ആറളം ഫാമിലെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണും: പട്ടികജാതി-ഗോത്രവർഗ കമ്മീഷൻ
1483049
Friday, November 29, 2024 7:22 AM IST
കണ്ണൂർ: ആറളം ഫാം പുനരധിവാസ മേഖലയിലുള്ളവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് ചെയർമാൻ ശേഖരൻ മിനിയോടൻ. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരധിവാസം, ഭവന നിർമാണ പദ്ധതികൾ, കുടിവെള്ള പ്രശ്നം, തൊഴിൽ സാഹചര്യങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ- വനിതാ ശിശു വികസന മേഖല, ക്രമസമാധാനം, എക്സൈസ്, വനമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയക്ക് പരിഹാരം കാണാൻ വിവിധ വകുപ്പുകൾക്ക് കമ്മീഷൻ നിർദേശം നൽകി.
കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കൽ, ആംബുലൻസ് സേവനം മുഴുവൻ സമയവും ലഭ്യമാക്കൽ, അങ്കണവാടിയുടെയും സ്കൂളുകളുടെയും പ്രവർത്തനങ്ങളിൽ ഇടപെടലുകൾ, ലഹരി പദാർഥങ്ങളുടെ ഉപയോഗം തടയൽ, തൊഴിലാളികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ പ്രത്യേക പദ്ധതി, കുഴൽ കിണറുകളുടെ സാധ്യത പരിശോധന എന്നിവ സംബന്ധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ ചെയർമാൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചു. ആറളം ഫാമിലെ വിവിധ തൊഴിൽ ഇടങ്ങളും ഉന്നതികളും കമ്മീഷൻ സന്ദർശിച്ചു. ആറളം ഫാമിൽ നടത്തിയ പ്രത്യേക അദാലത്തിൽ പരിഗണിച്ച 10 കേസുകളിൽ ഒന്‍പതെണ്ണം തീർപ്പാക്കി.
കമ്മീഷൻ അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ വാസു, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, റൂറൽ എസ്പി അനൂജ് പലിവാൾ, പട്ടികജാതി പട്ടിക ഗോത്രവർഗ ഡപ്യൂട്ടി ഡയറക്ടർ ഷുമിൻ എസ്. ബാബു, ഐടിഡിപി പ്രോജക്ട് ഓഫീസർ വിനോദ്കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.