കൃഷി അസിസ്റ്റന്റുമാരായ ഹരീന്ദ്രനാഥ്, ആന്മരിയ, പിടിഎ പ്രസിഡന്റ് പങ്കജാക്ഷൻ കുറ്റിയാനിക്കൽ, സി.വി. ശ്രീഷ, മുഖ്യാധ്യാപിക ഇ.ജെ. തങ്കമ്മ, അഞ്ജന സാഗർ എന്നിവർ പ്രസംഗിച്ചു.