ജെസിബിക്കു നേരെ കാട്ടാനയുടെ പരാക്രമം
1483046
Friday, November 29, 2024 7:22 AM IST
ഇരിട്ടി: ആറളം ഫാർമിംഗ് കോർപറേഷൻ ബ്ലോക്ക് രണ്ടിൽ റോഡ് വെട്ടിത്തെളിച്ചുകൊണ്ടിരുന്ന ജെസിബിക്കു നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. രണ്ട് ആനകൾ പാഞ്ഞടുത്തതോടെ ജെസിബി പിന്നോട്ട് എടുത്തെങ്കിലും അര കിലോമീറ്ററോളം ആനകൾ പിന്തുടർന്നു.
ജെസിബി ഓപ്പറേറ്റർമാരായ സജീവും സിജുവും അത്ഭുതകരമായാണ് രക്ഷപെട്ടത്. സാധാരണ ജെസിബിയുടെ ശബ്ദം കേട്ടാൽ ആനകൾ പിന്തിരിയുകയാണ് പതിവെങ്കിലും കഴിഞ്ഞ രണ്ട് ആഴ്ചയായി ഈ മേഖലയിൽ കാട്ടാനകൾ അക്രമ സ്വാഭാവം കാണിക്കുന്നതായാണ് തൊഴിലാളികൾ പറയുന്നത്. ബ്ലോക്ക് ഒന്നിലും രണ്ടിലുമായി കഴിഞ്ഞ ദിവസം 65 ഓളം തെങ്ങുകൾ കാട്ടാന നശിപ്പിച്ചിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘമെത്തി കാട്ടാനയെ തുരത്തുന്ന നടപടികൾ ആരംഭിച്ചു.