തെരുവുനായകൾ പെരുകാൻ കാരണം നിയമത്തിലെ നൂലാമാലകളും തദ്ദേശസ്ഥാപനങ്ങളുടെ നിലപാടും
1483048
Friday, November 29, 2024 7:22 AM IST
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ വലിയതോതിൽ ജനങ്ങളെത്തുന്ന കേന്ദ്രങ്ങളിലടക്കം തെരുവുനായകൾ ഭീഷണിയാകുന്നതിന് കാരണം കോർപറേഷന്റെ നിരുത്തരവാദപരമായ നിലപാടുകളെന്ന് ആക്ഷേപം. തെരുവുനായ നിയന്ത്രണ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാൻ കോർപറേഷനും നേരത്തെയുള്ള മുനിസിപ്പാലിറ്റിയും തയാറാകാത്തതിന്റെ ഫലമാണ് തെരുവുനായ ശല്യം രൂക്ഷമാകാൻ ഇടയാക്കിയതെന്നാണ് പ്രധാന ആരോപണം.
കോർപറേഷൻ തെരുവുനായ നിയന്ത്രണത്തിനുള്ള എബിസി പദ്ധതി ഉൾപ്പെടെയുള്ള പ്രോജക്ടുകൾ ഒന്നും തന്നെ ഇതുവരെ തയാറാക്കുകയോ ബന്ധപ്പെട്ട വകുപ്പിന് സമർപ്പിക്കുകയോ ചെയ്തിട്ടില്ല. തെരുവുനായ നിയന്ത്രണത്തിനുള്ള പദ്ധതികൾ തയാറാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് ഉണ്ട്. എന്നാൽ, ഇക്കാര്യത്തിൽ നടപടികളുണ്ടാകുന്നില്ല. ഉത്തരവിൽ തെരുവുനായകളെ പിടികൂടി പുനരധിവസിപ്പിക്കാൻ ഷെൽട്ടറുകൾ നിർമിക്കുക, എബിസി സെന്ററുകൾ എന്നിവ സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങളുണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ താത്പര്യമില്ലായ്മ കാരണം ഇവയെല്ലാം ഉത്തരവിൽ മാത്രം ഒതുങ്ങുകയാണ്.
പേ വിഷ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുക മാത്രമാണ് പേ വിഷ ബാധ തടയാനുള്ള മാർഗം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പദ്ധതികൾ ആരംഭിച്ചിരുന്നെങ്കിലും ഒരിടത്തും സന്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാനായിട്ടില്ല.
കേന്ദ്രസർക്കാർ നിയമങ്ങളും ഒരു പരിധിവരെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. നേരത്തെ തെരുവുനായകളെ പിടികൂടി കൊന്നിരുന്നെങ്കിലും മൃഗസ്നേഹികളുടെ പ്രക്ഷോഭത്തെ തുടർന്ന് കൊല്ലുന്നത് കേന്ദ്രസർക്കാർ നിയമം മൂലം നിരോധിച്ചു. നായകളെ പിടികൂടി വന്ധ്യംകരണം നടത്തൽ മാത്രമാണ് ഇവയുടെ പെരുപ്പം തടയാനുള്ള ഏകമാർഗം. വന്ധ്യംകരണത്തിനായി തെരുവ് നായകളെ പിടികൂടി ശസ്ത്രക്രിയയക്ക് വിധേയമാക്കിയശേഷം ആവശ്യമായ ചികിത്സ ലഭ്യമാക്കി അവയെ പിടികൂടിയ സ്ഥലത്ത് തന്നെ തിരിച്ച വിടണമെന്നാണ് നിയമം അനുശാസിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത് വലിയ സാന്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനാൽ പലയിടത്തും ഇതിനോട് വിമുഖത കാട്ടുകയാണ്. വന്ധ്യംകരണത്തിലൂടെ ജനന നിയന്ത്രണം സാധ്യമാക്കാമെങ്കിലും നായകളുടെ അക്രമണ സ്വഭാവം ഇല്ലാതാക്കാനാവില്ലെന്നതും ജനങ്ങൾക്ക് തുടർ ഭീഷണിയാകുന്നുണ്ട്.
സർക്കാർ ഇടപെടണമെന്ന് കോർപറേഷൻ
തെരുവുനായകളെ നിയന്ത്രിക്കാൻ കോർപറേഷന് തനിച്ച് പദ്ധതികൾ നടത്താനാവാത്ത അവസ്ഥയാണെന്നും സർക്കാർ തന്നെ ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും ഡപ്യൂട്ടി മേയർ പി. ഇന്ദിര പറഞ്ഞു. സർക്കാർ സംവിധാനത്തിൽ ജില്ലയിലെവിടെയും തെരുവുനായകളെ പുനരധിവസിപ്പിക്കാനുള്ള ഷെൽട്ടറുകളില്ല. കോർപറേഷന് ഇതിനായി പ്രത്യേക ഫണ്ട് വിനിയോഗിക്കാനും കഴിയാത്ത സാഹചര്യമാണ്. തെരുവ് നായകളെ പിടികൂടി വന്ധ്യംകരണം നടത്താൻ നായ പിടിത്തത്തിന് ആളെ കിട്ടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പധികൃതരുമായുള്ള യോഗം വിളിച്ചു ചേർത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഡപ്യൂട്ടി മേയർ പറഞ്ഞു.