കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്
1483045
Friday, November 29, 2024 7:22 AM IST
കൂത്തുപറമ്പ്: കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക്. വിദ്യാർഥികളുടെ യാത്ര സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ പണിമുടക്ക് തുടങ്ങിയത്. മിന്നൽ പണിമുടക്കിൽ നിരവധി യാത്രക്കാർ ദുരിതത്തിലായി.
കൂത്തുപറമ്പ് സ്റ്റാൻഡിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസിൽ വിദ്യാർഥികളെ കയറ്റാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് കണ്ണൂർ ഭാഗത്തേക്ക് പോകാനിരിക്കുന്ന മറ്റുബസുകളിലേക്ക് വിദ്യാർഥികളെ ആദ്യം തന്നെ ബസിൽ കയറ്റിയതോടെ സ്വകാര്യബസ് ജീവനക്കാരും ഹോം ഗാർഡും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയായിരുന്നു.
തുടർന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കി. ബസ് സ്റ്റാൻഡിൽ നിന്നും ബസ് പുറപ്പെടാറാവുമ്പോഴാണ് നിലവിൽ വിദ്യാർഥികളെ ബസിൽ കയറ്റാറുള്ളതെന്നും ഒരിക്കലും വിദ്യാർഥികളെ കയറ്റാതെ സർവീസ് നടത്താറില്ലെന്നും ബസ് ജീവനക്കാർ പറഞ്ഞു. എന്നാൽ, ഹോംഗാർഡ് ആദ്യം തന്നെ ബസിൽ വിദ്യാർഥികളെ കയറ്റിയിരുത്തിയതാണ് മിന്നൽ പണിമുടക്കിനിടയാക്കിയതെന്ന് സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞു.
കൂത്തുപറമ്പ് പോലീസും സ്ഥലത്ത് എത്തിയിരുന്നു. സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് കാരണം നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകളും കെഎസ്ആർടിസി ബസുകളുമാണ് യാത്രക്കാർക്ക് തുണയായത്.